തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്‌നേഹ. തെറ്റുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യപ്പെടും. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. കാരണം ഞാനൊരു പ്രതികരണ ശേഷിയുള്ള മനുഷ്യനാണ്. ചിലരെ പുകഴ്ത്തിയും ചിലരെ താഴ്ത്തിയും ശീലമില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ എന്നും കുറ്റക്കാരനാവുന്ന കാലം.

ചില മൗനങ്ങള്‍ മനസിലാവും. എന്നാല്‍ ചിലരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലതും തകര്‍ത്തത് ഞാനാണ് എന്ന രീതിയിലുള്ള സംസാരം. അവരോടായി പറയുന്നു നന്നായി പണിയെടുത്താണ് ഇന്നും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഒളിവില്ല പരസ്യമായി പ്രകടിപ്പിക്കും. എന്നാല്‍ പിന്നില്‍ നിന്ന് കുത്തുന്ന ശീലം എനിയ്ക്ക് ഒരു കാലത്തുമില്ല. വാമൂടി കെട്ടി മുന്നോട്ടു പോവാനും കഴിയില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആര്‍ വി സ്‌നേഹ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെറ്റുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യപ്പെടും , അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും കാരണം ഞാനൊരു പ്രതികരണ ശേഷിയുള്ള മനുഷ്യനാണ്. ചിലരെ പുകഴ്ത്തിയും ചിലരെ താഴ്ത്തിയും എനിയ്ക്ക ശീലമില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ എന്നും കുറ്റക്കാരനാവുന്ന കാലം..... ചില മൗനങ്ങള്‍ മനസിലാവും എന്നാല്‍ ചിലരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലതും തകര്‍ത്തത് ഞാനാണ് എന്ന രീതിയിലുള്ള സംസാരം.... അവരോടായി പറയുന്നു നന്നായി പണിയെടുത്താണ് ഇന്നും ജീവിക്കുന്നത്..... അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഒളിവില്ല പരസ്യമായി പ്രകടിപ്പിക്കും എന്നാല്‍ പിന്നില്‍ നിന്ന് കുത്തുന്ന ശീലം എനിയ്ക്ക ഒരു കാലത്തുമില്ല..... വാമൂടി കെട്ടി മുന്നോട്ടു പോവാനും കഴിയില്ല ...... സത്യം ജയിക്കും സത്യമെ ജയിക്കു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സ്‌നേഹ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാറി നില്‍ക്കണമെന്നും എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും സ്‌നേഹ ചോദിച്ചിരുന്നു. ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാനാകില്ല. മാധ്യമങ്ങളില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്‍ത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണമെന്നും സ്‌നേഹ പറഞ്ഞിരുന്നു.

ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ മാറി നില്‍ക്കുന്നതാണ് രീതി. സത്യം സമൂഹത്തെ അറിയിക്കാന്‍ സംഘടനക്ക് ബാധ്യതയുണ്ട്. ഡിവൈഎഫ്‌ഐ നേതാവിനെതിരെ ആണ് ഇത്തരം ആരോപണം വന്നതെങ്കില്‍ അവര്‍ പ്രതികരിച്ചേനെയെന്നും സ്‌നേഹ തുറന്നടിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനയില്‍ വേദിയില്ലെന്നും ആര്‍.വി സ്‌നേഹ പറഞ്ഞിരുന്നു.

രാഹുലിന്റെ രാജിക്ക് പിന്നാലെ സ്‌നേഹ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കണമെന്ന് സ്‌നേഹ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് തെറ്റുകാരനല്ലെങ്കില്‍ കൃത്യമായി മറുപടി കൊടുക്കുകയും നിയമപരമായി മുന്നോട്ടുപോവുകയും വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ കേസ് കൊടുക്കണമെന്നും സ്നേഹ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലാണ് സ്നേഹ ഇക്കാര്യം ആവശ്യപ്പെട്ടത്.

'ഒരു പെണ്ണ് യുവനേതാവിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് വന്ന് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ആണോ അതെന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നാണ് മറുപടി. രാഹുല്‍ എന്ന വ്യക്തിക്കപ്പുറം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പേര് ഇങ്ങനൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്? എത്രയോ നേതാക്കളുടെ പേര് പറയാം.

ഈ പരാതിക്കാരി യുവനേതാവിന്റെ പേര് പറയുന്നില്ല. എന്നാല്‍ ചാനലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് വ്യക്തിയെന്ന തരത്തില്‍ പോകുന്നു. ബിജെപിയുടെ പ്രതിഷേധം നടന്നു. സ്ത്രീകള്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കണം, പെണ്ണുപിടിയനായ എംഎല്‍എ വേണ്ടെന്ന് പറഞ്ഞാണ് അവര്‍ പ്രതിഷേധം നടത്തിയത്'-ആര്‍ വി സ്നേഹ പറഞ്ഞു