ജിദ്ദ: സൗദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ നിത്യ നിദ്രയിലാണ്ടപ്പോള്‍, രാജ്യം മുഴുവന്‍ കണ്ണീരിലാണ്ടു. ലണ്ടനില്‍ വെച്ചുണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെയായി അബോധാവസ്ഥയില്‍ തുടരുന്ന സൗദി രാജകുമാരനല്‍ വലീദ് ബിന്‍ ഖാലിദ് അല്‍ സൗദ് തന്റെ മുപ്പത്തിയാറാം വയസ്സില്‍ അന്തരിച്ചു.

2005 ല്‍ വെറും 15 വയസ്സുള്ളപ്പോള്‍ സംഭവിച്ച അതി ഭീകര അപകടത്തില്‍ മസ്തിഷ്‌ക്കത്തിന് വളരെ ഗുരുതരമായ പരിക്കുകളാണ് ഏറ്റിരുന്നത്. അതിനെ തുടര്‍ന്ന് 'ഉറങ്ങുന്ന രാജകുമാരന്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയ രാജകുമാരന്‍ പിന്നെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ആ ജീവിതത്തില്‍ പിന്നീട് ഒരിക്കലും ബോധം തിരിച്ചുവന്നില്ല.

അല്‍ വഹീദ് രാജകുമാരന്റെ പിതാവായ ഖാലീദ് ബിന്‍ തലാല്‍ അല്‍സൗദ് ആണ് മരണ വിവരം ഹൃദയസ്പര്‍ശിയായ ഒരു എക്സ് പോസ്റ്റിലൂടെ ഇന്നലെ ലോകത്തെ അറിയിച്ചത്. ദൈവത്തോടൊപ്പം കൂടിച്ചേരട്ടെ എന്നാശംസിച്ചുകൊണ്ടാണ് അദ്ദേഹം മരണ വിവരം പുറത്തു വിട്ടത്.ലണ്ടനിലെ ഒരു മിലിറ്ററി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അല്‍ വഹീദ് രാജകുമാരന്‍ കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തിനു ശേഷം അദ്ദേഹത്തെ സൗദി അറേബ്യ തലസ്ഥാനമായ റിയാദിലെ കിംഗ് അബ്ദുള്ളസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തികഞ്ഞ അബോധാവസ്ഥയിലായിരുന്നു രാജകുമാരന്‍ അവിടെ കഴിഞ്ഞിരുന്നത്.

ബിസിനസ്സ് പ്രമുഖന്‍ അല്‍ വഹീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുള്ളസീസ് അല്‍ സൗദിന്റെ സഹോദരന്‍ കൂടിയായ അല്‍ വഹീദ് രാജകുമാരന്റെ പിതാവ് പക്ഷെ ഒരുനാള്‍ തന്റെ മകന്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തും എന്ന് തന്നെയായിരുന്നു ഉറച്ച് വിശ്വസിച്ചിരുന്നത്. രാജകുമാരനെ ചികിത്സിക്കുന്നതിനായി ഏറെ സമയം ചെലവഴിച്ചിരുന്ന അദ്ദേഹം ജീവന്‍ രക്ഷോപാധികള്‍ എടുത്തുമാറ്റുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2020 ല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ രാജകുമാരന്റെ നില ഏറെ മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഒരു സ്ത്രീയുടെ നിര്‍ദ്ദേശമനുസരിച്ച് അദ്ദേഹം വിരലുകള്‍ അനക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്.

ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടായിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തന്നെയായിരുന്നു രാജകുമാരന്‍. രാജകുമാരന്റെ അന്ത്യ കര്‍മ്മങ്ങള്‍ റിയാദിലെ ഇമാം തുര്‍ക്കി ബി അബ്ദുള്ള മോസ്‌കില്‍ ഇന്ന് നടക്കും.