- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് സുപ്രീംകോടതി; പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് പണി; സ്വമേധയാ കേസെടുത്ത് നീതിപീഠം; 'കുന്നംകുളം ക്രൂരത' ഇനി ആവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാതെ തുടരുന്ന സംസ്ഥാനങ്ങള്‍ക്ക് എതിരെ സുപ്രീം കോടതി. ദൈനിക് ഭാസ്‌കര്‍ പത്രത്തിലെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേസ് എടുത്തത്. പോലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് ബാധ്യതപ്പെടുത്തി 2020 ല്‍ സുപ്രീം കോടതി ഉത്തരവ് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രണ്ടരവര്‍ഷത്തിനുശേഷം പുറത്ത് വന്ന പശ്ചാത്തലത്തില്‍കൂടിയാണ് സുപ്രീംകോടതിയുടെ സുപ്രധാന നീക്കമെന്നതും ശ്രദ്ധേയമാണ്. യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുപ്രീംകോടതി ഇടപെടലോടെ ആ ക്രൂരതയ്ക്കും നിയമപരമായ ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കുകയാണ്.
2025-ല്‍ മാത്രം കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചതായി ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓരോ ഇടത്തെയും കണക്കുകളും വ്യക്തമാക്കി. ഇതിന് തുടര്‍ച്ചയായാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 'പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവം' എന്ന പേരില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സ്വമേധയാ പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുന്നു എന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. കേരളം പോലെ അപൂര്‍വ്വ സംസ്ഥാനങ്ങളിലാണ് സിസിടിവി സംവിധാനം പൂര്‍ണ്ണമായും ഏര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശം നടപ്പാക്കാത്തതും സിസിടിവി സംവിധാനങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളില്‍ ഇടപെട്ടാണ് നടപടികള്‍.
രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ ഉത്തരവ് പല സംസ്ഥാനങ്ങളിലും നടപ്പായിട്ടില്ലെന്ന് പത്ര റിപ്പോര്‍ട് ചൂണ്ടികാണിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഇടപെടല്‍.
എല്ലാ പോലീസ് സ്റ്റേഷനുകളിലും, എല്ലാ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലും, മെയിന്‍ ഗേറ്റിലും, ലോക്കപ്പുകളിലും, ഇടനാഴികളിലും, ലോബിയിലും, സ്വീകരണ മുറികള്‍ക്കും പുറത്തുള്ള സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. അങ്ങനെ ഒരു ഭാഗവും മറച്ചുവെക്കപ്പെടാതിരിക്കണം. എന്നായിരുന്നു കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നത്. സിസിടിവി സംവിധാനങ്ങളില്‍ രാത്രി കാഴ്ചയും ഓഡിയോ, വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ഡാറ്റ സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം ഡാറ്റാ ശേഷി അനുവദിക്കുന്ന സംവിധാനങ്ങള്‍ വാങ്ങേണ്ടത് നിര്‍ബന്ധമാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
2020-ല്‍ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിന്യായത്തിലാണ് പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കിയത്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി), റവന്യൂ ഇന്റലിജന്‍സ് വകുപ്പ് (ഡിആര്‍ഐ), സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) എന്നീ കേന്ദ്ര ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍