റാബാത്ത്: 'അള്ളാഹു ലെസ്ബിയന്‍' എന്ന് ആലേഖനം ചെയ്ത ടീ-ഷര്‍ട്ട് ധരിച്ചതിനെ തുടര്‍ന്ന് മൊറോക്കന്‍ ഫെമിനിസ്റ്റ് പ്രവര്‍ത്തക ഇബ്റ്റിസാം ലാഗ്ഷറിന് 30 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇസ്ലാമിന് 'ഹാനികരമായ പ്രവൃത്തി' ചെയ്തതിനാണ് മൊറോക്കോയിലെ റാബാത്ത് കോടതിയുടെ വിധി. 4,027 പൗണ്ടിന് തുല്യമായ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ലാഗ്ഷര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച ഒരു ചിത്രമാണ് കേസിന് ആധാരം. ചിത്രത്തില്‍, 'അള്ളാഹു ലെസ്ബിയന്‍' എന്ന് രേഖപ്പെടുത്തിയ ടീ-ഷര്‍ട്ട് ധരിച്ചാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട്, മതങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഇസ്ലാമിനെതിരെ താന്‍ നിലകൊള്ളുന്നുവെന്നും, ഏതൊരു മത പ്രത്യയശാസ്ത്രവും ഫാസിസ്റ്റ്, ലിംഗവിവേചനപരവും സ്ത്രീവിരുദ്ധവുമാണെന്നും അവര്‍ കുറിച്ചു.

ജൂലൈ 31 ന് അവര്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം, ടീ-ഷര്‍ട്ട് ധരിച്ചതിന് ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ ലാഗ്ഷര്‍ വെളിപ്പെടുത്തിയിരുന്നു. ഈ പോസ്റ്റ് വലിയ തോതിലുള്ള ഓണ്‍ലൈന്‍ വിദ്വേഷത്തിനും ഭീഷണികള്‍ക്കും വഴിവെച്ചതായി ലാഗ്ഷര്‍ അവകാശപ്പെട്ടു. ബലാത്സംഗം, കൊലപാതകം, കല്ലെറിയല്‍ തുടങ്ങിയ ഭീഷണികളാണ് തനിക്ക് ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. തന്നെ കല്ലെറിഞ്ഞ് കൊല്ലാനും ബലാത്സംഗം ചെയ്യാനും നിരവധി പേര്‍ ആഹ്വാനം ചെയ്തതായി ഇവര്‍ പറയുന്നു. പിന്നാലെ യുവതി അറസ്റ്റിലായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ 'സൈബര്‍ ഭീഷണി, ആയിരക്കണക്കിന് ബലാത്സംഗ ഭീഷണികള്‍, മരണ ഭീഷണികള്‍, ലിഞ്ചിംഗ്, കല്ലെറിയല്‍ ആഹ്വാനങ്ങള്‍' എന്നിവ താന്‍ സഹിച്ചുവെന്ന് ലാഗ്ഷര്‍ പറയുന്നു.

മൊറോക്കോയില്‍, ഇസ്ലാമിന് കോട്ടം വരുത്തുന്നവര്‍ക്ക് ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ഏകദേശം 40,000 പൗണ്ട് വരെ പിഴയും ലഭിക്കാവുന്നതാണ്. വികസന മനശാസ്ത്രജ്ഞയും അവിശ്വാസിയുമായ ലാഗ്ഷര്‍, തന്റെ നിയമസംഘം ഈ വിധിക്ക് എതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. ഈ വിധി, അഭിപ്രായ സ്വാതന്ത്ര്യത്തിനും മതവിമര്‍ശനത്തിനും മൊറോക്കോയില്‍ നിലവിലുള്ള കര്‍ശനമായ നിയന്ത്രണങ്ങളെ ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.

അവരുടെ നിയമസംഘം ഇപ്പോള്‍ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ കാരണങ്ങളാല്‍ അവരെ വിട്ടയയ്ക്കണമെന്ന അപേക്ഷ കോടതി നിരസിച്ചിരുന്നു.

ലാഗ്ഷര്‍ മൊറോക്കയില്‍ അറിയപ്പെടുന്ന സ്ത്രീപക്ഷവാദിയും നിരീശ്വരവാദിയുമായ ആക്ടിവിസ്റ്റാണ്, മൊറോക്കോയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍, LGBTQ+ പ്രശ്‌നങ്ങള്‍, പുരുഷ അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് നിരവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിനുള്ള അവകാശം, സ്വവര്‍ഗ വിവാഹം തുടങ്ങിയ വ്യക്തിഗത സ്വാതന്ത്ര്യങ്ങള്‍ക്കായി പ്രചാരണം നടത്തുന്ന Mouvement alternatif pour les libertés individuelles (MALI) എന്ന സംഘടനയുടെ സഹസ്ഥാപകയാണ് അവര്‍. 2013-ല്‍, ഫേസ്ബുക്കില്‍ ചുംബിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായ മൂന്ന് കൗമാരക്കാരെ പിന്തുണച്ച് റാബത്തില്‍ ഒരു പൊതു 'കിസ്-ഇന്‍' സംഘടിപ്പിച്ചവരില്‍ ഒരാളായിരുന്നു ലാച്ച്ഗര്‍. മൊറോക്കന്‍ സമൂഹത്തിലെ യാഥാസ്ഥിതികതയ്ക്കെതിരെ പ്രതിഷേധിച്ച പ്രകടനത്തില്‍, ആക്ടിവിസ്റ്റുകള്‍ തലസ്ഥാന നഗരത്തിലെ പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് വാപൊത്തി പ്രതിഷേധിച്ചിരുന്നു.