- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയുടെ ഓളപ്പരപ്പില്‍ ഇന്ന് ആവേശം അല തല്ലും: ഒന്‍പത് വിഭാഗങ്ങളിലായി മത്സരിക്കുന്നത് 75 കളിവള്ളങ്ങള്‍
നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയുടെ ഓളപ്പരപ്പില്‍ ഇന്ന് ആവേശം അല തല്ലും: ഒന്‍പത് വിഭാഗങ്ങളിലായി മത്സരിക്കുന്നത് 75 കളിവള്ളങ്ങള്‍
ആലപ്പുഴ: 71-ാമതു നെഹ്‌റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങി. ഓളപ്പരപ്പിലൂടെ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴുകി എത്തുന്ന കാഴ്ച കാണാന്‍ പതിനായിരങ്ങള്‍ കരകളിലേക്കൊഴുകിയെത്തും. ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് കാണാനും ആവേശം കൊടിയേറ്റാനും പല ജില്ലകളില്‍ നിന്നുമായി ആളുകള്‍ പുന്നമടയിലേക്ക് ഇന്ന് എത്തിച്ചേരും. പിന്നെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കയ്യൊപ്പു ചാര്‍ത്തിയ വെള്ളിക്കപ്പിനായി തിരകള്‍ തീപ്പൊരിയാകുന്ന പോരാട്ടം.
ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടന്‍വള്ളങ്ങള്‍ 21 എണ്ണമുണ്ട്. ചുരുളന്‍ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ തുടക്കം. ഉദ്ഘാടനച്ചടങ്ങിനു ശേഷമാണു ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. വൈകിട്ട് നാലോടെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലില്‍ ഏറ്റുമുട്ടുക. ഒന്നിലേറെ വള്ളങ്ങള്‍ ഒരേസമയത്തു ഫിനിഷ് ചെയ്താല്‍ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാന്‍ അനുവദിക്കും.
ഇത്തവണയും മത്സരങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടാവില്ല. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് ഫൈനലില്‍ എത്തുക എന്നുള്ളതാണ് വള്ളംകളി പ്രേമികള്‍ ഉറ്റു നോക്കുന്നത്. മേപ്പാടം വലിയ ദിവാന്‍ജി, കാരിച്ചാല്‍ നടുഭാഗം, ജവഹര്‍ തയങ്കരി, ചെറുതന ചമ്പക്കുളം തലവടി തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന എല്ലാ ചുണ്ടന്‍ വള്ളങ്ങളും ഇത്തവണ കപ്പടിക്കാന്‍ ഒരുങ്ങിയാണ് കുട്ടനാട്ടിലെ പുന്നമടക്കായല്‍ എത്തുന്നത്. കുറ്റമറ്റ രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ ഒഫീഷ്യല്‍സുകളായ കെ കെ ഷാജുവും കുറുപ്പും പറയുന്നു.
മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വള്ളംകളി കാണാന്‍ എത്തും. നാലുലക്ഷത്തോളം കാണികള്‍ ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയനാണ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാവെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍, കൂടാതെ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പ്രമുഖര്‍ മത്സരം കാണാന്‍ പുന്നമടയില്‍ എത്തും. കഴിഞ്ഞ 40 ദിവസത്തിലധികമായി നടന്ന പരിശീലനത്തിനുശേഷം ചുണ്ടന്‍ വള്ളങ്ങളും തുഴച്ചക്കാരും ഇന്ന് വിശ്രമത്തിലാണ്. നാളെ രാവിലെ ചുണ്ടന്‍ വള്ളങ്ങള്‍ വീണ്ടും നീറ്റിലിറക്കും
പാസ് ഉള്ളവര്‍ക്കു മാത്രമാണു ഗാലറികളില്‍ പ്രവേശനം. വള്ളംകളി പ്രമാണിച്ചു കൂടുതല്‍ ബസ്, ബോട്ട് സര്‍വീസുകള്‍ ഉണ്ടാകും. ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നും ടിക്കറ്റ് എടുക്കാനാകും. നഗരത്തില്‍ ഇന്നു രാവിലെ മുതല്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.