- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തി; ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി; ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയ മകന്‍; മകള്‍ അനന്യയെ തേടിയെത്തിയ സുജാതയ്ക്കും അടി കിട്ടി; ധര്‍മ്മസ്ഥലയില്‍ നീതി ഉണ്ടാകുമോ? ആശങ്കയും അവ്യക്തതയും മാറുന്നില്ല
ബെംഗളൂരു: ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തിലും ദുരൂഹതയെന്ന് ആരോപണം. ഇടുക്കി സ്വദേശി ബല്‍ത്തങ്ങാടി കറമ്പാറു സവനാലു ഡാര്‍ബെ ഹൗസില്‍ കെ.ജെ.ജോയി 2018ല്‍ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ചാണ് മകന്‍ രംഗത്ത് വന്നത്. തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്നാണ് ആരോപണം. ധര്‍മസ്ഥലയില്‍ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളില്‍ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്. ഇതിന് പിന്നാലെയാണ് മലയാളിയുടെ മരണത്തിലും ആരോപണം എത്തുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിട്ടുണ്ട്.
ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി. അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു. അതിനിടെ ഇനിയൊരു ഉത്തരവുണ്ടാകും വരെ ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നു ബെംഗളൂരു സെഷന്‍സ് കോടതി ഉത്തരവിട്ടു. മകള്‍ അനന്യയെ നഷ്ടമായ സുജാത ഭട്ടിന്റെ പരാതിയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 13ന് ധര്‍മസ്ഥല പൊലീസില്‍ അവര്‍ നല്‍കിയ പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.
കൊല്‍ക്കത്ത സിബിഐയില്‍ സ്റ്റെനോഗ്രാഫറും ബംഗളൂരു പത്മനാഭ നഗര്‍ സ്വദേശിയുമായ സുജാതയുടെയും അനില്‍ ഭട്ടിന്റെയും മകളാണ് അനന്യ. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരിക്കെ അനന്യ 2003ല്‍ കൂട്ടുകാര്‍ക്കൊപ്പം ധര്‍മസ്ഥലയില്‍പോയി. പിന്നീട് അനന്യയുടെ കൂട്ടുകാരി രശ്മി, കൊല്‍ക്കത്തയിലെ സുജാതയുടെ ഓഫീസ് നമ്പറില്‍, അനന്യയെ കാണാതായെന്ന് വിളിച്ചു പറഞ്ഞു. ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ അവിടെ ചെന്നിട്ട് രണ്ടുനാളായെന്ന മറുപടിയാണ് കിട്ടിയത്. ധര്‍മസ്ഥലയിലെത്തിയ സുജാത അവിടെ കടകളിലും മറ്റും മകളുടെ ചിത്രം കാണിച്ച് അന്വേഷിച്ചു. ക്ഷേത്രം അധികാരികളോടും സങ്കടം പറഞ്ഞു. മുതിര്‍ന്ന ഒരു സ്ത്രീക്കൊപ്പം അനന്യയെ പോലെയുള്ള കുട്ടിയെ കണ്ടതായി ചിലര്‍ പറഞ്ഞു. ഉടന്‍ ബള്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കി. മകള്‍ ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിയതാകാം, അന്വേഷിക്കാനാകില്ല എന്നാണ് പൊലീസ് പറഞ്ഞത്.
തിരിച്ച് ധര്‍മസ്ഥലയില്‍പോയി ക്ഷേത്രമുറ്റത്ത് ഇരുന്ന് കരഞ്ഞു. ഇതോടെ ക്ഷേത്രത്തിലെ ചിലരെത്തി, മുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചു. തലയില്‍ മുറിവേറ്റ് ബോധരഹിതനായി. ഉണര്‍ന്നപ്പോള്‍ ബംഗളൂരു അഗഡി ആശുപത്രിയിലാണ്. ആരാണ് അവിടെ എത്തിച്ചതെന്നറിയില്ല. തലയില്‍ എട്ട് തുന്നല്‍. ബാഗും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം നഷ്ടമായി. പരിക്ക് ഭേദമാകാന്‍ മൂന്നു മാസം ആശുപത്രിയില്‍ കിടന്നു. സുജാത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. മകളുടെ ചെറിയ എല്ലിന്‍ കഷണമെങ്കിലും ശേഷക്രിയക്കായി കിട്ടണം. നേത്രാവതി പുഴക്കരയില്‍ കുഴിച്ചിട്ട മൃതദേഹങ്ങളില്‍ മകളുമുണ്ടാകുമെന്നാണ് അമ്മ പറയുന്നത്. ഇതിനൊപ്പം പതിമൂന്ന് വര്‍ഷംമുമ്പ് കര്‍ണാടകത്തെ ഇളക്കിമറിച്ച സൗജന്യയുടെ കൊലപാതകവും ചര്‍ച്ചകളില്‍ എത്തുന്നു.
സിബിഐ അന്വേഷിച്ചിട്ടും പ്രതികളിലേക്കെത്താതെ, തേഞ്ഞുമാഞ്ഞുപോയ കേസ്. ഉജിരെ എസ്ഡിഎം കോളേജില്‍ പിയുസി വിദ്യാര്‍ഥിയായിരുന്ന സൗജന്യയെ 2012 ഒക്ടോബര്‍ ഒമ്പതിനാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊന്നത്. ഉച്ചയ്ക്കുശേഷം കോളേജില്‍നിന്ന് വീട്ടിലെ പുത്തരി ചടങ്ങിനായി മടങ്ങിയതാണ്. ധര്‍മസ്ഥലയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ പാങ്ങളയിലേക്കാണ് പോയത്. നേത്രാവതിഘട്ടില്‍ ബസിറങ്ങി സൗജന്യ നടന്നു പോകുന്നത് കണ്ടവരുണ്ട്. വൈകിയും വീട്ടിലെത്തിയില്ല. പിറ്റേന്ന് നേത്രാവതി ഘട്ടിന് അല്‍പ്പമകലെ കുറ്റിക്കാട്ടില്‍, സൗജന്യയുടെ അര്‍ധനഗ്‌നമായ മൃതദേഹം കിട്ടി. കോളേജ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ടാഗ് കഴുത്തില്‍ മുറുകിക്കിടപ്പുണ്ടായിരുന്നു.
അതിനിടെ ധര്‍മസ്ഥലയിലെ മരണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 2012-13ല്‍ മഹിളാ അസോസിയേഷന്‍ കര്‍ണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്ന് രാജ്യസഭാ എംപിയായിരുന്ന ടി എന്‍ സീമയുള്‍പ്പെടെ പങ്കെടുത്ത് വിഷയത്തില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു. ബംഗളൂരുവില്‍ തുടര്‍ച്ചയായി 10 ദിവസം കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസ് സിബിഐക്ക് കൈമാറാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്.
എന്നാല്‍, യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്ന വിധിയാണ് സിബിഐ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. തെളിവുകള്‍ നശിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കോടതി വിധി വന്നിട്ടും ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായില്ല. നീതിയുറപ്പാക്കാന്‍ മഹിളാ അസോസിയേഷന്‍ വീണ്ടും പ്രതിഷേധങ്ങളുയര്‍ത്തി. പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ശേഷവും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. കുറ്റാരോപിതരുടെ കുടുംബം ശക്തരായതിനാല്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹവും ക്രൂരവുമാണെന്നും മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.