ലണ്ടന്‍: ബ്രിട്ടനിലേക്ക് തിരികെയെത്തുന്നവരില്‍ ചിക്കന്‍ഗുനിയ വൈറസിന്റെ സാന്നിദ്ധ്യം വലിയ അളവില്‍ ദൃശ്യമാകാന്‍ തുടങ്ങിയതോടെ, വിദേശങ്ങളില്‍ ഉള്ളപ്പോള്‍ കൊതുകുകടിയേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം വന്നിരിക്കുകയാണ്. കൊതുകുകടിയിലൂടെ മനുഷ്യ ശരീരത്തിലെത്തുന്ന വൈറസ് മൂലമുണ്ടാകുന്ന ചിക്കന്‍ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍ പെട്ടെന്നുള്ള പനിയും സന്ധിവേദനയുമാണ്. ചിക്കന്‍ഗുനിയയ്ക്ക് പുറമെ ഒറോപോച്ച് വൈറസിന്റെ സാന്നിദ്ധ്യവും യു കെയില്‍ കണ്ടെത്തിയതായി യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) അറിയിച്ചിട്ടുണ്ട്. ഇത് പ്രധാനമായും ബ്രസീലില്‍ നിന്നും തിരിച്ചെത്തിയവരിലാണ് കണ്ടെത്തിയിട്ടുള്ളത്.

ചിക്കന്‍ഗുനിയ ബാധിച്ചവരില്‍ ഒട്ടുമിക്കവര്‍ക്കും രണ്ടാഴ്ച്ചക്കകം രോഗം ഭേദമായതായി യു കെ എച്ച് എസ് എ പറയുന്നു. എന്നാല്‍, സന്ധിവേദന മാത്രം മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളവും തുടര്‍ന്നേക്കാം. അതീവ സങ്കീര്‍ണ്ണസവസ്ഥ ഉണ്ടാകുന്നത് വിരളമാണെങ്കിലും, ചില അവസരങ്ങളിലെങ്കിലും ഇത് മരണ കാരണവുമായേക്കാം, പ്രത്യേകിച്ച് കുട്ടികളിലും പ്രായമേറിയവരിലും. അതുപോലെ, മറ്റ് രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും ചിക്കന്‍ഗുനിയ ഏറെ അപകടകരമായേക്കാം.

യു കെ എച്ച് എസ് എ യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2025 ജനുവരിക്കും ജൂണിനും ഇടയിലായി ചിക്കന്‍ഗുനിയയുടെ 73 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വെറും 27 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ശ്രീലങ്ക, ഇന്ത്യ, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരിലാണ് ഇത് കൂടുതലായി കാണുന്നത്. ഇംഗ്ലണ്ടിലാണ് എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ലണ്ടനില്‍ നിന്നും. ഈ രോഗം പരത്തുന്ന രണ്ടിനം കൊതുകുകള്‍ ഇപ്പോള്‍ യു കെയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല എന്നും യു കെ എച്ച് എസ് എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടയില്‍, മാരകമായ, മലേറിയയ്ക്ക് സമാനമായ സ്ലോത്ത് വൈറസിന്റെ സാന്നിദ്ധ്യവും യു കെയില്‍ കണ്ടെത്തിയതായി യു കെ എച്ച് എസ് എ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിക്കും ജൂണിനും ഇടയിലായി ഒറോപോച്ച് വൈറസ് ബാധിച്ച മൂന്ന് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഉഷ്ണമേഖല വൈറസായ ഇത് സാധാരണയായി തെക്കെ അമേരിക്കയിലാണ് കാണപ്പെടുന്നത്. പനി, തലവേദന, കണ്ണുവേദന എന്നിവയാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. വളരെ അപൂര്‍വ്വമായെങ്കില്‍ പോലും ഇവ മെനിഞ്ചിറ്റിസിനും മരണത്തിനും വരെ കാരണമായേക്കാം എന്ന മുന്നറിയിപ്പും യു കെ എച്ച് എസ് എ നല്‍കുന്നു.

വിദേശയാത്ര കഴിഞ്ഞെത്തുമ്പോള്‍, കടുത്ത പനി, കുളിര്, തലവേദന, സന്ധിവേദന, പേശീ വേദന എന്നിവഅനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം സ്വീകരിക്കണം എന്നും യു കെ എച്ച് എസ് എ നിര്‍ദ്ദേശിക്കുന്നു. ചില പ്രത്യേകയിനം കൊതുകുകളുടെയും ചില ഇനം ചെറു പ്രാണികളുടെയും ദംശനത്തിലൂടെയാണ് ഈ വൈറസ് പകരുക. ലൈംഗിക ബന്ധം വഴിയും ഇത് പടരാം. മാത്രമല്ല, ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും ഇത് പടരാന്‍ സാധ്യതയുണ്ട്. 2024 ല്‍ ബ്രസീലില്‍ ഈ രോഗം ബാധിച്ച് രണ്ട് പേര്‍ മരണമടഞ്ഞതാണ്, ഈ രോഗം മൂലം ഉണ്ടായ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട മരണങ്ങള്‍.

ഈ രോഗത്തിന് പ്രത്യേക ചികിത്സയൊന്നും ലഭ്യമല്ലെന്നത് ഓര്‍ക്കണം. അതുകൊണ്ടു തന്നെ കൈമുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍, കൊതുകു നിവാരണികള്‍ എന്നിവ ഉപയോഗിച്ച് കൊതുകു കടിയേല്‍ക്കാതെ രക്ഷപ്പെടുക എന്നത് മാത്രമാണ് ഇതിന്റെ പ്രതിരോധിക്കാനുള്ള വഴി. എയര്‍കണ്ടീഷനിംഗ്, അല്ലെങ്കില്‍ വിന്‍ഡോ സ്‌ക്രീനുകള്‍ ഉള്ള മുറികളില്‍ കഴിയുക. കിടക്കകളും മറ്റും ഇടക്കിടെ കീടവിമുക്തമാക്കുക തുടങ്ങിയവയും ഇതിന്റെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. 1950 കളില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ആദ്യമായി കണ്ടെത്തിയ ഇത് ഇന്ന് ആമസോണ്‍ മേഖലയിലെ ഒരു പകര്‍ച്ചവ്യാധിയാണ്.