തിരുവനന്തപുരം: തിരുവനന്തപുരത്തെ ആശുപത്രികളിലും അഭയകേന്ദ്രത്തിലും കഴിഞ്ഞിരുന്ന അജ്ഞാതന്റെ നേപ്പാളിലുള്ള കുടുംബത്തെ കണ്ടെത്തി അധികൃതര്‍. നേപ്പാളില്‍ നിന്നും ബന്ധുക്കള്‍ എത്തിയതോടെ 27കാരന്‍ ബോധിരാജ് ഇന്ന് നാട്ടിലേക്ക് മടങ്ങും. അഭയകേന്ദ്രത്തിലെ 'അജ്ഞാതന്‍' ആയി കഴിഞ്ഞ യുവാവാണ് തന്നെ ശുശ്രൂഷിച്ചവരുടെ സ്‌നേഹത്തണലില്‍ ബന്ധുക്കള്‍ക്കൊപ്പം ജന്മദേശത്തേക്ക് മടങ്ങിയത്.

കഴിഞ്ഞ മെയിലാണ് നേപ്പാള്‍ സ്വദേശിയായ ബോധിരാജ് തിരുവനന്തപുരത്ത് എത്തിയത്. വീട്ടുകാരോടു പിണങ്ങി ജോലിതേടി വീടും നാടും വിട്ട് രാജ്യാതിര്‍ത്തി കടന്ന് പല വണ്ടികള്‍ മാറിക്കയറി തിരുവനന്തപുരത്തെത്തിയ ബോധിരാജിന് മാനസികാരോഗ്യം നഷ്ടപ്പെട്ടതോടെ വീടും നാടും സ്വന്തം പേരും എല്ലാം മറന്നു. മൂന്നു മാസത്തിനിടെ പല ആശുപത്രികള്‍ മുതല്‍ അഭയകേന്ദ്രത്തില്‍ വരെ എത്തപ്പെട്ടു. തിരുവനന്തപുരംജനറല്‍ ആശുപത്രിയില്‍ നിന്നും വട്ടപ്പാറ സെയ്ന്റ് ഇഗ്‌നേഷ്യസ് ചാരിറ്റി കേന്ദ്രം(സിക്ക്) ബോധിരാജിനെ ഏറ്റെടുത്തു. ഇവരാണ് ബോധിരാജിന്റെ കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ചത്.

തീവണ്ടിയില്‍ തിരുവനന്തപുരത്തെത്തി രണ്ടാം ദിവസം മൊബൈല്‍ഫോണും പഴ്സും തിരിച്ചറിയല്‍രേഖകളും നഷ്ടപ്പെട്ടു. നിരാശനായ ബോധിരാജ്, കഴുത്തില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ചോരയില്‍ക്കുളിച്ച് റോഡില്‍ വീണുകിടന്ന ഇദ്ദേഹത്തെ ആരോ മെഡിക്കല്‍ കോേളജ് ആശുപത്രിയിലെത്തിച്ചു. അവിടെ ചികിത്സ കഴിഞ്ഞ് ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിലേക്കുമെത്തി. അപ്പോഴേക്കും ഓര്‍മ്മകള്‍ നഷ്ടമായിരുന്നു.

ജനറല്‍ ആശുപത്രിയിലെ നഴ്സുമാരോടും ജീവനക്കാരോടും മുറിഹിന്ദിയില്‍ വീട്ടില്‍ പോകണം എന്ന് ഇയാള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ സന്ധ്യ സോണിയ വഴി ജില്ലാ ലീഗല്‍ അതോറിറ്റിയുടെ കത്തോടെ സെയ്ന്റ് ഇഗ്‌നേഷ്യസ് ചാരിറ്റി കേന്ദ്രം സെക്രട്ടറി പി.കെ.പുന്നൂസ് ബോധിരാജിനെ ഏറ്റെടുത്തു. ഇവിടെവച്ചാണ് നേപ്പാള്‍ സ്വദേശിയാണെന്ന് മനസ്സിലായത്.

ഇതോടെ നേപ്പാള്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. പി.കെ.പുന്നൂസിന്റെ ഡല്‍ഹിയിലുള്ള മകളുടെ നേപ്പാള്‍ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ വഴി വീട്ടുകാരെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ചൊവ്വാഴ്ചയോടെ ബോധിരാജിന്റെ സഹോദരനും ഭാര്യാസഹോദരനും തിരുവനന്തപുരത്തെത്തി. ബുധനാഴ്ച ഇവര്‍ തീവണ്ടിമാര്‍ഗം ഡല്‍ഹിയിലും അതുവഴി നേപ്പാളിലേക്കും പോകും.