കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുമ്പോള്‍ പ്രതീക്ഷയില്‍ കേരളം. നിമിഷ പ്രിയയ്ക്കായുള്ള പ്രാര്‍ത്ഥന ഇപ്പോഴും മലയാളികള്‍ തുടരുകയാണ്. ശുഭവാര്‍ത്തയ്ക്ക് ഉടന്‍ സ്ഥിരീകരണമുണ്ടാകുമെന്നാണ് സൂചന. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് പൂര്‍ണമായി റദ്ദ് ചെയ്യാന്‍ ധാരണയായതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് വിവരം. ഫെയ്‌സ് ബുക്കിലൂടെ തന്നെ ഇക്കാ്യം കാന്തപുരത്തിന്റെ ഓഫീസ് അറിയിക്കുന്നുണ്ട്. ഇതോടെ നിര്‍ണ്ണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സില്‍ ആദ്യമായാണ് ഇത്രയും ശുഭസൂചകമായ വാര്‍ത്ത വരുന്നത്. നിമിഷ പ്രിയയുടെ 13 വയസുകാരി മകള്‍ മിഷേല്‍ അടക്കമുള്ളവര്‍ യെമനില്‍ എത്തിയിട്ടുണ്ട്. മകളുടെ അപേക്ഷയും തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ഷെയ്ഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസില്‍നിന്നും ലഭിക്കുന്ന വിവരം. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ ധാരണയായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിക്കുന്നത്. നേരത്തെ താത്കാലികമായി നീട്ടിവെച്ച വധശിക്ഷയാണ് പൂര്‍ണമായി റദ്ദ് ചെയ്തതതെന്നും സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നുമാണ് വിവരം. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. അപ്പോഴും ചര്‍ച്ച തുടര്‍ന്നു. കേന്ദ്രവും നയതന്ത്ര ഇടപെടല്‍ ശക്തമാക്കി. ഇതിനിടെയാണ് ശുഭ വാര്‍ത്ത വരുന്നത്. ഓദ്യോഗിക സ്ഥിരീകരണം കിട്ടിയാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. നയതന്ത്ര തീരുമാനം നിമിഷ പ്രിയയുടെ കാര്യത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

നിമിഷ പ്രിയയുടെ 13 വയസുകാരി മകള്‍ മിഷേല്‍ അടക്കമുള്ളവര്‍ യെമനില്‍ എത്തിയിട്ടുണ്ട്. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ഡോ. കെ എ പോളിനുമൊപ്പമാണ് മിഷേല്‍ യെമനില്‍ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയയാചിക്കാനാണ് കുട്ടി എത്തിയിരിക്കുന്നത്.വര്‍ഷങ്ങളായി യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കഴിഞ്ഞ പത്ത് വര്‍ഷമായി മകളെ കണ്ടിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് മിഷേല്‍ അഭ്യര്‍ത്ഥനനടത്തിയത്. 'എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ദയവായി സഹായിക്കണം. അമ്മയെ കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അമ്മയെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു'- മിഷേല്‍ പറഞ്ഞു.

നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസും അഭ്യര്‍ത്ഥന നടത്തി. 'ദയവായി എന്റെ ഭാര്യ നിമിഷ പ്രിയയെ രക്ഷിക്കണം. സ്വന്തം നാട്ടിലെത്തിക്കാന്‍ സഹായിക്കണം' എന്നാണ് അദ്ദേഹം പറഞ്ഞത്. മിഷേലിനും പിതാവിനുമൊപ്പം ഡോ. കെ എ പോളും ഉണ്ടായിരുന്നു. ഈ അഭ്യര്‍ത്ഥനകളും നിര്‍ണ്ണായകമായതായാണ് സൂചന. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നേരത്തെ യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിനിടെയാണ് ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ ഇടപെട്ടത്. കാന്തപുരത്തെ വിഷയത്തില്‍ സജീവമാക്കിയതും ചാണ്ടി ഉമ്മനാണ്.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. നിമിഷപ്രിയക്ക് മാപ്പ് നല്‍കുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും നേരത്തേ വ്യത്യസ്ത അഭിപ്രായമാണ് ഉണ്ടായിരുന്നത്. ആദ്യഘട്ട ചര്‍ച്ചയില്‍ തലാലിന്റെ സഹോദരന്‍ പങ്കെടുത്ത് സമവായത്തിന് തയ്യാറായെങ്കിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അനുനയത്തിലേക്കെത്തിയില്ല.

ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍റഹ്‌മാന്‍ അലി മശ്ഹൂര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്. കൂടാതെ, കുടുംബത്തിലെ മുതിര്‍ന്ന അംഗം കൂടിയായ യമന്‍ കോടതിയിലെ ജഡ്ജിയുടെ പങ്കും നിര്‍ണായകമായി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, യമന്‍ ഭരണകൂടവുമായി നയതന്ത്ര തലത്തില്‍ നേരിട്ട് ഇടപെടാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കി. വധശിക്ഷ നീട്ടിവെച്ചതിനു ശേഷം വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.


യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ തടവില്‍ കഴിയുന്നത്. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയം കൂടിയായിരുന്നു തലാലിന്റെ മരണം. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നതാണ് കേസ്. പാലക്കാട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. തലാലിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2020 ലാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈ തീരുമാനം പിന്നീട് ഹൂതി സുപ്രീം കൗണ്‍സിലും അംഗീകരിച്ചിരുന്നു.