- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇവിടെ വെളിച്ചം കെടുത്തി അഴിമതി വളർന്നിരിക്കുന്നു; നിങ്ങൾ ശബ്ദമുയർത്തിയില്ലെങ്കിൽ ആരാണ് ശബ്ദമുയർത്തുക?'; ഇൻസ്റ്റ സ്ക്രോൾ ചെയ്യവേ വീണ്ടും തെളിഞ്ഞ് നേപ്പാൾ സ്കൂൾ വിദ്യാർത്ഥിയുടെ ആ പ്രസംഗം; കൗമാരക്കാരന്റെ കണ്ണിൽ ജ്വലിക്കുന്ന തീഷ്ണത; ജെൻ സി കലാപത്തിനിടെ സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നത്
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്കുണ്ടായ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ യുവജനങ്ങൾ (ജെൻ സി) നടത്തിയ പ്രക്ഷോഭം ശക്തമായി. ഈ പ്രക്ഷോഭം നേപ്പാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിലക്ക് നേരിട്ട 26 മാധ്യമങ്ങളും പുനഃസ്ഥാപിക്കാൻ സർക്കാർ നിർബന്ധിതരായി.
പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റും പ്രധാനമന്ത്രിയും അധികാരത്തിൽ നിന്ന് താഴെയിറങ്ങേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. യുവജനരോഷം ആളിക്കത്തിയ ഈ പ്രക്ഷോഭം നേപ്പാൾ ചരിത്രത്തിലെ കറുത്ത ഏടായി മാറുകയാണ്. ഇതിനിടെ, രാജ്യത്തിനു വേണ്ടി പോരാടാൻ വർഷങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥി നടത്തിയ വികാരനിർഭരമായ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നു.
ഹോളി ബെൽ ഇംഗ്ലീഷ് സെക്കൻഡറി സ്‌കൂളിലെ ഹെഡ് ബോയി ആയിരുന്ന അബിസ്‌കർ റോട്ട് ഒരു വാർഷിക പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. "ഉള്ളിൽ പ്രതീക്ഷയുടെ അഗ്നിയുമായി ഒരു പുതിയ നേപ്പാൾ കെട്ടിപ്പടുക്കുക എന്ന സ്വപ്നവുമായാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്. എന്നാൽ എന്റെ സ്വപ്നം വഴുതിവീഴുന്നതായി തോന്നുകയാണ്. രാജ്യത്തിന്റെ ഭാവിയായ നിങ്ങൾ ഉയർന്നുവരിക, പ്രകാശിക്കുക. നിങ്ങളുടെ മുകളിൽ വട്ടമിട്ടിരിക്കുന്ന ഇരുട്ടിനെ മാറ്റി വെളിച്ചം വീശാൻ ഈ നിമിഷത്തെ സമർപ്പിക്കുന്നു. ചരിത്രത്തിന്റെ ഗതിയിൽ മഹത്തായ ഒരു മാറ്റം വരുത്താനാണ് ഞാനിന്ന് ഇവിടെ സന്നിഹിതനായിരിക്കുന്നത്," എന്ന വാക്കുകളോടെയാണ് അബിസ്‌കർ തന്റെ പ്രസംഗം ആരംഭിക്കുന്നത്.
തന്റെ പ്രസംഗത്തിൽ നേപ്പാളിന്റെ ദുരവസ്ഥയെക്കുറിച്ചും യുവതലമുറയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. "നമ്മുടെ അമ്മയായ നേപ്പാൾ, ഈ രാജ്യം നമ്മെ പ്രസവിച്ചു, വളർത്തി. പക്ഷേ നമ്മളോട് എന്താണ് തിരിച്ച് ആവശ്യപ്പെട്ടത്? നമ്മുടെ സത്യസന്ധത, കഠിനാധ്വാനം എന്നിവ മാത്രം. പക്ഷേ നമ്മൾ എന്താണ് ചെയ്യുന്നത്? തൊഴിലില്ലായ്മയുടെ ചങ്ങലകളാൽ ബന്ധിതരായിരിക്കുന്നു, രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ കളികളിൽ കുടുങ്ങിയിരിക്കുന്നു, നമ്മുടെ ഭാവിയുടെ വെളിച്ചം കെടുത്തിക്കളയുന്ന തരത്തിൽ അഴിമതി വളർന്നിരിക്കുന്നു," അദ്ദേഹം വേദനയോടെ ഓർമ്മിപ്പിച്ചു.
"നിങ്ങൾ ശബ്ദമുയർത്തിയില്ലെങ്കിൽ ആരാണ് ശബ്ദമുയർത്തുക? നിങ്ങൾ ഈ രാഷ്ട്രത്തെ കെട്ടിപ്പടുത്തില്ലെങ്കിൽ ആരാണ് ചെയ്യുക? ഇരുട്ടിനെ എരിച്ചുകളയുന്ന തീയാണ് നമ്മൾ. അനീതി തുടച്ചുനീക്കി സമൃദ്ധി കൊണ്ടുവരുന്ന കൊടുങ്കാറ്റാണ് നമ്മൾ. നമുക്ക് ഈ രാഷ്ട്രം നൽകാൻ രക്തം ചൊരിഞ്ഞ പൂർവ്വികരെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തെ നഷ്ടപ്പെടുത്താതിരിക്കാം. നമ്മൾ തീയാണ്, എല്ലാ നിരാശയും കത്തിച്ചുകളയുന്ന തീ," അദ്ദേഹം ആഹ്വാനം ചെയ്തു.
"ഒന്നുകിൽ നിരാശയുടെ ഇരുട്ടിൽ മുങ്ങുക, അല്ലെങ്കിൽ പ്രതീക്ഷയുടെ സൂര്യനായി ഉദിക്കുക. നമ്മൾ ഈ രാജ്യത്തിന്റെ വിധി മാറ്റുമോ, അതോ അതിനെ ചങ്ങലകളിൽ തുടരാൻ അനുവദിക്കണമോ?" എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിക്കുന്നത്. ബീരേന്ദ്ര രാജാവിന്റെ "ഞാൻ മരിച്ചാലും എന്റെ രാജ്യം നിലനിൽക്കും" എന്ന വാക്കുകളും അദ്ദേഹം പ്രസംഗത്തിൽ ഉദ്ധരിച്ചിരുന്നു.
ഈ പ്രസംഗം അന്നത്തെ യുവത്വത്തിന്റെ ചിന്തകളെയും രാജ്യത്തോടുള്ള സ്നേഹത്തെയും പ്രതിഫലിക്കുന്നതായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ, സമൂഹമാധ്യമങ്ങളുടെ വിലക്കിനെതിരെയും രാജ്യത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്ക് ഈ വാക്കുകൾ കൂടുതൽ കരുത്തുപകരുന്നതായാണ് വിലയിരുത്തൽ. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതോടെ നേപ്പാൾ സർക്കാരിന് സമ്മർദ്ദം വർധിച്ചിരിക്കുകയാണ്.