- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡല്‍ഹിയിലുണ്ടായിട്ടും പാര്‍ലമെന്റില്‍ പോയില്ല; കാത്തുനിന്ന മാധ്യമങ്ങളെ 'ഒഴിവാക്കി' രാവിലെ മുതല്‍ ഫ്ലാറ്റില്‍ ഒളിച്ചു; വൈകുന്നേരം ബിഹാറിലേക്ക് മുങ്ങി ഷാഫി പറമ്പില്‍; പാലക്കാടും പടയൊരുക്കം; 'രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി'യെന്ന് ഹൈക്കമാന്‍ഡില്‍ പരാതി
'രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി'യെന്ന് ഹൈക്കമാന്‍ഡില്‍ പരാതി
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ച വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എം പി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതടക്കം രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ ശ്രമിച്ചത്. രാവിലെ മുതല്‍ ഡല്‍ഹിയിലെ ഫ്‌ലാറ്റിലിരുന്ന ഷാഫി, ഇന്ന് പാര്‍ലമെന്റിലേക്കും പോയില്ല. ഇന്ന് രാവിലെ മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഷാഫി കാണാന്‍ കൂട്ടാക്കാതെ വൈകുന്നേരത്തോടെ ബിഹാറിലേക്ക് യാത്രതിരിച്ചതായാണ് വിവരം.
മാധ്യമങ്ങള്‍ക്ക് മുഖം തരാതിരുന്ന ഷാഫി, ഫ്‌ലാറ്റിലേക്ക് മാധ്യമങ്ങളെയും കടത്തിവിടാന്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ വൈകുന്നേരത്തോടെ ഫ്‌ലാറ്റിനു മുന്നില്‍ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി, രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ ബിഹാറിലേക്ക് പോയെന്നാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്നതിന് പിന്നാലെ ഷാഫിക്കെതിരെ പാര്‍ട്ടിയില്‍ പടനീക്കം ശക്തമായിട്ടുണ്ട്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫിയെന്ന പരാതിയടക്കം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തു. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി, പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളും സി പി എം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ പാലക്കാടുള്ള എം എല്‍ എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഡി വൈ എഫ് ഐയും പാലക്കാട്ടെ എം എല്‍ എ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലക്‌സിന് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മര്‍ദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോര്‍ഡ് മറിച്ചിട്ട പ്രതിഷേധക്കാര്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാന്‍ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.