1960 മുതല്‍ ലോകത്തിലെ 70 ശതമാനം രാജ്യങ്ങളുടെയും ജനസംഖ്യ ഇരട്ടിയായതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമമായ ഡെയ്ലി മെയിലാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ആഗോള ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയിട്ടും ലോകത്തെ ജനസംഖ്യ എങ്ങനെയാണ് 8 ബില്യണ്‍ കവിഞ്ഞതെന്ന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ കാലയളവില്‍ യു.എ.ഇയും ഖത്തറുമാണ് ഏറ്റവും വലിയ കുതിപ്പ് നടത്തിയത്. യഥാക്രമം 10.8 ദശലക്ഷവും 2.8 ദശലക്ഷവുമായി അവരുടെ ജനസംഖ്യ വര്‍ദ്ധിച്ചു. അത് സമയം എട്ട് രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. ബള്‍ഗേറിയയിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. 1.45 ബില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യ 2023 ല്‍ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 1960 കള്‍ക്ക് ശേഷം ഇന്ത്യയിലെ ജനസംഖ്യ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ലോകത്തിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ഇന്ത്യയിലും ചൈനയിലുമായി താമസിക്കുന്നതായിട്ടാണ് ലോകബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏകദേശം 340 ദശലക്ഷം ആളുകളുമായി അമേരിക്ക മൂന്നാം സ്ഥാനത്താണ്. 1979-മുതല്‍ 2015 വരെയുള്ള കാലയളവില്‍ ജനസംഖ്യ കുറയ്ക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവാദപരമായ ഒരു കുട്ടി നയം നിലനിര്‍ത്തിയിരുന്നു. അതായത് എല്ലാവര്‍ക്കും ഒരു കുട്ടി മതി എന്നായിരുന്നു ഇതിലൂടെ പാര്‍്ട്ടിയും സര്‍ക്കാരും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഈ തീരുമാനം ഉണ്ടായി പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ ചൈനയിലെ ജനന നിരക്ക് വന്‍ തോതില്‍ കുറഞ്ഞിരുന്നു. അതേ സമയം ഇന്ത്യയില്‍ കഴിഞ്ഞ 14 വര്‍ഷമായി സെന്‍സസ് നടത്തിയിട്ടില്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പൂര്‍ണ്ണ ജനസംഖ്യാ കണക്കെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പസഫിക് ദ്വീപായ തുവാലുവിലാണ് ലോകത്തിലെ ഏറ്റവും ചെറിയ ജനസംഖ്യയുള്ളത്. പതിനായിരത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ജനസംഖ്യയുടെ കാര്യത്തില്‍ യു.കെ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. 69 മില്യനാണ് ഇവിടുത്തെ ജനങ്ങളുടെ എണ്ണം. 1960 ല്‍ യു.കെ ജനസംഖ്യയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും വന്‍തോതിലുള്ള ജനസംഖ്യാ വളര്‍ച്ചയുണ്ടായിട്ടും, ലോകം ഒരു വലിയ ജനസംഖ്യാ പ്രതിസന്ധിയുടെ പിടിയിലാണെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ലോകമെമ്പാടുമുള്ള പകുതിയിലധികം രാജ്യങ്ങളുടെയും ജനനനിരക്ക് 2.1-ല്‍ താഴെയാണ്. ഇംഗ്ലണ്ടിലും വെയില്‍സിലും എല്ലാം ജനനനിരക്ക് വലിയ തോതില്‍ കുറയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2100 ആകുമ്പോഴേക്കും ലോകരാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം കുറയുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. 14 രാജ്യങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയുമെന്നാണ് കരുതപ്പെടുന്നത്. 2071 ല്‍ ചൈനയിലെ ജനസംഖ്യ 100 കോടിയില്‍ താഴെയെത്തും എന്നും പറയപ്പെടുന്നു. 2060 കളുടെ അവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.