ന്യൂഡല്‍ഹി: അമേരിക്കന്‍ ജീവനക്കാരേക്കാള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കഴിവുള്ള പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ കമ്പനികള്‍ വളരെവേഗം മുന്നോട്ടു പോകുന്നതിനിടെയാണ് എച്ച്1ബി വീസക്കാര്‍ക്ക് 1 ലക്ഷം ഡോളര്‍ ഫീസ് ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണായക തീരുമാനമെടുത്തത്. ട്രംപിന്റെ ഏറ്റവും പുതിയ തീരുമാനം ടെക് മേഖലയില്‍ കടുത്ത ഞെട്ടലുണ്ടാക്കി. ഫീസ് വര്‍ധന സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തില്‍ യുഎസിനു പുറത്തുള്ള ജീവനക്കാരോട് എത്രയും വേഗം മടങ്ങിവരാന്‍ വിവിധ ഐടി കമ്പനികള്‍ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായത് അവധിക്കാലം നാട്ടില്‍ ചെലവഴിക്കാന്‍ എത്തിയ പ്രവാസികളാണ്. വേഗത്തില്‍ അമേരിക്കയിലേക്ക് മടങ്ങിയെത്താന്‍ കമ്പനികള്‍ നിര്‍ദ്ദേശിച്ചതോടെ വിമാന ടിക്കറ്റുകള്‍ക്കായി നെട്ടോട്ടത്തിലാണ് പ്രവാസികള്‍.

ഈ അവസരം വേണ്ടവിധത്തില്‍ മുതലാക്കുകയാണ് വിമാന കമ്പനികള്‍. ഫീസ് വര്‍ധന സംബന്ധിച്ച വാര്‍ത്തയ്ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയില്‍നിന്ന് 70,000-80,000 രൂപ വരെയായി. പല പ്രവാസികളും അവധിക്കാല യാത്രകള്‍ റദ്ദാക്കി എങ്ങനെയും മടങ്ങാനുള്ള തീരുമാനത്തിലാണ്. ഫീസ് വര്‍ധന ഇന്നാണ് പ്രാബല്യത്തില്‍ വന്നത്. അവധിക്കാല യാത്രകളും ചടങ്ങുകളും ഒഴിവാക്കി ജീവനക്കാര്‍ യുഎസിലേക്ക് മടങ്ങാന്‍ തിരക്ക് കൂട്ടുകയാണ്. ഒപ്പം ദുര്‍ഗപൂജയ്ക്കായും മറ്റും ഇന്ത്യയിലേക്ക് മടങ്ങാന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും യാത്ര റദ്ദാക്കി. മടക്കയാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പരിഭ്രാന്തരായി ട്രാവല്‍ ഏജന്‍സികളിലെത്തി. പെട്ടെന്നുള്ള പ്രഖ്യാപനത്തിന്റെ ഞെട്ടലിലായിരുന്നു പലരുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനു പിന്നാലെ യുഎസിലെ വിമാനത്താവളങ്ങള്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യക്കാരായ യാത്രക്കാരുടെ ആശങ്കകള്‍ക്കും അങ്കലാപ്പുകള്‍ക്കുമാണ്. ദുര്‍ഗാപൂജ കണക്കാക്കിയും മറ്റും നാട്ടിലേക്ക് പോകാന്‍ വിമാനത്താവളങ്ങളിലെത്തിയ പല ഇന്ത്യക്കാരും യാത്ര റദ്ദാക്കിയെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതിനു പിന്നാലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാനൊരുങ്ങിയ എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകളോളമാണ് താമസിച്ചത്. ദുബായിയിലും മറ്റു ചില ട്രാന്‍സിറ്റ് വിമാനത്താവളങ്ങളിലും ഇന്ത്യക്കാരായ യാത്രക്കാര്‍ ആശങ്കപ്പെട്ട് യാത്ര ഇടയ്ക്കുവെച്ച് അവസാനിപ്പിച്ച് യു എസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

''സെപ്റ്റംബര്‍ 21 ന് മുന്‍പായി യുഎസില്‍ എത്തിച്ചേരണമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ എന്തായാലും അവിടെ എത്തും. പക്ഷെ, സുഹൃത്തുക്കളായ പലരും ഇപ്പോഴും പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. അവര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുമോ എന്ന് സംശയമുണ്ട്'' തെലങ്കാനയിലെ ഒരു യുവതിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രയും നേരത്തെ കലിഫോര്‍ണിയയില്‍ എത്തണം എന്നാണ് തൊഴിലുടമ അറിയിച്ചത്. ഇതിനുപിന്നാലെ വേഗത്തില്‍ മടങ്ങുകയാണെന്ന് ദുബായില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബം പറയുന്നു.

യുഎസിലുള്ള ജീവനക്കാരോടു സ്വദേശത്തുള്ള യാത്രകള്‍ തല്‍ക്കാലം ഒഴിവാക്കാനും മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് പൗരരെ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാനും വിവിധ മേഖലകളില്‍ ഏറെ വൈദഗ്ധ്യമുള്ളവര്‍ മാത്രം യുഎസില്‍ ജോലിക്കായി എത്തുന്നുവെന്ന് ഉറപ്പാക്കാനുമാണു വീസാ ഫീ ഉയര്‍ത്തുന്നതെന്നുമാണ് ട്രംപ് വിശദീകരിച്ചത്. എന്നാല്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയ അമേരിക്കന്‍ ടെക് ഭീമന്മാരെ ഈ തീരുമാനം വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള മികച്ച ടെക്കികളെ നിയമിക്കുന്നതില്‍ പ്രശസ്തരാണ് ഈ കമ്പനികള്‍.

അമേരിക്കന്‍ ജീവനക്കാരേക്കാള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കഴിവുള്ള പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ഈ കമ്പനികള്‍ എച്ച്-1ബി വിസ പ്രോഗ്രാം ഉപയോഗിച്ചത്. എന്നാല്‍ പുതിയ എച്ച്-1ബി വിസകള്‍ക്ക് പ്രതിവര്‍ഷം 100,000 ഡോളര്‍ ഫീസ് ഈടാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ തീരുമാനം ടെക് വ്യവസായത്തിന് കനത്ത തിരിച്ചടിയാണ്.

കടുത്ത പ്രതിസന്ധി

യുഎസ് തൊഴില്‍ വകുപ്പ് വ്യക്തമാക്കിയതുപോലെ, പ്രത്യേക വൈദഗ്ധ്യവും കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദവും ആവശ്യമുള്ള തസ്തികകളിലേക്ക് വിദേശ തൊഴിലാളികളെ നിയമിക്കാന്‍ എച്ച്-1ബി വിസ പ്രോഗ്രാം അമേരിക്കന്‍ തൊഴിലുടമകളെ അനുവദിക്കുന്നു. വിദേശ ജീവനക്കാര്‍ക്ക് എച്ച്1-ബി വിസ ഉറപ്പാക്കാന്‍, യുഎസ് ടെക് കമ്പനികള്‍ ഇപ്പോള്‍ സര്‍ക്കാരിന് 100,000 ഡോളര്‍ നല്‍കേണ്ടിവരും. എച്ച്-1ബി വിസ ഉടമകളില്‍ ഏകദേശം 70% വരുന്ന യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഈ നീക്കം പ്രത്യേകിച്ച് ദോഷകരമാണ്.

2026 സാമ്പത്തിക വര്‍ഷത്തേക്ക് നിര്‍ബന്ധമാക്കിയ 65,000 എച്ച്-1ബി വിസ റെഗുലര്‍ ക്യാപ്പിലും മാസ്റ്റേഴ്സ് ക്യാപ്പ് എന്നറിയപ്പെടുന്ന 20,000 എച്ച്-1ബി വിസ യുഎസ് അഡ്വാന്‍സ്ഡ് ഡിഗ്രി ഇളവിലും എത്താന്‍ ആവശ്യമായ അപേക്ഷകള്‍ ലഭിച്ചതായി ജൂലൈയില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) പറഞ്ഞിരുന്നു. 'ചില കുടിയേറ്റക്കാരല്ലാത്ത തൊഴിലാളികളുടെ പ്രവേശന നിയന്ത്രണം' എന്ന പ്രഖ്യാപനത്തില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെ, എച്ച്-1ബി അപേക്ഷകള്‍ക്കൊപ്പം 100,000 യുഎസ് ഡോളര്‍ പേയ്മെന്റോ അനുബന്ധമായോ നല്‍കിയില്ലെങ്കില്‍, കുടിയേറ്റക്കാരല്ലാത്ത വ്യക്തികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.