ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ജാമ്യ വ്യവസ്ഥകളും ആശ്വാസം കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേര്‍ ജാമ്യം നില്‍ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. ഈ ഉപാധികളും ആശ്വാസമാണ്. അവര്‍ക്ക് ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. കേസെടുത്ത പോലീസ് സ്‌റ്റേഷനില്‍ പോയി എല്ലാ ആഴ്ചയും ഒപ്പിടണമെന്ന വ്യവസ്ഥയുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് ഛത്തീസ് ഗഡില്‍ തന്നെ തുടരേണ്ടി വരുമായിരുന്നു. ഇത്തരത്തിലൊരു വ്യവസ്ഥ ഇല്ലാത്തതും ആശ്വാസമായി. രാജ്യത്ത് എവിടേയും സഞ്ചരിക്കാനുള്ള അവകാശം കോടതി കന്യാസ്ത്രീകള്‍ക്ക് ലഭിക്കുകയാണ്. ഛത്തീസ് ഗഡില്‍ തുടരേണ്ടി വന്നിരുന്നുവെങ്കില്‍ അത് കന്യാസ്ത്രീകളുടെ സുരക്ഷ പോലും അപകടത്തില്‍ ആകുമായിരുന്നു.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. കോടതി ഉത്തരവ് ജയിലില്‍ എത്തുന്നതോടെ ഇവര്‍ ജയില്‍ മോചിതരാകും. ജാമ്യത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി കുടുംബം പറഞ്ഞു. ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ മൂന്നു പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. ജോലിക്കായാണ് പോകുന്നതെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അടക്കം ഈ കേസില്‍ നിര്‍ണ്ണായകമായി. ഇതുകൊണ്ടാണ് ജാമ്യം കിട്ടുന്നത്. കസ്റ്റഡിയില്‍ പ്രതികളെ വേണ്ടെന്ന് കോടതിയില്‍ പോലീസ് നിലപാട് എടുത്തു. ഈ പ്രോസിക്യൂഷന്‍ ഇടപടലും ലളിതമായ വ്യവസ്ഥകളിലേക്ക് ജാമ്യം എത്താന്‍ കാരണമായി.

മനുഷ്യക്കടത്ത് എന്‍ഐഎ നിയമത്തിലെ ഗുരുതരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവ പരിഗണിക്കാന്‍ എന്‍ഐഎ പ്രത്യേക കോടതിക്കാണ് അധികാരമെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുടക്കത്തില്‍ വാദിച്ചത്. ഇത് അഡിഷനല്‍ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. ആദ്യം കേസ് പരിഗണിച്ച മജിസ്‌ട്രേട്ട് കോടതിയും ഇതേ കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്. ഇതോടെയാണ് കന്യാസ്ത്രീകള്‍ എന്‍ഐഎ കോടതിയെ സമീപിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തില്‍ കേരളത്തിലെ എംപിമാര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബജ്‌രംഗ്ദള്‍ അഭിഭാഷകരും എന്‍ഐഎ കോടതിയില്‍ ജാമ്യ വ്യവസ്ഥയെ എതിര്‍ക്കാന്‍ എത്തിയില്ല. കേന്ദ്ര ബിജെപിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. പരിവാര്‍ സംഘടനയാണ് ബജ് രംഗദള്ളും.

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ക്കു നേരെ കയ്യേറ്റമുണ്ടായെന്നും വിശദീകരണം വകവയ്ക്കാതെയാണ് അറസ്റ്റെന്നും സിബിസിഐ ആരോപിച്ചിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം വ്യക്തമാക്കിയിരുന്നു.

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഒരു പറ്റം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിന് പിന്നാലെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.