- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പതിനേഴാം വയസ്സില്‍ മൈക്കിളിന്റെ പെണ്‍ശബ്ദം മാറി; അമേരിക്കക്കാരന്‍ വര്‍ഷങ്ങളായി അനുഭവിച്ച ദു:ഖം രണ്ടാഴ്ച കൊണ്ട് മാറ്റിക്കൊടുത്ത് പാടുംപാതിരി: ഫാ. പോള്‍ പൂവത്തിങ്കലിന് അമേരിക്കയിലിരുന്ന് നന്ദി പറഞ്ഞ് മൈക്കിളും കുടുംബവും
പതിനേഴാം വയസ്സില്‍ മൈക്കിളിന്റെ പെണ്‍ശബ്ദം മാറി
തൃശ്ശൂര്‍: പതിനേഴ് വയസ്സായിട്ടും പെണ്ണുങ്ങളുടെ ശബ്ദത്തില്‍ സംസാരിക്കുന്നതിന്റെ വിഷമത്തിലായിരുന്നു അമേരിക്കക്കാരന്‍ മൈക്കിള്‍. മറ്റുള്ളവരുടെ കളിയാക്കലില്‍ മനസ്സുലഞ്ഞ ആ കൗമാരക്കാന്റെ ദു:ഖം രണ്ടാഴ്ച കൊണ്ട് മാറ്റിക്കൊടുത്തിരിക്കുകയാണ് തൃശ്ശൂര്‍ ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയിലെ ഫാ. പോള്‍ പൂവത്തിങ്കല്‍. വര്‍ഷങ്ങളായി അനുഭവിച്ച ദുഃഖം രണ്ടാഴ്ചകൊണ്ട് അച്ചന്‍ മാറ്റിക്കൊടുത്തപ്പോള്‍ അമേരിക്കയിലെ സൗത്ത് ഡെക്കോട്ട സ്വദേശിയായ മൈക്കിളിന്റെയും അമ്മയുടെയും സന്തോഷത്തിന് അതിരില്ല.
അമേരിക്കയിലുള്ള ഫാ. ആന്റോ വഴിയാണ് മൈക്കിള്‍ ഫാ. പോള്‍ പൂവത്തിങ്കലിനെ കുറിച്ച് അറിയുന്നതും ബന്ധപ്പെടുന്നതും. ഓണ്‍ലൈന്‍ വഴിയായിരുന്നു ചികിത്സ. കൃത്രിമമായി ചുമപ്പിച്ചും ശാസ്ത്രീയമായി മറ്റു ശബ്ദങ്ങള്‍ അഭ്യസിപ്പിച്ചുമാണ് മൈക്കിളിന്റെ യഥാര്‍ഥശബ്ദം വീണ്ടെടുത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു സെഷനായിട്ടായിരുന്നു ചികിത്സ. മൈക്കിളിന്റെ ചികിത്സ വളരെ പെട്ടെന്ന് തന്നെ ഫലം കണ്ടു. കൗമാരത്തിന്റെ അവസാനഘട്ടത്തില്‍ മൈക്കിള്‍ പുരുഷ ശബ്ദത്തിലേക്ക് മാറി.
'പ്യുബര്‍ഫോണിയ' എന്നാണ് ഈ പ്രശ്‌നത്തിന്റെ ശാസ്ത്രീയനാമം. കുട്ടിക്കാലത്ത് അമ്മയെയോ മുത്തശ്ശിയെയോ അനുകരിക്കുന്നതുമൂലമോ മറ്റുകാരണങ്ങള്‍കൊണ്ടോ സ്ഥാനം തെറ്റിപ്പോകുന്ന ഫാള്‍സെറ്റോ മസില്‍ യഥാസ്ഥാനത്തേക്ക് എത്തിക്കുകയാണ് ചികിത്സയിലൂടെ ചെയ്യുന്നത്. ചികിത്സയ്ക്ക് വിധേയനാകുന്ന ആളിന്റെ നിശ്ചയദാര്‍ഢ്യം ചികിത്സ വിജയിക്കുന്നതിലൊരു ഘടകമാണ്.
15 വര്‍ഷംകൊണ്ട് പതിനായിരത്തോളം പേര്‍ക്കാണ് ഫാ. പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ പലതരം ശബ്ദചികിത്സകള്‍ നല്‍കിയത്. ശബ്ദത്തിലെ പ്രശ്‌നം മൂലം ജീവിതം പ്രതിസന്ധിയിലായ നിരവധി പേരാണ് അച്ഛനെ തേടി എത്തിയിട്ടുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശബ്ദം പോയഘട്ടത്തില്‍ മൂന്നുതവണ അദ്ദേഹത്തെ ഫാ. പോള്‍ പൂവത്തിങ്കല്‍ ചികിത്സിച്ചു. ഒരുതവണ തൃശ്ശൂരിലെ സ്ഥാപനത്തില്‍ ഉമ്മന്‍ചാണ്ടി നേരിട്ടുവരുകയും ചെയ്തു.
സ്ത്രീശബ്ദംമൂലം വിവാഹം മുടങ്ങുകയുള്‍പ്പെടെയുള്ള ജീവിതപ്രതിസന്ധി നേരിട്ടവരും ശബ്ദമില്ലാതെ ജോലി നഷ്ടപ്പെട്ടവരുമെല്ലാം ഇവിടെയെത്തി സുഖം പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതക്കച്ചേരികള്‍ നടത്തി ആദരംനേടിയ ഫാ. പോള്‍ പൂവത്തിങ്കല്‍ 2004-ല്‍ സ്ഥാപിച്ച ചേതന സംഗീത് നാട്യ അക്കാദമിയുടെ ഭാഗമായാണ് 2005-ല്‍ ചേതന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി സ്ഥാപിക്കുന്നത്. പാടും പാതിരി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.