ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന ഉടന്‍ അപകടത്തില്‍പ്പെട്ട് 265 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോടും പ്രതികരണം തേടി. ദുരന്തത്തിന് പിന്നില്‍ പൈലറ്റിന്റെ പിഴവാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ വളരെ ദൗര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കോടതി, വിഷയത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായിയില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്. ഈ റിപ്പോര്‍ട്ടിനെതിരെ സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍ എന്ന വ്യോമയാന സുരക്ഷാ എന്‍ജിഒ പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പൈലറ്റുമാരായ ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും തമ്മിലുള്ള കോക്ക്പിറ്റിലെ സംഭാഷണവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. ഇതാണ് ദുരന്തത്തിന് കാരണം പൈലറ്റുമാരുടെ പിഴവാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.

പ്രാഥമിക റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നും ഇത് പൗരന്മാരുടെ ജീവിക്കാനും, തുല്യതയ്ക്കും, സത്യസന്ധമായ വിവരങ്ങള്‍ അറിയാനുമുള്ള മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇന്ധനം മാറ്റുന്നതിലെ തകരാറുകള്‍, ഇലക്ട്രിക്കല്‍ തകരാറുകള്‍ തുടങ്ങിയ പ്രശ്നങ്ങളെ റിപ്പോര്‍ട്ട് നിസാരവല്‍ക്കരിക്കുകയും പൈലറ്റുമാരെ കുറ്റപ്പെടുത്തുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ വിമര്‍ശനമുണ്ട്.അപകടം നടന്ന് 100 ദിവസത്തിലേറെയായിട്ടും ഒരു പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്നോ എന്ത് മുന്‍കരുതലുകള്‍ എടുക്കണമെന്നോ അതില്‍ പറയുന്നില്ല.

ഇതിന്റെ ഫലമായി ബോയിംഗ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അപകടസാദ്ധ്യയിലാണെന്നും അദ്ദേഹം വാദിച്ചു. അപകടം അന്വേഷിക്കാന്‍ രൂപീകരിച്ച അഞ്ചംഗ സംഘത്തില്‍ മൂന്നുപേര്‍ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയിലെ ഉദ്യോഗസ്ഥരാണെന്നും ചോദ്യം ചെയ്യപ്പെടുന്ന അതേസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് എങ്ങനെ അന്വേഷണം നടത്താന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.ഹര്‍ജിക്കാരന്റെ ആവശ്യം മനസിലാകുന്നുവെന്നും ന്യായമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, എല്ലാ കണ്ടെത്തലുകളും പരസ്യമാക്കുന്നത് അന്വേഷണത്തെ ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് വരാന്‍ പോകുന്നതെന്ന് 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തത് പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇവയെല്ലാം വളരെ ദൗര്‍ഭാഗ്യകരവും നിരുത്തരവാദപരവുമായ പ്രസ്താവനകളാണെന്ന് ജസ്റ്റിസ് കാന്ത് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ രഹസ്യസ്വഭാവം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സുപ്രീം കോടതി.

ജൂണ്‍ 12-ന് ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം, പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലെ 12 ജീവനക്കാരും, യാത്രക്കാരില്‍ ഒരാളൊഴികെ 229 പേരും മരിച്ചു. വിമാനം അഹമ്മദാബാദിലെ ഒരു മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് പതിച്ചതിനെ തുടര്‍ന്ന് 19 പേര്‍ക്കും ജീവന്‍ നഷ്ടമായി.