കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ എം പരിവഹന്‍ ആപ്പിന്റെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍കുമാര്‍ സിങ് (32), മനീഷ് സിങ് (24) എന്നിവരില്‍ നിന്നും പോലീസിന് കിട്ടിയത് നിര്‍ണ്ണായക വിവരങ്ങള്‍. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത് ഐ ഫോണ്‍ 16 പ്രോ മാക്സ്, സാംസങ് എസ് 23 അള്‍ട്രാ ഉള്‍പ്പെടെയുള്ള വിലകൂടിയ ഫോണുകളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍നിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പ്രതികള്‍ റിമാന്‍ഡിലാണ്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ക്ക് ഡാര്‍ക്ക് വെബ്ബില്‍നിന്ന് ലഭിച്ചതായാണ് നിഗമനം. 2700 ഓളം വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോണ്‍ നമ്പര്‍ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതില്‍ കേരളം, കര്‍ണാടകം, ഗുജറാത്ത്, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റ് പ്രതികള്‍ ഹാക്ക് ചെയ്തതായും സൂചനകളുണ്ട്. ഹണി ട്രാപ്പ്, കെവൈസി അപ്ഡേഷന്‍ തുടങ്ങിയ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും ഇവരുടെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്.

കേസിലെ മൂന്നാംപ്രതി 16 വയസ്സുകാരനാണ്. ഇയാളാണ് എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത്. ഇയാളോട് 10 ദിവസത്തിനകം കംപ്യൂട്ടറും മറ്റു ഉപകരണങ്ങളുമായി മാതാപിതാക്കള്‍ക്കൊപ്പം കാക്കനാട് സൈബര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. ഈ കുട്ടിയെ ചോദ്യം ചെയ്യേണ്ടത് കേസില്‍ നിര്‍ണ്ണായകമാണ്. കൊച്ചി നഗരത്തില്‍മാത്രം 96 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ പണം നഷ്ടമായത് 575 പേര്‍ക്കാണ്. കേരളത്തില്‍ മാത്രം ഇവര്‍ തട്ടിയെടുത്തത് 50 ലക്ഷത്തോളമെന്നാണ് സൂചന.

കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ അന്വേഷണം സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഐപി വിലാസവും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വാരണാസിയിലാണെന്ന് മനസ്സിലാക്കിയത്. വാരണാസി ശിവപ്പുരിലെ വീട്ടില്‍നിന്ന് പ്രതി മനീഷിനെയും അതിന് സമീപത്തുനിന്ന് അതുലിനെയും പിടികൂടി. സൈബര്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്‍, എസ്സിപിഒമാരായ ആര്‍ അരുണ്‍, പി അജിത് രാജ്, നിഖില്‍ ജോര്‍ജ്, സിപിഒമാരായ ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിവഹന്‍ സൈറ്റിന്റെ പേരില്‍ വാട്‌സാപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പണം തട്ടിയിരുന്നത്. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

ഐപി വിലാസവും ഫോണ്‍ നമ്പരുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ വാരാണസിയിലാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് 10-ന് പ്രത്യേക പോലീസ് സംഘം വാരാണസിയിലേക്ക് തിരിച്ചു. പ്രതികളുമായി 21-ന് രാത്രിയാണ് തിരിച്ചെത്തിയത്. വാരാണസി പോലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് പ്രതികളുടെ അറസ്റ്റ് സാധ്യമായത്. ശിവപുരിലെ വീട്ടില്‍നിന്ന് പ്രതി മനീഷിനെയും അതിനു സമീപത്തുനിന്നുതന്നെ അതുലിനെയും പിടികൂടി. പ്രദേശവാസികളുടെ നേരിയ ചെറുത്തുനില്‍പ്പുമുണ്ടായി. യുപി സ്വദേശിയായ ഒരു പോലീസുകാരന്‍ മാത്രമാണ് കൊച്ചി സംഘത്തിനൊപ്പമുണ്ടായത്. പ്രതികളുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇവരുടെ വീടുകളില്‍ വിശദമായ പരിശോധന സാധ്യമായില്ല.

എംപരിവാഹനില്‍നിന്ന് വാഹന ഉടമകളുടെ രജിസ്‌ട്രേഷന്‍ നമ്പറും ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ തട്ടിപ്പുസംഘം ചോര്‍ത്തും. ഇതുപയോഗിച്ച് ഗതാഗത നിയമം ലംഘിച്ചതിനു പിഴയടയ്ക്കണമെന്നുകാട്ടി മോട്ടോര്‍വാഹന വകുപ്പിന്റേതെന്ന പേരില്‍ വാട്സാപ്പില്‍ വാഹന ഉടമകള്‍ക്ക് സന്ദേശം അയക്കും. ചെലാന്‍ നമ്പരും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും അടക്കമാണ് മെസേജായി വരുക. പിഴയടയ്ക്കാനായി ഒരു ലിങ്കും ഉണ്ടാകും. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എത്തുക എംപരിവാഹന്‍ ആപ്പിന്റെ അതേ മാതൃകയിലുള്ള തട്ടിപ്പ് സംഘത്തിന്റെ വ്യാജ ആപ്പിലേക്കാണ്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും പിന്നീട് ഇതുവഴി ഓണ്‍ലൈനായി പണം തട്ടുകയും ചെയ്യും.