തിരുവനന്തപുരം: കേരളത്തില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തലുമായി ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. ഭക്ഷ്യവസ്തുക്കളായ വെളിച്ചെണ്ണ, അരി, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, മാംസം, മത്സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വ്യക്തിഗത പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സത്യത്തില്‍ സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും ഇല്ലെങ്കിലും ഇക്കണോമി നടക്കും. എന്നാല്‍ സര്‍ക്കാര്‍ നടക്കണമെങ്കില്‍ ഇക്കണോമിയെ ടാക്‌സ് ചെയ്യണം. അത് അമിതമായാല്‍ ഇക്കണോമി ഇടിച്ച് നില്‍ക്കും. ടാക്‌സ് കുറഞ്ഞാല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ പണമില്ലാതെ വരും. ഇതിനൊരു ബാലന്‍സുണ്ട്. പണപ്പെരുപ്പം നോക്കിയാണ് നികുതി നിശ്ചയിക്കേണ്ടതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ മാത്രം വിലക്കയറ്റം ഉണ്ടാവുമോ?

ജയില്‍ ചാടിയ ഗോവിന്ദച്ചാമി അവശ്യസാധനങ്ങളുടെ വിലപ്പട്ടിക കണ്ട് വേഗം ജയിലിലേക്ക് മടങ്ങിയതാണെന്നൊരു ട്രോള്‍ കണ്ടു. ലേശം ഗവേഷണം ചെയ്യണമല്ലോ!

ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നത് എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. (ലിങ്ക് കമന്റില്‍) ഇന്ത്യയില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1% ഉള്ളപ്പോള്‍ കേരളത്തില്‍ 6.71% ആണ് പണപ്പെരുപ്പം. അവിശ്വസനീയമല്ലേ?

ഭക്ഷ്യവസ്തുക്കളായ വെളിച്ചെണ്ണ, അരി, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, മാംസം, മത്സ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. വ്യക്തിഗത പരിചരണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയതായി കണക്കുകള്‍.

ഇന്ത്യയിലുടനീളം ഏകീകൃത ചരക്ക് സേവന നികുതിയും (ജിഎസ്ടി), RBI നിശ്ചയിക്കുന്ന ഏകീകൃത പലിശ നിരക്കുകളും ഉള്ളപ്പോള്‍ ഇന്ത്യയില്‍ ഒട്ടാകെ വിലക്കയറ്റം ചരിത്രപരമായ കുറഞ്ഞ റേറ്റ് എത്തിയപ്പോള്‍, കേരളത്തില്‍ എന്തുകൊണ്ട് വില കൂടുതലാവുന്നു?

1. ചരക്ക് ഗതാഗത ചെലവും ലോജിസ്റ്റിക്‌സ് ചെലവും:

കേരളം ഇന്ത്യയുടെ തെക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്, ഇവിടേക്ക് ചരക്ക് നീക്കം കുറവാണ്. കൂടാതെ വലിയ ഉല്‍പ്പാദന കേന്ദ്രങ്ങളുമില്ല, അതിനാല്‍ സാധനങ്ങള്‍ ദീര്‍ഘദൂരം കടത്തിക്കൊണ്ടുവരണം. തുറമുഖങ്ങള്‍ ഉണ്ടെങ്കിലും അതുവഴി ഇറക്കുമതി ലാഭകരമല്ലാത്ത വിധത്തിലുള്ള ഓവര്‍ ഹെഡ് ചിലവുകളുണ്ട്.

ഗതാഗത ചെലവ് പൂര്‍ണ്ണമായും ജിഎസ്ടി ഇന്‍പുട്ട് ക്രെഡിറ്റുകള്‍ വഴി നികത്തപ്പെടുന്നില്ല, പ്രത്യേകിച്ച് ജിഎസ്ടി-ക്ക് പുറത്തുള്ള ഇന്ധനത്തിന് (ഡീസല്‍/പെട്രോള്‍). ഇത് ജിഎസ്ടി ചുമത്തുന്നതിന് മുമ്പുതന്നെ സാധനങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കുന്നു.

ഉദാഹരണം: ആന്ധ്രാപ്രദേശില്‍ നിന്ന് കൊണ്ടുവരുന്ന 20 കിലോ ഗ്യാസ് സിലിണ്ടറിനോ അരി ചാക്കിനോ ഒരേ ജിഎസ്ടി നിരക്കുകള്‍ ആണെങ്കിലും ഹൈദരാബാദിനെക്കാള്‍ കോഴിക്കോട് എത്താന്‍ കൂടുതല്‍ ചിലവാകും.

2. ഉയര്‍ന്ന റീട്ടെയില്‍ വാടകയും കൂലിചെലവുകളും:

കേരളത്തില്‍ നിര്‍മ്മാണം, സേവനങ്ങള്‍, റീട്ടെയില്‍, ഗാര്‍ഹിക ജോലികള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന ദിവസക്കൂലിയാണ് ഉള്ളത്. കടമുറികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കുമുള്ള വാടക, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍, കൂടുതലാണ്. ഉയര്‍ന്ന നിരക്കിലുള്ള പഞ്ചായത്ത്-കോര്‍പ്പറേഷന്‍ നികുതികള്‍, സെസ്സുകള്‍, യൂസര്‍ ഫീസുകള്‍, നോക്കുകൂലി - ഇതെല്ലാം സ്ഥാപന നടത്തിപ്പിന്റെ ചെലവ് കൂട്ടുന്നു. ഈ ചെലവുകള്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന വിലയായി ഉപഭോക്താക്കളിലേക്ക് എത്തുന്നു.

3. ഉപഭോഗം കൂടുതലുള്ളതും പ്രവാസിപ്പണം ഒഴുകുന്നതുമായ സമ്പദ്വ്യവസ്ഥ:

കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഉല്‍പ്പാദന അധിഷ്ഠിതമല്ല, മറിച്ച് പ്രവാസിപ്പണത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഈ ഉയര്‍ന്ന വാങ്ങല്‍ ശേഷി പ്രാദേശിക വ്യാപാരികളെയും സേവനദാതാക്കളെയും ഉയര്‍ന്ന വില ഈടാക്കാന്‍ സഹായിക്കുന്നു. സ്‌കൂള്‍, ആരോഗ്യം എന്നിവയ്ക്ക് മലയാളികള്‍ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യമേഖലയെ ആണ്. ഏറ്റവും കൂടുതല്‍ 'സ്വന്തം പണം' (out of pocket) ചെലവാക്കി ചികിത്സ തേടുന്ന സംസ്ഥാനവും കേരളമാണെന്നത് ഓര്‍ക്കണം.

ഫലം: വിദ്യാഭ്യാസം, ആരോഗ്യം, പലചരക്ക് സാധനങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നു.

4. ജിഎസ്ടിക്ക് പുറത്തുള്ള സംസ്ഥാനതല നികുതികളും ലെവികളും:

ഇന്ധനം, മദ്യം, വൈദ്യുതി തുടങ്ങിയ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ വ്യത്യസ്ത നികുതികള്‍ ചുമത്തുന്നു.

പെട്രോള്‍ ഡീസല്‍ നിര്‍ക്കുകള്‍ വര്‍ദ്ധിക്കുന്നതാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. കേരളത്തിലെ പെട്രോള്‍ ഡീസല്‍ നിര്‍ക്കുകള്‍ ഇന്ത്യയിലെ ഏറ്റവും കൂടിയവയാണ്. വൈദ്യുതി നഷ്ടം, റെഗുലേറ്ററി കാര്യക്ഷമതയില്ലായ്മ എന്നിവ കാരണം വൈദ്യുതി നിരക്കുകള്‍ കൂടുതലാണ്. വൈദ്യുതി നിരക്കുകള്‍ ഇന്ധന നിരക്കുകള്‍ പോലെയാണ് - അത് എല്ലാത്തിലും പ്രതിഫലിക്കും. പുതിയ നികുതികള്‍, ഫീസുകള്‍, പലവിധ സെസ്സുകള്‍, യൂസര്‍ ചാര്‍ജ്ജുകള്‍, അനവധി ക്ഷേമനിധി ഫണ്ടുകള്‍, സ്റ്റാമ്പുകള്‍ - ഇവ ഓരോന്നും വര്‍ദ്ധിക്കുമ്പോള്‍ ബിസിനസ് ചെയ്യാനുള്ള ചെലവ് കൂടുകയും അത് ഉപഭോക്താവിലേക്ക് എത്തുകയും ചെയ്യും. ഇവയെല്ലാം കേരളത്തില്‍ ക്രമാനുഗതം കൂട്ടുന്ന പ്രവണതയാണ് കാണുന്നത്.

5. ഇറക്കുമതിയെ ആശ്രയിക്കുന്നത്

കേരളം അരി, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ പോലും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. ശക്തമായ പ്രാദേശിക ഉല്‍പ്പാദന കേന്ദ്രത്തിന്റെ അഭാവം വിലയില്‍ വ്യതിയാനങ്ങള്‍ക്കും, റീട്ടെയില്‍ വില വര്‍ദ്ധനവിനും കാരണമാകുന്നു, പ്രത്യേകിച്ച് പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങളില്‍.

കേരളത്തിലെ റീട്ടെയില്‍ പണപ്പെരുപ്പം (CPI) 2014 മുതല്‍ 2019 വരെ ദേശീയ പ്രവണതകളെയാണ് പ്രധാനമായും പ്രതിഫലിച്ചത്. ഈ കാലയളവില്‍ ശരാശരി 4-5% ആയിരുന്നു പണപ്പെരുപ്പം. 2020-ന് ശേഷം, കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന്, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആരോഗ്യ സംരക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കുമുള്ള ചെലവ് വര്‍ദ്ധിച്ചതും കാരണം രാജ്യത്തുടനീളം പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. ദേശീയ പണപ്പെരുപ്പം 2020-21-ല്‍ ഏകദേശം 6.7% ആയി ഉയര്‍ന്നപ്പോള്‍, കേരളത്തിലും ഉയര്‍ന്ന നില രേഖപ്പെടുത്തി. 2022 മുതല്‍ ഇന്ത്യയുടെ CPI ക്രമാനുഗതമായി കുറയാന്‍ തുടങ്ങിയപ്പോള്‍, കേരളത്തിലെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. 2024-25 കാലയളവില്‍ ഈ അന്തരം കുത്തനെ വര്‍ദ്ധിച്ചു.

2025 ജൂണില്‍, ഇന്ത്യ CPI പണപ്പെരുപ്പത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1% രേഖപ്പെടുത്തിയപ്പോള്‍, കേരളം 6.7% ആയി ഉയര്‍ന്നു. ഇത് എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇനിയെന്ത് ചെയ്യും മല്ലയ്യാ?

സത്യത്തില്‍ സര്‍ക്കാറും സര്‍ക്കാര്‍ ജീവനക്കാരും ഇല്ലെങ്കിലും ഇക്കണോമി നടക്കും. എന്നാല്‍ സര്‍ക്കാര്‍ നടക്കണമെങ്കില്‍ ഇക്കണോമിയെ ടാക്‌സ് ചെയ്യണം. അത് അമിതമായാല്‍ ഇക്കണോമി ഇടിച്ച് നില്‍ക്കും. ടാക്‌സ് കുറഞ്ഞാല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ പണമില്ലാതെ വരും. ഇതിനൊരു ബാലന്‍സുണ്ട്. പണപ്പെരുപ്പം നോക്കിയാണ് നികുതി നിശ്ചയിക്കേണ്ടത്. പ്രത്യേകിച്ച് indirect taxes. ഇന്ധനനികുതി, മറ്റ് സെസ്സുകള്‍, കെട്ടിട നികുതി, ഓവര്‍ഹെഡ് ചാര്‍ജ്ജുകള്‍, വൈദ്യുതി നിരക്ക് തുടങ്ങിയവ കുറച്ചില്ലെങ്കില്‍ ക്രമാനുഗതമായ വിലക്കയറ്റം തുടരും. സര്‍ക്കാര്‍ നടത്തിക്കൊണ്ട് പോകാന്‍ നികുതി പിരിക്കണമെങ്കിലും അതിന്റെ തോത് കുറച്ച് ബോയന്‍സിയിലൂടെ വേണം വരുമാനം കൂട്ടാന്‍. Tax buoyancy വര്‍ദ്ധിക്കണമെങ്കില്‍ economic activity വര്‍ദ്ധിക്കണം.

കൃഷിയിലും വ്യവസായത്തിലും ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മള്‍ ചെയ്യേണ്ടത്. മാര്‍ക്കറ്റിനെ ഒഴിവാക്കി എല്ലാം സര്‍ക്കാറുദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ഓടിക്കാനാവില്ല. ഈ കാഴ്ചപ്പാട് കാരണം കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വൈകുന്നത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഉദാഹരണത്തിന്, മലയാളികള്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കൃഷി ചെയ്ത് കോടികള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ കര്‍ഷകന് ആധുനിക ഇന്റഗ്രേറ്റട് ഫാമിംഗ് നടത്താന്‍ തടസ്സം നില്‍ക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ മോണോക്രോപ് ചിന്താഗതിയാണ്. തോട്ടം മേഖലയില്‍ അനുവദിച്ചിട്ടുള്ള 6 വിളകള്‍ക്ക് ഒരു ദിവ്യത്തവും ഇല്ല. റമ്പൂട്ടാനെക്കാള്‍ എന്ത് കേമത്തമാണ് റബറിനുള്ളത്? അതുപോലെ, ഇന്ന് കാണുന്ന NH നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് കാരണം 15 വര്‍ഷം വൈകിയാണ് യാഥാര്‍ത്ഥ്യമാവുന്നത്. ഈ വൈകി ഉദിക്കുന്ന വിവേകത്തിന് വലിയ വില നല്‍കേണ്ടിവരുന്നുണ്ട്.

കാര്യക്ഷമമായ കമ്പോള ഇടപെടലും, ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ഡിയര്‍ന്നെസ് അലവന്‍സ് നല്‍കുന്നതുമാണ് ഭീകരമായ വിലക്കയറ്റത്തിന്റെ വേദന ഒരല്‍പമെങ്കിലും കുറക്കാന്‍ ഷോര്‍ട്ട് ടേമില്‍ ചെയ്യേണ്ടത്. എന്നാല്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ കമ്പോള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്.

പണപ്പെരുപ്പം ക്രൂരമായ നികുതിയാണെന്ന് പറയാറുണ്ട്- കാരണം അത് ബാധിക്കുന്നത് ഏറ്റവും പാവപ്പെട്ടവരെയാണ്.