- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെറുസലേമില്‍ യേശു അന്ധനെ സുഖപ്പെടുത്തിയ സ്ഥലം കണ്ടെത്തി; സീലോഹ കുളത്തിന്റെ പഴയ സ്ഥാനം അടയാളപ്പെടുത്തുന്ന വലിയ പുരാതന നിര്‍മ്മിതിയെന്ന് ഇസ്രയേല്‍ പുരാവസ്തു ഗവേഷകര്‍; ബൈബിളില്‍ വായിച്ചറിഞ്ഞതിന് ഇനി ശാസ്ത്രീയ തെളിവുകള്‍
ജെറുസലേമില്‍ യേശു അന്ധനെ സുഖപ്പെടുത്തിയ സ്ഥലം കണ്ടെത്തി
ജെറുസലേം: ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിക്കുന്ന യേശു അന്ധനെ സുഖപ്പെടുത്തിയ സ്ഥലം കണ്ടെത്തി. ഇസ്രയേല്‍പുരാവസ്തു അതോറിറ്റി ഗവേഷകരാണ് ജെറുസലേമില്‍ വലിയ പുരാതന നിര്‍മ്മിതി കണ്ടെത്തിയത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നതനുസരിച്ച് ജന്മനാ അന്ധനായ മനുഷ്യന് യേശു സൗഖ്യം നല്‍കിയ സ്ഥലം സീലോഹ കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ''യേശു പറഞ്ഞു, നീ പോയി സീലോഹ (അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം) കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി കാഴ്ചയുള്ളവനായി തിരികെ വന്നു'' (യോഹന്നാന്‍ 9:6-7) എന്നാണ് ബൈബിളില്‍ പറയുന്നത്. 1890കളില്‍ ഈ കുളത്തിലേക്കുള്ള ചില കല്‍പ്പടവുകള്‍ അമേരിക്കന്‍-ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 1960-കളില്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകയാണ് സീലോഹ കുളം കണ്ടെത്തിയത്.
ഈ കുളത്തിന്റെ പഴയ സ്ഥാനം അടയാളപ്പെടുത്തുന്ന ഒരു വലിയ അണക്കെട്ട് നഗരത്തിന്റെ പുരാതന ഹൃദയഭാഗത്ത് ഗവേഷകര്‍ കണ്ടെത്തി. ഈ നിര്‍മ്മിതി ഏകദേശം 2,800 വര്‍ഷങ്ങള്‍ക്ക് മുമ്പ്, യൂദാ രാജാക്കന്മാരായ യോവാശ്, അമാസ്യ എന്നിവരുടെ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാകാം.
ഈ നിര്‍മ്മിതിക്ക്് ബൈബിളില്‍ പറയുന്ന സ്ഥലവുമായി ഒരു വ്യക്തമായ ബന്ധം നല്‍കുന്നു എന്ന് ഇസ്രായേല്‍ പുരാവസ്തു വകുപ്പിലെ (IAA) ഗവേഷണ മേധാവി ഇതാമാര്‍ ബെര്‍ക്കോ, പറഞ്ഞു. 'ഇതുവരെ ബൈബിളിലെ സീലോഹ കുളത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് വായിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ അതിന്റെ 2,800 വര്‍ഷം പഴക്കമുള്ള അവശിഷ്ടങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 മീറ്ററിലധികം ഉയരമുള്ള ഈ കൂറ്റന്‍ അണക്കെട്ട്, ആദ്യ ക്ഷേത്ര കാലഘട്ടത്തില്‍, യോവാശ്, അമാസ്യ രാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ ബൈബിളില്‍ നിന്നും ചരിത്രരേഖകളില്‍ നിന്നും മാത്രം അറിയപ്പെട്ടിരുന്ന സീലോഹ കുളത്തിന്റെ നിര്‍മ്മാണത്തിന് അടിസ്ഥാനമായ ഒരു നിര്‍മ്മിതിയെക്കുറിച്ചാണ് ഇപ്പോള്‍ കൃത്യമായി വിരല്‍ ചൂണ്ടാന്‍ സാധിക്കുന്നതെന്ന് ബെര്‍ക്കോ പറഞ്ഞു. ഈ കണ്ടെത്തല്‍ ബൈബിളില്‍ വിവരിച്ച സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചരിത്രപരമായ ധാരണയെ കൂടുതല്‍ വ്യക്തമാക്കുന്നു.
ചരിത്രപരമായ സിലോഹ കുളം പൂര്‍ണ്ണമായും ഉദ്ഖനനം ചെയ്യാനുള്ള നടപടികള്‍ക്ക് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയും ഇസ്രായേല്‍ നാഷണല്‍ പാര്‍ക്ക് അതോറിറ്റിയും സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനും മൂന്നുവര്‍ഷം മുമ്പ് തുടക്കമിട്ടിരുന്നു. ജെറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് നാഷ്ണല്‍ പാര്‍ക്കിലെ സിലോഹാ കുളം അന്താരാഷ്ട്രതലത്തില്‍ തന്നെ ചരിത്ര പ്രാധാന്യമേറിയ സ്ഥലമാണ്.
ഗിഹോണ്‍ നീരുറവയില്‍ നിന്നും ഒഴുകുന്ന വെള്ളം ശേഖരിക്കുവാനുള്ള സംഭരണ സ്ഥലം എന്ന നിലയില്‍ 2700 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് ബി.സി എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയാ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് സിലോഹാ കുളം (2 രാജാക്കന്‍മാര്‍ 20:20). രണ്ടാം ക്ഷേത്ര കാലഘട്ടത്തില്‍ (2,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) ഈ കുളം പുനരുദ്ധരിക്കുകയും, വിസ്തൃതമാക്കുകയും ചെയ്തുവെന്നാണ് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി പറയുന്നത്.