തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സന് മുന്നോടിയായുള്ള ലേണേഴ്സ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മാതൃക ഒക്ടോബര്‍ 1 മുതല്‍ മാറുന്നു. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ 15 സെക്കന്റ് ആയിരുന്നു നല്‍കിയിരുന്നതെങ്കില്‍ പുതിയ സംവിധാനത്തില്‍ 30 സെക്കന്റ് ലഭിക്കും. ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്കും പരീക്ഷയുണ്ട്. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്.

കേരളത്തിലെ ഡ്രൈവിങ് ലൈസന്‍സിന്റെ മൂല്യം ഉയര്‍ത്തുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ലൈസന്‍സ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. ഇതിനു പിന്നാലെ ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും പിടിമുറുക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

20 ചോദ്യങ്ങളില്‍ നിന്ന് 12 എണ്ണം ശരിയാക്കുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് അനുവദിക്കുന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന രീതി. എന്നാല്‍, പുതിയ പരിഷ്‌കാരം അനുസരിച്ച് നല്‍കിയിട്ടുള്ള 30 ചോദ്യങ്ങളില്‍ 18 എണ്ണത്തിന് ശരിയായ ഉത്തരം നല്‍കിയാല്‍ മാത്രമായിരിക്കും ലേണേഴ്സ് പരീക്ഷ ജയിച്ചതായി കണക്കാക്കൂ.

ലൈസന്‍സ് എടുക്കാന്‍ അപേക്ഷിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയിരുന്ന പുസ്തകം നല്‍കിയിരുന്നത്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ലീഡ്സ് എന്ന ആപ്ലിക്കേഷനില്‍ ഇനി മുതല്‍ ലേണേഴ്സ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടെയുള്ള സിലബസ് നല്‍കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

ചോദ്യോത്തരങ്ങള്‍ക്കൊപ്പം ലീഡ്സ് ആപ്പിള്‍ നല്‍കിയിട്ടുള്ള മോക്ക് ടെസ്റ്റില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കായി റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കും. ഈ സര്‍ട്ടിഫിക്കറ്റ് നേടുന്നയാളുകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രീ ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ തന്നെ നേരിട്ട് റോഡ് ടെസ്റ്റിലും മറ്റും പങ്കെടുക്കാനാകും. ഡ്രൈവിങ് പരിശീലിപ്പിക്കുന്നയാളുകള്‍, ലൈസന്‍സ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ നിര്‍ബന്ധമായും ഈ ടെസ്റ്റ് പാസാകണം.

മാറ്റങ്ങള്‍ ഇവയാണ്.

1. ഒക്ടോബര്‍ 1 മുതല്‍ 30 ചോദ്യങ്ങളാവും ഉണ്ടാകുക. നിലവില്‍ 20 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണുള്ളത്. കുറഞ്ഞത് 18 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയുത്തരം നല്‍കണം.

2. ഓരോ ചോദ്യത്തിനും 30 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കുകയും വേണം. നിലവില്‍ 20ല്‍ 12 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയുത്തരം നല്‍കണമായിരുന്നു. 15 സെക്കന്‍ഡായിരുന്നു ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാനുള്ള സമയപരിധി. ഇതാണ് 30 സെക്കന്‍ഡ് ആക്കിയിരിക്കുന്നത്.

3. പുതിയ എംവിഡി ലീഡ്സ് മൊബൈല്‍ ആപ്പില്‍ സിലബസ് ഉണ്ടാകും. പരിശീലന പരീക്ഷ എഴുതാനുളള സൗകര്യവും ആപ്പിലുണ്ടാകും. ആപ്പിലെ മോക്ക് ടെസ്റ്റുകള്‍ വിജയിക്കുന്നവര്‍ക്ക് റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യവും ഗതാഗതവകുപ്പ് ആലോചിക്കുന്നുണ്ട്.

4. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ ലഭിക്കുന്ന സൗകര്യവും ഏര്‍പ്പെടുത്തും.

5. മോട്ടര്‍ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ എംവിഡി ലീഡ്സ് ആപ്പ് പരീക്ഷ പാസാകണമെന്നതു നിര്‍ബന്ധമാക്കും.

6. കൂടാതെ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണം. സര്‍വീസ് ആനുകൂല്യങ്ങളെ ഇതു ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.