ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി മൂലം ജനജീവിതം താറുമാറായി.

ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളില്‍ ഉയര്‍ന്നു. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദി ഒഴുകുന്നത്. നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. അയ്യായിരത്തോളം പേരെയാണ് ഇത്തരത്തില്‍ ടെന്റുകളിലേക്ക് മാറ്റിയത്. യമുനാ നദിതീരങ്ങളില്‍ നിലവില്‍ പ്രളയഭീതി നിലനില്‍ക്കുന്നുണ്ട്.

ഹരിയാനയില്‍ അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം ഡല്‍ഹിയിലേക്കാണ് ഒഴുകിയെത്തുന്നത്. നിരവധി കുടിലുകളില്‍ വെള്ളം കയറി. ജനജീവിതം ദുസ്സഹമായി. നിലവില്‍ ഡല്‍ഹിയില്‍ മഴ പെയ്യുന്നില്ല. പക്ഷേ യമുനാനദി കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി നഗരത്തില്‍ യെല്ലോ അലര്‍ട്ടാണ്. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.

പഞ്ചാബില്‍ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഹിമാചല്‍പ്രദേശില്‍ 3 ദേശീയപാതകള്‍ ഉള്‍പ്പെടെ 800 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മഴക്കെടുതിയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തു. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 1988-ന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നത്. രണ്ടര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ജമ്മുവിലും ഹിമാചല്‍ പ്രദേശിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.