- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫി പറമ്പിലിനെ വടകരയില്‍ ഡിവൈഎഫ്‌ഐ തടഞ്ഞതില്‍ പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു; ലാത്തിച്ചാര്‍ജ്
പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു; ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു. പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലേറും നടത്തി.
വടകരയില്‍ ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ വടകരയില്‍ നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേറ്റു. സമരസ്ഥലത്തേക്ക് വരുന്നതിനിടെ കാറില്‍ നിന്നും ഇറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് ദുല്‍ഖിഫിലിന്‌ഫെ പരാതി.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎല്‍എ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റൂറല്‍ എസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്.
ഇന്ന് ഉച്ചയോടെയാണ് വടകരയില്‍ ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. 'രാഹുല്‍ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ' എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫിയുടെ കാര്‍ തടഞ്ഞത്. കാറില്‍നിന്നിറങ്ങിയ ഷാഫി രൂക്ഷമായി പ്രതികരിച്ചതോടെ പൊലീസ് ഷാഫിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരന്നു. തെറി പറഞ്ഞാല്‍ കേട്ടുനില്‍ക്കില്ലെന്നും ആരെയും പേടിച്ചു പോകില്ലെന്നുമായിരുന്നു എന്ന് കാറില്‍ നിന്നിറങ്ങിയ ഷാഫിയുടെ പ്രതികരണം. ''അതിനു വേറെ ആളെ നോക്കണം, നായേ, പട്ടീ എന്നൊക്കെ വിളിച്ചാല്‍ കേട്ടുനില്‍ക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കില്‍, ആര്‍ജവമുണ്ടെങ്കില്‍ പിണറായി വിജയനെതിരെ സമരം ചെയ്യ്.'' എന്നും സമരക്കാരോട് ഷാഫി പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തില്‍ നിന്നിറങ്ങിയ ഷാഫി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ച ശേഷമാണ് മടങ്ങിയത്.