- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി; അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു'; ബഷീറെഴുതുമോ ഇതുപോലെ? രാഹുലിന്റെ പഴയ കുറിപ്പിന് വന്‍ ട്രോള്‍
ബഷീറെഴുതുമോ ഇതുപോലെ? രാഹുലിന്റെ പഴയ കുറിപ്പിന് വന്‍ ട്രോള്‍
തിരുവനന്തപുരം: ഒന്നിലധികം ലൈംഗികാരോപണങ്ങളാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായും നേതൃത്വം അറിയിച്ചു കഴിഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേ സമയം പ്രണയത്തെ കുറിച്ചും പ്രണയത്തില്‍ വന്നുപോയ മ്യൂലച്യുതികളെ കുറിച്ചും ആശങ്കപ്പെട്ട് കോളജ് കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലെഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വീണ്ടു ചര്‍ച്ചയാകുകയാണ്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ യൂണിയന്‍ മാഗസിനില്‍ 2009 - 10 കാലത്തെഴുതിയ കുറിപ്പാണ് ബഷീറെഴുതുമോ ഇതുപോലെ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രണയം പലപ്പോഴും അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്ക് കീഴടങ്ങിയിരിക്കുന്നുവെന്ന് കുറിപ്പില്‍ രാഹുല്‍ ആകുലപ്പെടുന്നുണ്ട്.
ഒരു മൊബൈലില്‍ നിന്ന് ഒരുപാട് കാമുകന്‍മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും.
പ്രണയബന്ധങ്ങളുടെ ആത്മാര്‍ഥതയിലും തീവ്രതയിലും ഇടിവ് സംഭവിച്ചതില്‍ ആശങ്കപ്പെടുന്ന രാഹുലിനെ വരികളിലൂടെ വായിച്ചെടുക്കാം. ചന്ദ്രികയുടെയും രമണന്റേയും പ്രണയവും മജീദിന്റെയും സുഹ്‌റയുടെയും ലൈലമജ്‌നു പ്രണയത്തെ കുറിച്ചുമെല്ലാം വിശദമായി കുറിപ്പിലുണ്ട്.
ഇതിന് പിന്നാലെയാണ് പുതിയകാലത്തെ പ്രണയത്തെ കുറിച്ചും പ്രണയത്തിലെ ചതിക്കുഴികളെ കുറിച്ചുമെല്ലാം ആശങ്കപ്പെടുന്ന ഭാഗമുള്ളത്. കുറിപ്പിലെ പ്രസക്തഭാഗങ്ങളിങ്ങനെ....'ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് ക്യാംപസിന്റെ പുതിയ ട്രെന്‍ഡാണ്.
ക്യാംപസ് പ്രണയങ്ങള്‍ക്ക് മുന്നില്‍ ദാമ്പത്യത്തിന്റെ വാതായനങ്ങള്‍ ഇന്ന് കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഒരു മൊബൈലില്‍ നിന്ന് ഒരുപാട് കാമുകന്‍മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍ നിന്ന് വിരിയുന്ന പ്രണയങ്ങള്‍പരിധിക്ക് പുറത്താകുമ്പോള്‍ താനേ കട്ടാകുന്നതും ഇന്ന് പതിവുകാഴ്ചകളാണ്.
ഒരു കിനാവിലെന്ന പോലെ പ്രണയത്തിന്റെ വാതായനങ്ങള്‍ എനിക്ക് തുറന്നുതന്ന ഇന്നലെകളിലെ ആ സുന്ദര നിമിഷങ്ങളിലെ നായികയ്ക്കും അതെന്നില്‍ നിന്ന് തട്ടിയകറ്റിയ വിധിയുടെ ക്രൂര വിനോദത്തിനും നന്ദി. ക്യാംപസ് ഇപ്പോഴും വിജനമാണ്. വിജനമായ ക്യംപസിന്റെ ഏകാന്തതയിലെന്ന പോലെ വിജനമായ മനസുമായി ലക്ഷ്യങ്ങളില്ലാതെ ഞാന്‍ യാത്ര തുടരുകയാണ്'.
അതിവേഗം കുതിച്ചു, മൂക്കുകുത്തി വീണു
ക്യാംപസ് പ്രണയങ്ങളെക്കുറിച്ച് ആകുലതകള്‍ പങ്കുവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപ്രവര്‍ത്തകനായും നിയമസഭാ സാമാജികനായും മാറിയപ്പോള്‍ വ്യക്തിജീവിതത്തിലെ അച്ചടക്കമില്ലായ്മ കനത്ത തിരിച്ചടിയായത് ഏതൊരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനും കൊതിക്കുന്ന തരത്തിലുള്ള കുതിപ്പ്. ചാനല്‍ ചര്‍ച്ചകളിലെ മൂര്‍ച്ചയേറിയ സാന്നിധ്യമായി പൊതുസ്വീകാര്യത കൈവരിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, പാലക്കാട് എംഎല്‍എ വെറും രണ്ടുവര്‍ഷം കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയ സുപ്രധാന പദവികള്‍. ആ കുതിപ്പില്‍ രാഹുല്‍ പലകുറി ആവര്‍ത്തിച്ചുപറഞ്ഞത് സ്ത്രീസുരക്ഷയെക്കുറിച്ചായിരുന്നു. അതേ നേതാവിനെതിരെ ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ക്ക് പിന്നാലെ എംഎല്‍എ സ്ഥാനമൊഴികെയുള്ള സ്ഥാനങ്ങളെല്ലാം നഷ്ടമായിരിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീകളോട് സംസാരിച്ചതിന്റെ ശബ്ദരേഖകളും വാട്‌സാപ്പിലും മറ്റ് മെസേജിങ് സംവിധാനങ്ങളിലൂടെയും നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെ അദ്ദേഹത്തെ പിന്തുണച്ചവരും പ്രതിരോധിച്ചവരും പാര്‍ട്ടി നേതൃത്വവുമെല്ലാം പ്രതിസന്ധിയിലായി. ഒരാള്‍ ധൈര്യസമേതം അനുഭവം പുറത്തുപറഞ്ഞതോടെ സമാനമായ ദുരനുഭവങ്ങള്‍ നേരിട്ട ഒട്ടേറെപ്പേര്‍ നേരിട്ടും മറ്റുള്ളവര്‍ വഴിയും അക്കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. അതിന്റെ ഉള്ളടക്കം നേതാവിന്റെ വ്യക്തിത്വത്തിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുന്നതുമായിരുന്നു.
ദുരനുഭവങ്ങള്‍ പുറത്തുപറഞ്ഞവരും പറയാത്തവരുമായ സ്ത്രീകളോട് പലപ്പോഴായി നടത്തിയ സംഭാഷണങ്ങളില്‍ തീര്‍ത്തും അസഭ്യമായ പദപ്രയോഗങ്ങളും 'നിന്നെ കൊല്ലാന്‍ ഒരുനിമിഷം മതി' എന്ന് ആവര്‍ത്തിച്ചുള്ള ഭീഷണിയുമെല്ലാമുണ്ട്. പലതും ട്രോള്‍ മഴയായും സമൂഹമാധ്യമങ്ങളില്‍ പെയ്തിറങ്ങുകയാണ്.
തീപ്പൊരി ചിതറുന്ന പ്രസംഗങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും അണികളെയും ആരാധകരെയും ഒരുപോലെ കയ്യിലെടുത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയകരിയറിന്റെ ഗതിവേഗം കൂട്ടിയത്. പിണറായി വിജയനെ വിജയാ എന്നുവിളിച്ചും കണ്ണൂരില്‍ പോയി സിപിഎമ്മിനെയും നേതാക്കളെയും നടുറോഡില്‍ നിന്ന് വെല്ലുവിളിച്ചും ചാനല്‍ സംവാദങ്ങളില്‍ കാച്ചിക്കുറുക്കിയ മറുവാദങ്ങള്‍ നിരത്തിയും രാഹുല്‍ അണികളെ ഹരംകൊള്ളിച്ചു. സെക്രട്ടേറിയറ്റ് വളയലിന്റെ പേരില്‍ പൊലീസ് വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തതോട് ശരിക്കും താരമായി. പാര്‍ട്ടിയിലും പുറത്തും താരമായതോടെ രണ്ടിടത്തും ശത്രുക്കളും വര്‍ധിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും കണ്ടെത്തുന്നതിലും കൈമാറുന്നതിലും പുറത്തുള്ളവര്‍ക്കൊപ്പം അകത്തുള്ളവര്‍ക്കും ആവേശമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
'വീട്ടില്‍ ആളുണ്ടോ?' എന്ന് ചോദിച്ചശേഷം 'കോണ്ടമില്ല, വീട്ടിലേക്ക് വരട്ടേ' എന്ന് ചോദിക്കുന്നതും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതും വഴങ്ങാത്തപ്പോള്‍ കൊല്ലാന്‍ ഒരുനിമിഷം പോലും വേണ്ട എന്ന് ഭീഷണി മുഴക്കുന്നതുമെല്ലാം എംഎല്‍എയാണ് എന്നത് പാര്‍ട്ടി നേതൃത്വത്തെ തെല്ലൊന്നുമല്ല വലച്ചത്. പാര്‍ട്ടി ബന്ധമുള്ളവര്‍ മാത്രമല്ല ഇരകള്‍ എന്നത് പ്രതിരോധിക്കാന്‍ ശ്രമിച്ചവരെപ്പോലും വെട്ടിലാക്കി. നിയമസഭാംഗത്വം ഒഴിയണം എന്ന ആവശ്യത്തെ തള്ളാനും കൊള്ളനുമാകാത്തെ പാര്‍ട്ടി പ്രതിസന്ധിയിലായതും അതുകൊണ്ടു തന്നെ . എന്തായാലും പാര്‍ട്ടി അംഗത്വത്തില്‍ നിന്നുതന്നെ മാറ്റി നിര്‍ത്തി പ്രതിസന്ധിയില്‍ നിന്ന് തല്‍കാലം തലയൂരുകയാണ് നേതൃത്വം.