തിരുവനന്തപുരം: ഓണത്തിന് കേരളത്തില്‍ മദ്യം മാത്രമല്ല തൈരിനും മോരിനും വന്‍ ഡിമാന്‍ഡ്. ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുന്നേയുള്ള ഉത്രാടം ദിനത്തില്‍ മാത്രം 38,03,388 ലിറ്റര്‍ പാലും 3,97,672 ലക്ഷം കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. മില്‍മ മാത്രമല്ല പാലും തൈരും കേരളത്തില്‍ വില്‍ക്കുന്നത്. അവര്‍ക്കും വലിയ നേട്ടം ഈ ഓണക്കാലത്ത് ഉണ്ടായിട്ടുണ്ട്. അതായത് മദ്യത്തിനൊപ്പം പാല്‍ ഉല്‍പ്പനങ്ങളും ഓണക്കാലത്തെ പ്രധാന കച്ചവട വിഭവമാകുന്നത്.

മില്‍മയുടെ കണക്കില്‍ കഴിഞ്ഞവര്‍ഷം പാലിന്റെ മൊത്തം വില്‍പ്പന 37,00,209 ലിറ്ററും തൈരിന്റെ വില്‍പ്പന 3,91,923 കിലോയുമായിരുന്നു. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം 1,16,77,314 ലിറ്റര്‍ പാലും 13,76,860 കിലോ തൈരുമായിരുന്നു വില്‍പ്പന. ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതന്‍ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 863.92 ടണ്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്‍പ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ്‍ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്‍പ്പന 991.08 ടണ്ണായി ഉയര്‍ന്നു.

ക്ഷീരോത്പന്നങ്ങളുടെ വിപണിയില്‍ മില്‍മ പ്രഥമസ്ഥാനം നിലനിര്‍ത്തുകയും ഓരോ വര്‍ഷവും വില്‍പ്പന ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓണവിപണി മുന്നില്‍ കണ്ടുകൊണ്ട് പാലും തൈരും മറ്റ് പാലുല്‍പ്പന്നങ്ങളും സുഗമമായി വിതരണം ചെയ്യുന്നതിനായി മില്‍മ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു. ഉപഭോക്താക്കള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) ചെയര്‍മാന്‍ കെ എസ് മണി നന്ദി പറഞ്ഞു.

മികച്ച നേട്ടം കൈവരിക്കാനായതില്‍ ഫെഡറേഷന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍, പ്രാദേശിക യൂണിയനുകള്‍, മാനേജ്‌മെന്റ്, ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, വാഹനങ്ങളിലെ വിതരണ ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഓണക്കാലത്ത് സപ്ലൈകോയുടെ ആറ് ലക്ഷം കിറ്റുകളില്‍ 50 മില്ലി ലിറ്റര്‍ നെയ്യ് വിതരണം ചെയ്തതായും മില്‍മയുടെ റെഡി ടു ഡ്രിങ്ക് അടക്കമുള്ള പായസം കിറ്റുകള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയതായും ചെയര്‍മാന്‍ പറഞ്ഞു.

തങ്ങളുടെ ഉത്പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ അടിയുറച്ച വിശ്വാസവും ഗുണമേന്‍മയും വിതരണത്തിലെ കാര്യക്ഷമതയും കൊണ്ടാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് പ്രകടനം നടത്താന്‍ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.