കാലിഫോർണിയ: കടയിൽ പന്നി ഇറച്ചി വാങ്ങാൻ തിങ്ങി കൂടിയ ആളുകൾ ഒരു നിമിഷം പതറി. അവർ നേരിൽ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. പെട്ടെന്ന് അവരുടെ കണ്ണിൽ അസാധാരണ തിളക്കമുള്ള നിറം മിന്നിമറയുകയായിരുന്നു. ഇതോടെ പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ് നൽകുകയും ചെയ്തു. കാലിഫോർണിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

കാട്ടുപന്നിയുടെ ഇറച്ചിക്ക് തിളക്കമുള്ള നീലനിറം കണ്ടെത്തിയതിനെത്തുടർന്നാണ് ആളുകൾ പരിഭ്രാന്തിയിലായത്. ഇതോടെ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എലികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഡിഫാസിനോൺ (diphacinone) എന്ന വിഷാംശം ഉള്ളിൽ ചെന്നതാണ് ഈ നിറമാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷം കഴിച്ച മൃഗങ്ങളുടെ ഇറച്ചി പാകം ചെയ്താൽ പോലും വിഷാംശം നഷ്ടപ്പെടുന്നില്ലെന്നും ഇത് മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മൃഗസംരക്ഷണ സ്ഥാപനമായ വൈൽഡ് ലൈഫ് കൺട്രോൾ കമ്പനിയുടെ ഉടമ ഡാൻ ബർട്ടൺ പറയുന്നതനുസരിച്ച്, സാധാരണ നീലയല്ല, മറിച്ച് തിളക്കമുള്ള നിയോൺ നീല നിറമാണ് ഇറച്ചിക്ക് കാണപ്പെടുന്നത്. ഈ വിഷം മനുഷ്യരിൽ മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, മലത്തിൽ രക്താംശം, അടിവയറ്റിൽ വേദന, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. ചില സന്ദർഭങ്ങളിൽ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.

കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് (CDFW) ഉദ്യോഗസ്ഥനായ ഡോ. റയാൻ ബൂർബൂർ പറയുന്നതനുസരിച്ച്, കാട്ടുപന്നി, മാൻ, കരടി, വാത്ത തുടങ്ങിയ വിവിധ മൃഗങ്ങളുടെ ഇറച്ചിയിൽ ഇത്തരം വിഷാംശങ്ങൾ കണ്ടുവരാൻ സാധ്യതയുണ്ട്. എലിവിഷം ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ മൃഗങ്ങൾക്കും ഈ വിഷബാധയേൽക്കാൻ സാധ്യതയുണ്ട്. ഇത്തരം അസാധാരണ നിറം മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് CDFW-യെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, ഈ വിഷയത്തിൽ മുൻകരുതലെന്ന നിലയിൽ ഡിഫാസിനോൺ എന്ന വിഷത്തിന്റെ ഉപയോഗത്തിന് കാലിഫോർണിയയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഷം കാട്ടുപന്നികളെ കൂടാതെ മൂങ്ങകൾ, തേനീച്ചകൾ, കരടികൾ, മൗണ്ടൻ ലയൺ, കോണ്ടോർ തുടങ്ങിയ മറ്റ് വന്യജീവികളെയും ബാധിക്കാൻ സാധ്യതയുണ്ട്.

വിഷബാധയേറ്റ എലികളെ ഭക്ഷിക്കുന്ന മറ്റ് മൃഗങ്ങൾക്കും അസുഖം വരാനോ മരണപ്പെടാനോ സാധ്യതയുണ്ട്. മനുഷ്യർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് ഇത്തരം വിഷങ്ങൾക്ക് നീലനിറം നൽകുന്നത്. കാട്ടുപന്നി ഇറച്ചിക്ക് നീലനിറം കണ്ടെത്തിയത് കാലിഫോർണിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്.