ഏഥന്‍സ്: ഗ്രീസ് തുറമുഖത്ത് എത്തിയ ക്രൗണ്‍ ഐറിസ് ക്രൂയിസ് കപ്പലിലെ ഇസ്രായേല്‍ യാത്രക്കാര്‍ക്കെതിരെ വീണ്ടും പ്രതിഷേധം. കപ്പലില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചവര്‍ക്ക് പ്രതിഷേധക്കാരുടെ ആക്രമണം നേരിടേണ്ടി വന്നു. ഒടുവില്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ച് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. അപ്രതീക്ഷിത അക്രമണം കണ്ട് ഭയന്ന യാത്രക്കാര്‍ പേടിച്ച് തിരിച്ച് കപ്പലിലേക്ക് തന്നെ കയറുകയായിരുന്നു. പോലീസെത്തി പ്രതിഷേധക്കാരെ നിയന്ത്രിച്ച ശേഷം യാത്രക്കാരെ ഇറക്കുകയായിരുന്നു. പ്രതിഷേധക്കാരുമായുള്ള നടപടിക്കിടെ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.

ഭീതിയോടെയാണ് കപ്പലിലെ യാത്രക്കാര്‍ അക്രമത്തെക്കുറിച്ച് പറയുന്നത്. 'ആദ്യമായി ഇറങ്ങിയവര്‍ക്ക് കല്ലും ഇരുമ്പുആയുധങ്ങളും കൊണ്ടാണ് ആക്രമണമേറ്റതെന്ന് കെറെന്‍ എന്നൊരു യാത്രക്കാരി പറയുന്നു. ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ ഇസ്രായേല്‍ ടൂറിസ്റ്റുകളെ കല്ലെറിഞ്ഞ് ആക്രമിച്ചതായി മറ്റൊരു യാത്രക്കാരനായ ഇടോ നാഹും, പറഞ്ഞു.'അവര്‍ തങ്ങളുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചു. ഇടപെട്ട് തടയാന്‍ ശ്രമിച്ച രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ചു. അഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

'ഫലസ്തീന്‍ റെസിസ്റ്റന്‍സ്'', 'ബഹിഷ്‌കരിക്കൂ ഇസ്രായേല്‍'' എന്നീ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ പ്രകടനത്തില്‍ പങ്കെടുത്തത്. ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് പ്രതിഷേധം നടത്തിയതെന്ന് അവര്‍ അവകാശപ്പെട്ടു. എന്നാല്‍ '20-25 പേര്‍ അണിനിരന്ന ചെറിയൊരു പ്രതിഷേധം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കി. യാത്രക്കാര്‍ എല്ലാവരും സാധാരണ പോലെ ഇറങ്ങി ബസ് ടൂറിലേക്ക് പോയി. തുറമുഖം ഇപ്പോഴും തുറന്നിരിക്കുകയാണെന്നും മാനോ മാരിറ്റൈം കമ്പനിയുടെ വക്താവായ യുവാല്‍ പെലെഗ് പറഞ്ഞു

എന്നാല്‍ ഇതാദ്യമായല്ല ഗ്രീസില്‍ കപ്പലിനും യാത്രക്കാര്‍ക്കും നേരെ പ്രതിഷേധവും അക്രമവും ഉണ്ടാകുന്നത്. കഴിഞ്ഞ മാസം, 1,700-ഓളം ഇസ്രായേല്‍ പൗരന്മാര്‍ സഞ്ചരിച്ചിരുന്ന ഈ കപ്പല്‍ എര്‍മൂപോളിയിലെ തുറമുഖത്ത് പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ആറുമണിക്കൂര്‍ സന്ദര്‍ശനത്തിനായി ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ 150-ത്തിലധികം പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി തടയുകയായിരുന്നു.

ഈ സംഭവത്തെ 'ഗ്രീസിന് അപമാനകരം'' എന്നാണ് ആരോഗ്യ മന്ത്രി അഡോണിസ് ജോര്‍ജിയാദിസ് അപലിപിച്ചത്. വിദേശികളെ നിയമാനുസൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നവരെ അറസ്റ്റ് ചെയ്ത് ആന്റി-റേസിസം നിയമപ്രകാരം കുറ്റം ചുമത്തുമെന്ന് ആഭ്യന്തര സുരക്ഷാമന്ത്രി മിഖാലിസ് ക്രിസോചോയിഡിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, ജൂലൈ 29-ന് ക്രീറ്റില്‍ നടന്ന മറ്റൊരു പ്രതിഷേധത്തില്‍ പൊലീസ് പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. നാല് പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനു മുന്‍പ്, റോഡ്സ് ദ്വീപിലെ തുറമുഖത്തും സമാന രംഗങ്ങള്‍ നടന്നു.