ന്യൂയോര്‍ക്ക്: അയര്‍ലന്‍ഡിലെ ചെറുപട്ടണത്തില്‍ നിന്ന് നിറയെ സ്വപ്നങ്ങള്‍ കണ്ട് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അവള്‍ പറന്നത് 10 വര്‍ഷം മുമ്പായിരുന്നു. ജോലിക്കൊപ്പം ജീവിതം അടിച്ചുപൊളിച്ച് ജീവിച്ചുവരുന്നതിനിടെ, അവിചാരിതമായി മരണം തേടി എത്തി. യുവ ഐറിഷ് ഫാഷന്‍ ഡിസൈനറെ ന്യൂയോര്‍ക്കിലെ മൊണ്ടൗക്കിലെ യോട്ടില്‍ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ലോ സ്വദേശിനിയും ഈസ്റ്റ് എക്സ് ഈസ്റ്റ് സ്ഥാപകയുമായ 33 കാരി മാര്‍ത്ത നോളന്‍-ഒ'സ്ലാറ്ററാണ് മരിച്ചത്.

ഈറ്റ്, ഡ്രിങ്ക് ആന്‍ഡ് ബി മെറി

ക്ഷണികമായ ജീവിതത്തെ മുന്നില്‍ കണ്ട് നാളെയില്‍ ജീവിക്കാതെ ഇന്നില്‍ തന്നെ ജീവിച്ച് വിട പറഞ്ഞ ജീവിതമായിരുന്നു മാര്‍ത്ത നോളന്റെത്. ഈ പ്രായത്തിനിടയ്ക്ക് തന്നെ തനിക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ഉയരങ്ങള്‍ അത്രയും കീഴടക്കിയാണ് 33 കാരി അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്.




തന്റെ സ്ഥാപനത്തിലൂടെയും മറ്റും സമൂഹത്തിലെ ഉന്നതരുമായി സൗഹൃദം കാത്തുസൂക്ഷിച്ച മാര്‍ത്തയുടെത് തികച്ചും വേറിട്ട ജീവിതരീതി തന്നെയായിരുന്നു. സംരംഭകയും ബ്രാന്‍ഡ് ഗ്രോത്ത് കണ്‍സള്‍ട്ടന്റുമായ ഇവര്‍ ഹെലികോപ്റ്ററുകളിലും സ്വകാര്യ ജെറ്റുകളിലും പറന്നുനടക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കുവെച്ച ഇത്തരം വീഡിയോകളിലെല്ലാം അടിച്ചുപൊളി ജീവിതം കാണാം. ആണ്‍സുഹൃത്തിനൊപ്പം പ്രകൃതി രമണീയമായ പ്രദേശങ്ങളിലൂടെ മദ്യം നുണഞ്ഞു ആഡംബര കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോകള്‍ ടിക് ടോക്ക് അക്കൗണ്ടില്‍ കാണാം.




ഗ്ലാമറും ആഡംബരവും മാത്രമല്ല

എന്നാല്‍ ഗ്ലാമറിന്റെയും ആഡംബരത്തിന്റെയും ലോകത്ത് ഒതുങ്ങുന്ന ഒന്നുമാത്രമായിരുന്നില്ല അവരുടെ ജീവിതം. വളരെ ചെറിയ ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് മികച്ച വിദ്യാഭ്യാസം നേടിയെടുത്ത് അതിലൂടെ താന്‍ സ്വപ്നം കണ്ട ജീവിതത്തെ അവര്‍ നെയ്‌തെടുക്കുകയായിരുന്നു. തലസ്ഥാന നഗരമായ ഡബ്ലിനില്‍ നിന്ന് ഏകദേശം 55 മൈല്‍ അകലെയുള്ള അയര്‍ലണ്ടിലെ കാര്‍ലോ എന്ന ചെറിയ പട്ടണത്തിലാണ് അവര്‍ വളര്‍ന്നത്. 16 വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോട് വഴക്കുപിടിച്ച് ചെലവേറിയ ഡബ്ലിനിലെ പ്രശസ്തമായ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനില്‍ ചേര്‍ന്നു. വലിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പുറത്തുപോകേണ്ടി വന്ന ചെറിയ പട്ടണത്തിലെ പെണ്‍കുട്ടിയായിരുന്നു താന്‍ എന്നാണ് ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയത്.

സെക്കന്‍ഡറി സ്‌കൂളിനുശേഷം, അവള്‍ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. അവിടെ നിന്ന് ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പിന്നീട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, ഡെലോയിറ്റ്, ഏണസ്റ്റ് & യംഗ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന കമ്പനികളില്‍ ഗ്രാജുവേറ്റ് സ്‌കീം തസ്തികകളിലേക്ക് മാര്‍ത്ത ജോലിക്കായി പരിശ്രമിച്ചു. ഒരുമാറ്റത്തിനായാണ് ്അവള്‍ എപ്പോഴും കൊതിച്ചത്. 2015 ല്‍ അച്ഛന്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് എടുത്തുകൊടുത്ത വണ്‍വേ ടിക്കറ്റോടെ അവള്‍ ജീവിതത്തില്‍ പറക്കുകയായിരുന്നു. 9 മാസം നഗരത്തില്‍ തങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കഥ നീണ്ടുപോയി.

ലക്ഷ്യങ്ങള്‍ നേടുന്നു

പലയിടത്തും ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടങ്കിലും ചുരുങ്ങിയ കാലയളവില്‍ മാത്രമെ ജോലിയില്‍ തുടര്‍ന്നുള്ളു. ഒന്നിലധികം കമ്പനികളില്‍ ചുറ്റിക്കറങ്ങി, കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 2021 ല്‍ അവര്‍ ഓണ്‍ലൈന്‍ സാന്നിധ്യമുള്ള എഐ അധിഷ്ഠിതമായ ബ്രാന്‍ഡ് ഗ്രോത്ത് കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. അതേ വര്‍ഷം തന്നെ അവര്‍ നിരവധി കമ്പനികള്‍ ആരംഭിച്ചു.അതില്‍ അവരുടെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ആമസോണ്‍ ബ്രാന്‍ഡായ ഡ്യൂപ്പറും റിസോര്‍ട്ട് വെയര്‍ ലൈന്‍ ഈസ്റ്റ് ഇന്‍ടു ഈസ്റ്റും ഉള്‍പ്പെടുന്നു




2023-ല്‍ സ്പെയിനിലെ മല്ലോര്‍ക്കയില്‍ ഈസ്റ്റ് ഃ ഈസ്റ്റ് ഒരു ബ്രാന്‍ഡ് ഷൂട്ട് നടത്തി.ആഴ്ചകള്‍ക്ക് ശേഷം നോളന്‍-ഒ'സ്ലാറ്ററ ഗര്‍ണിയുടെ മൊണ്ടോക്ക് റിസോര്‍ട്ടിലും സീവാട്ടര്‍ സ്പായിലും ബ്രാന്‍ഡിന്റെ പോപ്പ് അപ്പ് ഷോപ്പിന്റെ ഉദ്ഘാടനം ആഘോഷിച്ചു. ജൂലൈ 1-ന് ടിക് ടോക്കില്‍ പങ്കിട്ട തന്റെ ബിക്കിനികളും ബീച്ച് വസ്ത്രങ്ങളും സൂക്ഷിച്ചിരിക്കുന്ന ബീച്ച് ഹട്ടിന്റെ ഒരു വീഡിയോ 'ലക്ഷ്യങ്ങള്‍ നേടി' എന്ന തലക്കെട്ടോടെ അവര്‍ പങ്കുവെക്കുകയും സന്ദര്‍ശകരെ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒരു നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനമായ കെ4 ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറായും നോളന്‍-ഒ'സ്ലാറ്റാറയെ നിയമിച്ചിരുന്നു.

ഔദ്യോഗിക ജീവിതം വേറെ, സ്വകാര്യ ജീവിതം വേറെ

തന്റെ ഔദ്യോഗിക ജീവിതം ഇങ്ങനെ ആര്‍ഭാടപൂര്‍ണ്ണമാണെങ്കിലും തന്റെ സ്വകാര്യജീവിതത്തില്‍ അവര്‍ അങ്ങനെയായിരുന്നില്ല. നഗരത്തിലെ തിരക്കുകളില്‍ നിന്നൊക്കെ മാറി ചെറിയ പട്ടണത്തില്‍ വളരെ ചെറിയ വാടകയില്‍ ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.




ഏതാനും വര്‍ഷങ്ങളായി മാര്‍ത്ത ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച ഹാംപ്ടണ്‍സിലെ റിപ്പിള്‍ എന്ന കപ്പലിലാണ് ഡിസൈനറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കപ്പലിനെ ഒരു 'പാര്‍ട്ടി ബോട്ട്' എന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ബോട്ട് ജീവനക്കാരന്‍ വിശേഷിപ്പിച്ചത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ താന്‍ നിലവിളികള്‍ കേട്ടതായും അദ്ദേഹം പറഞ്ഞത്. യോട്ട് ക്ലബ്ബിലെ മറ്റൊരു സ്ഥിരം അതിഥി, ന്യൂയോര്‍ക്കിലെ ലോംഗ് ബീച്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോട്ടിന്റെ ഉടമ നോളന്‍-ഒ'സ്ലാറ്റാറയുടെ കാമുകന്‍ ആണെന്ന് അവകാശപ്പെടുന്നയാളാണ്.




തിങ്കളാഴ്ച രാത്രി നോളന്‍-ഒ'സ്ലാറ്റാര ബോധരഹിതയായി വീണപ്പോള്‍, മറ്റ് ബോട്ടര്‍മാരില്‍ നിന്ന് സഹായം തേടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബോട്ട് ഉടമ 'അത് എന്റെ കാമുകി' എന്ന് നിലവിളിച്ച് പുറത്തേക്ക് ഓടുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.പ്രാഥമിക അന്വേഷണവും പരിശോധനയും പൂര്‍ത്തിയാകാത്തതിനാല്‍ മരണകാരണം കണ്ടെത്താന്‍ സഫോക്ക് കൗണ്ടി മെഡിക്കല്‍ എക്സാമിനേഴ്സ് ഓഫിസ് പോസ്റ്റ്മോര്‍ട്ടം നടത്തും.

വേനല്‍ക്കാലത്ത്, പ്രമുഖരും, സെലിബ്രിറ്റികളും പലപ്പോഴും ഈ പ്രദേശത്തേക്ക് ഒഴുകിയെത്താറുണ്ട്. മോണ്ടോക്ക് യോട്ട്് ക്ലബ് ബീച്ച് സന്ദര്‍ശിക്കുന്നവര്‍ക്ക് സ്പാ സേവനങ്ങള്‍, പൂള്‍, ബീച്ച്, ഹാര്‍ബര്‍ ക്രൂയിസുകള്‍, ബൈക്കിംഗ്, യോഗ എന്നിവയുള്‍പ്പെടെ ആഡംബര താമസസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പാട്രിക് ടാ കഴിഞ്ഞ വാരാന്ത്യത്തില്‍ അവിടെ ഒരു പരിപാടി സംഘടിപ്പിച്ചു. അലിക്സ് ഏള്‍, റെമി ബാഡര്‍ എന്നിവരുള്‍പ്പെടെ താരനിര നിറഞ്ഞ സദസും ഉണ്ടായിരുന്നു.

ഈ വാരാന്ത്യത്തില്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടികളുമായി നോളന്റെ മരണത്തിന് ബന്ധമുണ്ടെന്നതിന് ഒരു സൂചനയുമില്ല. ഭീമന്‍ മാളികകള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ഡൈനിങ്ങിനും പേരുകേട്ട ലോംഗ് ഐലന്‍ഡ് ബീച്ചിലും റിസോര്‍ട്ട് ഏരിയയിലും അക്രമങ്ങള്‍ അസാധാരണമാണെന്നും ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു