പത്തനംതിട്ട: പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്ത് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് അനധികൃത പാര്‍ക്കിങ് നടത്തി എന്ന് ചൂണ്ടിക്കാട്ടി ചെല്ലാന്‍ അയച്ച ഹൈവേ പട്രോളിങ് സംഘം പുലിവാല്‍ പിടിച്ചു. പെറ്റി കൊടുക്കുന്ന തിരക്കില്‍ രണ്ടു നിയമ ലംഘനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പാര്‍ക്കിങ് അനുവദിച്ചിരുന്ന സ്ഥലത്ത് കൃത്യമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചിത്രമാണ് പിഴ ഈടാക്കാനായി എടുത്തത്. പക്ഷേ, ചെല്ലാനില്‍ പറഞ്ഞിരിക്കുന്നതാകട്ടെ 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തുവെന്നാണ്.

പത്തനംതിട്ട കോളജ് റോഡില്‍ സൈക്കിള്‍ ആന്‍ഡ് മോട്ടോര്‍ ട്രേഡേഴ്സിന് മുന്നിലാണ് കട ഉടമയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ എസ്.വി. പ്രസന്നകുമാര്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ഈ വാഹനത്തിന്റെ ചിത്രമാണ് ഹൈവേ പോലീസ് സംഘം എടുത്തത്. പെറ്റി രേഖപ്പെടുത്തിയ ചെല്ലാനില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലമായി പറഞ്ഞിരിക്കുന്നത് തിരുവല്ല കുമ്പഴ റോഡില്‍ ഇരവിപേരൂരിലാണ്. വാഹനം യഥാര്‍ഥത്തില്‍ കിടന്നിടത്ത് നിന്ന് 25 കി.മീറ്റര്‍ അകലെയാണ് പാര്‍ക്ക് ചെയ്തതായി പെറ്റി വന്നിരിക്കുന്നത്.

ട്രാഫിക്ക് പൊലീസ് അകാരണമായി പെറ്റിക്കേസ് എടുത്ത് പിഴ ഈടാക്കുന്നതായി പ്രസന്നകുമാര്‍ പറഞ്ഞു. മുന്‍പും ഇതുപോലെ തെറ്റായ ചെലാന്‍ കിട്ടയപ്പോള്‍ ശ്രദ്ധിക്കാതെ പിഴ തുക അടച്ചിട്ടുണ്ട്. ഇത്തവണ ചെലാന്‍ പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് മനസിലായത്. ഇത്തരത്തിലുള്ള ട്രാഫിക്ക് പൊലീസിന്റെ ചൂഷണത്തിനെതിരേ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്ന് പ്രസന്നകുമാര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ നിന്ന് എടുത്ത പടം പട്രോളിങ് സംഘം ഇരവിപേരൂരില്‍ വച്ച് വാഹന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തതാണ് പിഴവിന് കാരണമായത്. ഇതു സംബന്ധിച്ച് എസ്.പിക്കും ഡിവൈ.എസ്.പിക്കും വിവരം ലഭിച്ചു. ഇതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്.