തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകള്‍തേടി അന്വേഷണസംഘം ബെംഗളൂരുവിലേക്ക്. ആരോപണമുന്നയിച്ച യുവതി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തുകയാണ് ലക്ഷ്യം. ചില സൂചനകള്‍ ലഭിച്ചെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ത്തന്നെ യുവതിയില്‍നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യപ്പെട്ടാല്‍ മാത്രമേ പോലീസിന് എന്തെങ്കിലും ചെയ്യാനാകൂ. അല്ലാത്ത പക്ഷം രാഹുലിനെതിരായ കേസ് അപ്രസക്തമാകും. രാഹുല്‍ മാങ്കൂട്ടത്തിലിന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും താര പദവി കിട്ടുന്നുണ്ട്. ഓണാശംസയടക്കം പതിനായിരങ്ങള്‍ ലൈക്ക് ചെയ്്തു. രാഹുലിന് അനുകൂലമായ പോസ്റ്റും കൂടുന്നു. ഈ സാഹചര്യത്തില്‍ അതിവേഗ നടപടികള്‍ക്ക് പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ട്.

രാഹുലിനെതിരെ പോലീസ് കേസെടുത്തത് കേട്ടു കേള്‍വികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഇരകളാരും പരാതിക്കാരായിട്ടില്ല. ഈ സാഹചര്യത്തിലാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇരയെ സമീപിക്കാനുള്ള നീക്കം. ഇര മൊഴി നല്‍കിയാല്‍ പുതിയ കേസ് രജിസ്റ്റര്‍ചെയ്യുകയോ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌തേക്കും. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ നല്‍കിയ പരാതികളിന്മേലാണ് രാഹുലിന്റെപേരില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. പരാതിനല്‍കിയ ഏതാനും പേരില്‍നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും കേസ് ബലപ്പെടുത്തുന്നവയല്ല. രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്. എന്നാല്‍ ഈ നടി രാഹുലിന്റെ പേര് പറഞ്ഞിട്ടുമില്ല.

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇട്ട എഫ്‌ഐആറില്‍ ഉള്ളത് അന്വേഷകര്‍ക്ക് ഇരയെ കുറിച്ച് ഒരു തുമ്പും ഇല്ലെന്ന സൂചനയാണ്. ഈ കേസ് ഒരിടത്തും എത്തില്ലെന്നാണ് മാങ്കൂട്ടത്തില്‍ ഫാന്‍സ് പറയുന്നത്. എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തു വന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളയാളാണ് ഇരയായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഇരയുടെ കോളത്തില്‍ ഒരാളുടെ സൂചന മാത്രമാണുള്ളത്. ഇവര്‍ക്ക് 18നും 60നും ഇടയിലാണ് പ്രായമെന്നാണ് വിശദീകരിക്കുന്നത്. അതായത് ആരാണ് ഇരെന്ന് പോലും പോലീസിന് പിടികിട്ടിയിട്ടില്ല.

എന്നാല്‍ കുറ്റകൃത്യം വിശദീകരിക്കുന്ന സ്ഥലത്ത് സ്ത്രീകള്‍ എന്ന് പറയുന്നുമുണ്ട്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ബിഎന്‍എസിലെ 78(2), 351, പൊലീസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പതിനൊന്ന് പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്ന് പുറത്തു വന്ന രേഖകളില്‍ വ്യക്തം. ഈ പതിനൊന്ന് പേരും പീഡനത്തിന് ഇരയായവര്‍ അല്ല. മറിച്ച് മാധ്യമങ്ങളിലും മറ്റും വാര്‍ത്ത കണ്ട് പരാതി നല്‍കിയവരാണ്. ബാലാവകാശ കമ്മീഷനില്‍ നിന്നും അയച്ചു കിട്ടിയ 10 പരാതികളുമുണ്ട്. ഇതില്‍ ഗര്‍ഭഛിദ്രം നടന്നുവെന്ന് വിശദീകരിക്കുന്ന അഞ്ച് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് കേസെടുക്കല്‍ എന്നാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. കുറ്റകൃത്യം നടന്ന തീയതിയും എഫ് ഐ ആറില്‍ ഇല്ലെന്നതാണ് വസ്തുത.

ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതികളും ഉള്‍പ്പെടുത്തിയാണ് കേസെടുക്കുന്നതിനായി പോലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. ഇരയെ കിട്ടിയില്ലെങ്കില്‍ ഗൂഡാലോചന പരാതി അന്വേഷിക്കണമെന്ന ആവശ്യം രാഹുലും സംഘവും സജീവമാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അകാരണമായി കുന്നംകുളം പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റിട്ടിരുന്നു. സുജിത്തിന്റെ പോരാട്ടത്തിന് നാട് പിന്തുണ കൊടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഈ പോസ്റ്റിന് അടക്കം വന്‍ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടിയത്. അതിനിടെ ലൈംഗികാരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഷന്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ശക്തിപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെ തള്ളിയാണ് ഒരു വിഭാഗം രാഹുലിനെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ രാഹുലിനെ സസ്പെന്റ് ചെയ്തപ്പോള്‍, പാര്‍ലിമെന്ററി പര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു നേതാക്കള്‍പറഞ്ഞത്. എന്നാല്‍ സസ്പെന്റ് ചെയ്യപ്പെട്ട ശേഷം പാര്‍ട്ടിയില്‍ രാഹുലിന് അനുകൂലമായി നിലപാടു മാറുകയായിരുന്നു. രാഹുലിനെതിരായി നടപടി ആവശ്യപ്പെട്ട വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ നിശ്ശബ്ദരായി. രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം കടുത്ത ഗ്രൂപ്പ് പോരുമൂലം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. നേരത്തെ രാഹുലിനെതിരെ ശക്തമായി നിലപാടെടുത്ത നേതാക്കള്‍ പോലും രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നതരത്തില്‍ നിലപാട് തിരുത്തുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടാവുമെന്നാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. രാഹുല്‍ നിയമസഭയില്‍ എത്തണമെന്നും പാര്‍ട്ടി സംരക്ഷണം ഒരുക്കണമെന്നുമുള്ള ആവശ്യവുമായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിക്കുന്നു.