പത്തനംതിട്ട: സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടതിന് പിന്നാലെ പഴുത്തൊഴുകി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെ കൈയാണ് പ്ലാസ്റ്ററിട്ടതിനെ തുടര്‍ന്ന് പഴുത്തത്. അസഹ്യമായ വേദനയെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പ്ലാസ്റ്റര്‍ വെട്ടി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ കൈ പഴുത്തൊഴുകുന്നതായി കണ്ടത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. കൊടുന്തറ പടിഞ്ഞാറേ വിളയില്‍ മനോജിന്റെയും രാധയുടെയും മകന്‍ മനുവാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ദുരിതത്തിലായത്.

സൈക്കിളില്‍ നിന്നും വീണ കുട്ടിയെ വീട്ടുകാര്‍ പിറ്റേ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൈ നീരുവെച്ചിരുന്നു. ഈ സമയം അസ്ഥി രോഗ വിദഗ്ദന്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു. വാട്ട്സാപ്പ് വഴി എക്‌സ്റേയുടെ ഫോട്ടോകണ്ട ഡോക്ടര്‍, പ്ലാസ്റ്റര്‍ ഇടീച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരന്റെ ചതവുണ്ടായ കൈ പഴുത്ത് ഒഴുകുക ആയിരുന്നു. കൈയ്യിലെ മുറിവ് വ്രണമായതിനെ തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓഗസ്റ്റ് 28-ന് സൈക്കിളില്‍നിന്നുവീണ് കൈയ്ക്ക് പരിക്കേറ്റ മനുവിനെ പിറ്റേ ദിവസമാണ് ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം കൈ നീരുവെച്ചിരുന്നു. അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് നോക്കിയത്. ഇദ്ദേഹം കൈയ്യിലെ എക്‌സ്‌റേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. ഫോട്ടോ നോക്കിയ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടു.

നാല് ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കണ്ടപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി നോക്കാനോ കൂടുതല്‍ പരിശോധനയ്‌ക്കോ തയ്യാറായില്ലെന്ന് മനുവിന്റെ അച്ഛന്‍ മനോജ് പറയുന്നു. പൊട്ടല്‍ ഇല്ലെന്നും ചതവാണുള്ളതെന്നും ബോധ്യപ്പെട്ടിട്ടും വേദനയ്ക്ക് മരുന്ന് നല്‍കി ഒരാഴ്ച കഴിഞ്ഞ് വരാന്‍ മാത്രമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

എന്നാല്‍ കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിറ്റേ ദിവസം വീട്ടില്‍ വെച്ച് പ്ലാസ്റ്റര്‍ അഴിച്ച് നോക്കിയപ്പോഴാണ് കൈയ്യില്‍നിന്നു പഴുപ്പും രക്തവും ഒഴുകിയത്. കുട്ടിയെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഡിഎംഒയ്ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചികിത്സാപ്പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കുട്ടിയുടെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എം.ഷാനി പറഞ്ഞു. പൊട്ടല്‍ ഇല്ലെന്ന് കണ്ടിട്ടും മുന്‍കരുതലായാണ് പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദേശിച്ചതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.

അതേസമയം ഇത്തരം കേസുകള്‍ ചികിത്സിക്കാന്‍ പത്തനംതിട്ടയിലും കോന്നി മെഡിക്കല്‍ കോളേജിലും പരിമിതികള്‍ ഉണ്ടെന്ന് കുട്ടിയെ ചികിത്സിച്ച അസ്ഥിവിഭാഗം ഡോക്ടര്‍ അനിലാബ് അല്കസ് പറഞ്ഞു. രണ്ടാമത് വന്നപ്പോള്‍ അധികം വേദനയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പ്ലാസ്റ്റര്‍ അഴിക്കാഞ്ഞത്. അണുബാധ കണ്ടതിനെ തുടര്‍ന്നാണ് കോട്ടയത്തേക്ക് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.