പത്തനംതിട്ട: ശബരിമല അയ്യപ്പ സ്വാമിക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള ഭക്തര്‍ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി സമര്‍പ്പിച്ചിട്ടുള്ളത്. സ്വര്‍ണക്കിരീടവും സ്വര്‍ണക്കിണ്ടിയും പവന്‍ കണക്കിന് തൂക്കം വരുന്ന സ്വര്‍ണമാലകളും എല്ലാം ഇതില്‍ വരുന്നു. ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിച്ചതാകട്ടെ 30.3 കിലോ സ്വര്‍ണമാണ്. വ്യവസായി വജയ് മല്യയാണ് ശബരിമല ശ്രീകോവില്‍ വഴിപാടായി സ്വര്‍ണം പൂശിയത്.

കാലങ്ങളായി ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ത്തീര്‍ത്ത സമര്‍പ്പണങ്ങളില്‍ കിരീടം, മാല, കിണ്ടി, നെക്ലസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയെല്ലാം മഹസറില്‍ എഴുതിച്ചേര്‍ത്തശേഷം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറന്മുളയിലെ സ്‌ട്രോങ് റൂമിലാണിവയുള്ളത്. 1991-ല്‍ മധുരയിലെ മണികണ്ഠശാസ്താ ട്രസ്റ്റ് സെക്രട്ടറി ടി. രാജഗോപാല്‍ 27 പവന്റെ മാല വഴിപാടായി സന്നിധാനത്ത് സമര്‍പ്പിച്ചു. 2013 ഡിസംബറിലാണ് തമിഴ്‌നാട് ചിദംബരം സ്വദേശി കെ. വൈദ്യനാഥന്‍ 75 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ചത്.

2022 -ല്‍ തിരുവനന്തപുരം സ്വദേശിയായ ഒരു ഭക്തന്‍ സമര്‍പ്പിച്ചത് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാലയാണ്. അക്കൊല്ലംതന്നെ അരക്കിലോ ഭാരമുള്ള സ്വര്‍ണക്കിരീടം, ആന്ധ്രാപ്രദേശ് സ്വദേശി മാറം വെങ്കട്ട സുബ്ബയ്യ സമര്‍പ്പിച്ചു. ചുറ്റും വജ്രക്കല്ലുകള്‍ പതിച്ചതായിരുന്നു ഈ സ്വര്‍ണക്കിരീടം. 2020-ല്‍ 23 പവന്‍ തൂക്കമുള്ള സ്വര്‍ണ നെക്ലസ് സമര്‍പ്പിച്ചത് ബെംഗളൂരു സ്വദേശി പപ്പുസ്വാമിയായിരുന്നു.

എന്നാല്‍ ശബരിമലയില്‍ വഴിപാടായി കിട്ടിയവയില്‍ ഏറ്റവും മൂല്യമുള്ളത് 1973-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്ക അങ്കിയാണ്. എല്ലാവര്‍ഷവും മണ്ഡലപൂജയ്ക്ക് ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍നിന്ന് ഘോഷയാത്രയായി സന്നിധാനത്തെത്തിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടത്തുന്നു. ശബരിമലയില്‍ സ്‌ട്രോങ് റൂം ഉണ്ടെങ്കിലും വിലപിടിച്ച സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കാറില്ല.

ശ്രീകോവില്‍ സ്വര്‍ണം പൂശിയതാണ് സമീപകാലത്തെ ഏറ്റവുംവലിയ സ്വര്‍ണ സമര്‍പ്പണം. 30.3 കിലോ സ്വര്‍ണം ഇതിനായി ഉപയോഗിച്ചു. ശ്രീകോവിലിന്റെ നാല് നാഗരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള മേല്‍ക്കൂര, അയ്യപ്പചരിതമെഴുതിയ തകിടുകള്‍, രണ്ട് കമാനങ്ങള്‍, കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശക്കുടങ്ങള്‍, ദ്വാരപാലക ശില്പങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനകളുടെ പ്രതിമകള്‍, ശ്രീകോവിലിന്റെ തൂണുകള്‍, കര്‍ണകൂടങ്ങള്‍, മുഖ്യകവാടം തുടങ്ങിയവയാണ് 1998-ല്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വര്‍ണംപൂശി നല്‍കിയത്. തമിഴ്നാട്ടില്‍നിന്നുള്ള 42 ജോലിക്കാര്‍ വ്രതാനുഷ്ഠാനത്തോടെ നാലുമാസത്തോളം സന്നിധാനത്ത് താമസിച്ചാണ് പണികള്‍ തീര്‍ത്തത്.