- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഒരു പോറല്‍ പോലുമേറ്റിട്ടില്ല, ജീവനോടെയുണ്ട്; റീച്ച് കിട്ടാനായി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്'; നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്നതിനിടെ ഥാര്‍ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണതില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തള്ളി മാനി പവാര്‍
ന്യൂഡല്‍ഹി: മഹീന്ദ്രയുടെ പുതിയ ഥാര്‍ റോക്സ് വാങ്ങി പൂജ ചെയ്യുന്നതിനിടെ ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് പതിച്ച് അപകടമുണ്ടായ സംഭവം ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. അപകടത്തില്‍ വാഹനമോടിച്ചിരുന്ന സ്ത്രീ മരിച്ചെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. എന്നാല്‍, ഇത് തള്ളിക്കൊണ്ട് കൊണ്ട് വാഹനമോടിച്ചിരുന്ന ഡല്‍ഹി സ്വദേശിനി മാനി പവാര്‍ രംഗത്തെത്തിയിരിക്കുകയാണ്. വൈറലായ വീഡിയോകളില്‍ വിശദമാക്കുന്ന പരിക്കേറ്റ യുവതി താനാണെന്നും അപകടത്തില്‍ തനിക്കോ ഒപ്പമുണ്ടായിരുന്ന കുടുംബത്തിനോ സെയില്‍സ് എക്‌സിക്യുട്ടീവിനോ പരിക്കുകളില്ലെന്നാണ് യുവതി പ്രതികരിക്കുന്നത്.
ഡല്‍ഹിയിലെ നിര്‍മ്മാണ്‍ വിഹാറിലെ മഹീന്ദ്ര ഷോറൂമിലുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റതായും മരണപ്പെട്ടുവെന്നതടക്കമായിരുന്നു വൈറല്‍ വീഡിയോകള്‍ വിശദമാക്കിയിരുന്നത്. എന്നാല്‍ വാഹനം പുറത്തേക്ക് ഇറക്കുമ്പോള്‍ ആര്‍പിഎം കണക്കുക്കൂട്ടുന്നതിനിടയിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായതെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നും വ്യക്തമാക്കിയാണ് മാനി പവാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന അപകടം സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ തിരുത്തുന്നതിനാണ് ഈ വീഡിയോയുമായി എത്തിയിരിക്കുന്നതെന്നാണ് മാനി പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. അപകടത്തില്‍ പെട്ട സ്ത്രീയുടെ എല്ലുകള്‍ ഒടിഞ്ഞെന്നും മൂക്കിന് പരിക്കേറ്റെന്നും മരിച്ചുവെന്നുമെല്ലാമായിരുന്നു പ്രചരണം. സോഷ്യല്‍ മീഡിയയില്‍ ലൈക്കും വ്യൂവും ലഭിക്കുന്നതിന് വേണ്ടിയാണ് ചിലര്‍ ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. തനിക്ക് ഒരു പോറല്‍ പോലുമേറ്റിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.
അപകടം നടക്കുമ്പോള്‍ എന്റെ കുടുംബാംഗങ്ങളും ഒരു സെയില്‍സ്മാനും ഞാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പൂജയുടെ ഭാഗമായി വാഹനം മുന്നോട്ട് എടുത്തതോടെ ആക്സിലേഷന്‍ കൂടുകയും വാഹനം മുന്നിലേക്ക് കുതിച്ച് താഴേക്ക് പതിക്കുകയുമായിരുന്നു. വാഹനം മറിഞ്ഞയുടന്‍ ഞങ്ങള്‍ മുന്നിലെ ഡോറിലൂടെ പുറത്തിറങ്ങി. ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, ദയവായി വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കൂവെന്നും മാനി ആവശ്യപ്പെട്ടു.
പുതിയ മഹീന്ദ്ര ഥാര്‍ റോക്സ് പുറത്തിറക്കുന്നതിന് മുന്‍പായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വാഹനം ഷോറൂമിന്റെ ഒന്നാം നിലയില്‍നിന്ന് താഴേയ്ക്ക് പതിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മാനി പവാര്‍ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ ഏറ്റുവാങ്ങാനാണ് മഹീന്ദ്ര ഷോറൂമില്‍ എത്തിയത്. വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജയും ചടങ്ങുകളും നടത്താന്‍ അവര്‍ തീരുമാനിച്ചു. ഥാര്‍ റോഡിലിറക്കുന്നതിന് മുന്‍പായി ചക്രത്തിനടിയില്‍ നാരങ്ങ വെച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്തു. സാവധാനം വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു കുതിച്ചു. ഷോറൂമിന്റെ ഒന്നാം നിലയിലെ ചില്ലുഭിത്തി തകര്‍ത്ത് വാഹനം താഴേക്ക് പതിക്കുകയും ചെയ്തു.
മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നായിരുന്നു ആദ്യ വിവരങ്ങള്‍. ചില്ലുഭിത്തി തകര്‍ത്ത കാര്‍ പുറത്തേക്ക് തെറിക്കുകയും നടപാതയിലേക്ക് പതിക്കുകയുമായിരുന്നു. വാഹനം റോഡില്‍ തലകീഴായി മറിഞ്ഞ് കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടം നടന്നയുടന്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നും ഏറ്റില്ലെന്നും പ്രാഥമിക വിവരങ്ങള്‍ ഉണ്ടായിരുന്നു.