താമരശേരി: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. ഒറ്റ വരിയായി ചെറുവാഹനങ്ങളാണ് ഇപ്പോള്‍ കടത്തിവിടുന്നത്. മഴ കുറഞ്ഞതിനിലാണ് ഗതാഗതം അനുവദിച്ചത്. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്. അതേസമയം ഭാരവാഹനങ്ങള്‍ക്ക് പൂര്‍ണവിലക്കാണ്. ഭാരവാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. മഴ ശക്തമായാല്‍ ഗതാഗതം പൂര്‍ണമായും തടയും. ബദല്‍ പാതകളില്‍ ഇല്ലെങ്കില്‍ വയനാട്ടിലേക്കുള്ള യാത്ര ദുരിതം കൂടും. തുരങ്ക പാതയ്ക്ക് മുമ്പ് ബദല്‍ പാതയുടെ ആവശ്യം ചര്‍ച്ചയാവുകയാണ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നുനില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഉറപ്പാക്കും. കോഴിക്കോട് ജില്ലയിലുടെ ഭാഗമായതിനാല്‍ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്നും ചുരത്തിന്റെ ഭരണനിര്‍വഹണ ചുമതല വയനാടിന് നല്‍കണമെന്നുമുള്ള ആവശ്യം ശക്തമാണ്. 9ാം വളവിന് സമീപത്ത് വ്യൂപോയിന്റിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞത് കാരണം നൂറുക്കണക്കിന് യാത്രക്കാരാണു ചുരത്തില്‍ കുടുങ്ങിയത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലുമെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പ്രയാസപ്പെട്ടു.

മറ്റൊരു ബദല്‍പാതയായ കുറ്റ്യാടി ചുരത്തിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ചുരത്തിന് ബദല്‍പാത യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടികളുണ്ടാകണം. മരുതിലാവ്-ചിപ്പിലിത്തോട്, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതകള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണം. ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ചുരം റോഡിന്റെയും ബദല്‍പാതയുടെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണിത്.

കുറ്റ്യാടി ചുരത്തിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാല്‍ ചുരംവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. കോഴിക്കോട് കാവിലുംപാറ, മരുതോങ്കര മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. തൊട്ടില്‍പ്പാലം പുഴയില്‍ ഒഴുക്ക് വര്‍ധിച്ചിട്ടുള്ളതായും അറിയിപ്പുണ്ട്. കുറ്റ്യാടി ചുരത്തില്‍ പക്രംതളത്തിന് സമീപം നേരിയ മണ്ണിടിച്ചല്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിദഗ്ധ സമിതി ചുരം സന്ദര്‍ശിക്കാനെത്തും. 26 മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി എട്ടരയോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാനായത്. ചൊവ്വാഴ്ച ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങിക്കിടന്ന എല്ലാ വാഹനങ്ങളും കടന്നുപോകാന്‍ അനുവദിച്ചു. ഈ വാഹനങ്ങളെല്ലാം കടത്തിവിട്ടശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്നലെ ചുരം അടച്ചിരുന്നു.

ഇന്ന് രാവിലെ സുരക്ഷാ പരിശോധന നടത്തിയശേഷം വീണ്ടും തുറന്നു. അതേസമയം, ഇന്നലെ വീണ്ടും ചുരത്തില്‍ മണ്ണിടിഞ്ഞത് ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടിരുന്നു. കനത്തമഴയും കോടയും മറ്റൊരു വെല്ലുവിളിയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സഹകരിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കളക്ടറും ജനപ്രതിനിധികളും ഇവിടെയെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു.