- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെളുപ്പിന് അസാധാരണ മുഴക്കവും ഇരമ്പൽ ശബ്ദവും കേട്ട് ഉറങ്ങികിടന്നവർ ചാടി എണീറ്റു; വീടുകൾ അടക്കം കുലുങ്ങുന്നത് കണ്ട് ആളുകൾ പുറത്തേക്കോടി; തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി; 6.1 തീവ്രത രേഖപ്പെടുത്തി; 2023 ആവർത്തിക്കുമോ? എന്ന ഭയത്തിൽ ജനങ്ങൾ; അതീവ ജാഗ്രത
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബാലിക്‌സിർ പ്രവിശ്യയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 81 വയസ്സുള്ള ഒരാൾക്ക് ജീവൻ നഷ്ടമാവുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം.
പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 7:53-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സിന്ദിർഗി പട്ടണത്തിൽ, ഭൂനിരപ്പിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം എന്ന് തുർക്കിയുടെ ദുരന്തനിവാരണ അതോറിറ്റിയായ AFAD അറിയിച്ചു. തകർന്നുവീണ ഒരു വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാലുപേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും, ഗുരുതരമായി പരിക്കേറ്റ 81-കാരൻ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ വ്യക്തമാക്കി.
ഭൂകമ്പത്തെ തുടർന്നുണ്ടായ ആദ്യ മണിക്കൂറിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഒന്ന് ഉൾപ്പെടെ ആറോളം അനന്തരചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂൾ ഉൾപ്പെടെയുള്ള സമീപ പ്രവിശ്യകളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇതേത്തുടർന്ന്, കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് അധികൃതർ ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായെന്നും മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തെ വൈദ്യുതി, ജലവിതരണ ശൃംഖലകൾക്ക് തടസ്സങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒന്നിലധികം ഭ്രംശരേഖകൾക്ക് (fault lines) മുകളിൽ സ്ഥിതി ചെയ്യുന്ന തുർക്കി, ഭൂകമ്പങ്ങൾക്ക് അതീവ സാധ്യതയുള്ള ഒരു മേഖലയാണ്. 2023 ഫെബ്രുവരിയിൽ രാജ്യത്തെ നടുക്കിയ 7.8 തീവ്രതയുള്ള ഇരട്ട ഭൂകമ്പങ്ങളിൽ തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായി അറുപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഏത് തരം ദുരന്തങ്ങളിൽ നിന്നും ദൈവം രാജ്യത്തെ രക്ഷിക്കട്ടെ എന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.