വില്ലിഗ്സ്റ്റ്: ജര്‍മ്മനിയിലെ വില്ലിഗ്സ്റ്റ് പട്ടണത്തില്‍ ടെസ്ല കാറിനുള്ളില്‍ കുടുങ്ങി 43 കാരനും ഒമ്പത് വയസുള്ള രണ്ടുകുട്ടികളും വെന്തു മരിച്ചു. വില്ലിഗ്സ്റ്റില്‍ വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, റോഡില്‍ നിന്ന് തെന്നി മാറി മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും പുറത്തിറങ്ങാനാവാതെ വന്നതോടെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു.

നാട്ടുകാരില്‍ ഒരാള്‍ മൂവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. കാറിലുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് ഭാഗ്യത്തിന് രക്ഷപ്പെടാന്‍ സാധിച്ചു. ഈ കുട്ടിയെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന്റെ വൈദ്യുതി ബന്ധം നിലച്ചാല്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുറക്കാന്‍ കഴിയാത്തത് നിരവധി ടെസ്ല മോഡലുകളുടെ പ്രശ്‌നമായി പറയുന്നുണ്ട്. അതുതന്നെയാണ് ഈ അപകടത്തിലും സംഭവിച്ചതെന്നാണ് സൂചന.

ഇത്തരം സാഹചര്യങ്ങളില്‍ കാറിന് അകത്ത് നിന്നുമാത്രമേ ഡോര്‍ തുറക്കാന്‍ കഴിയൂ എന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കുന്നുവെന്ന് ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ പോലീസ് അറിയിച്ചു. 'അപകടകാരണം പൂര്‍ണമായി കണ്ടെത്തുകയാണ് ലക്ഷ്യം,' പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങുന്നതുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡോര്‍ ഹാന്‍ഡിലുകളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടപെടാന്‍ കഴിയാതെ വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിന് മുമ്പ്, വിര്‍ജീനിയയില്‍ ടെസ്ല കാറില്‍ തീപിടുത്തമുണ്ടായപ്പോള്‍, ഡ്രൈവറെ രക്ഷിക്കാന്‍ അഗ്നിശമന സേനാ വിദഗ്ധന് വിന്‍ഡോ തകര്‍ക്കേണ്ടി വന്നു. ആ സംഭവത്തില്‍ ഡ്രൈവറുടെ ഭാര്യയ്ക്ക് പുക ശ്വസിച്ചതുമൂലം ശ്വാസകോശത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് ഇലക്ട്രോണിക് ഡോര്‍ ഹാന്‍ഡിലുകള്‍ പ്രവര്‍ത്തന രഹിതമാകുന്ന സാഹചര്യങ്ങളെ കുറിച്ച് യുഎസ് ദേശീയ ഹൈവേ ട്രാഫിക് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കാറിനുള്ളില്‍ നിന്ന് മാനുവലായി ഡോര്‍ തുറക്കാമെങ്കിലും വാഹന ഉടമയ്ക്കുളള നിര്‍ദ്ദേശങ്ങള്‍ സങ്കീര്‍ണമാണെന്നും യുഎസ് ദേശീയ ഹൈവേ ട്രാഫിക് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. ടെസ്ലയുടെ ഡോര്‍ ഹാന്‍ഡിലുകളുടെ രൂപകല്‍പ്പന മാറ്റാന്‍ ആലോചിക്കുന്നതായി ഡിസൈന്‍ മേധാവി ഫ്രാന്‍സ് വോണ്‍ ഹോള്‍സ്‌ഹോസന്‍ അറിയിച്ചു.