- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി എസ് ടി സേവിങ്സ് ഉത്സവത്തിന് നാളെ മുതല്‍ തുടക്കമാകും; നവരാത്രിയുടെ ആദ്യദിനം പുതിയ ജിഎസ്ടി പ്രാബല്യത്തില്‍; സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും; നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും; ഇന്ത്യ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജി എസ് ടി സേവിങ്സ് ഉത്സവത്തിന് നാളെ മുതല്‍ തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ മുതല്‍ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നും നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്ന മോദി നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകുമെന്നും വ്യക്തമാക്കി. ഇന്ത്യ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോള്‍ എല്ലാവര്‍ക്കും ഗുണമുണ്ടാകും. നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടും. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം നാളെ മുതല്‍ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയില്‍ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തില്‍ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതല്‍ ഒരാഴ്ച ജി എസ് ടി സേവിംഗ്‌സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
ജിഎസ്ടി മാറ്റം വരുമ്പോള്‍, വിലക്കുറവ് സംബന്ധിച്ച് വന്‍കിട കമ്പനികള്‍ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു. ചരക്ക്-സേവനനികുതിനടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്.
നികുതിയളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളില്‍ വന്‍കിട കമ്പനികള്‍ പരസ്യം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ മുതല്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വരെ പുതിയ വിലവിവരത്തെ സംബന്ധിച്ച് പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.
നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തുകയാണ്. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് ഓരോ പ്രദേശത്തും ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തില്‍ നിന്ന് രാജ്യത്തിനു മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിത്. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
ജിഎസ്ടി രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടര്‍ച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്‌കൂട്ടര്‍, ബൈക്ക്, കാര്‍, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാന്‍ പോവുകയാണ്. വ്യാപാരികള്‍ ജിഎസ്ടി പരിഷ്‌കരണത്തില്‍ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്ക്കുന്നവര്‍ക്കും ചെലവ് കുറയും. യാത്രകള്‍ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും.