ഫ്രിക്കന്‍ ഗോത്ര രാജാവെന്ന് അവകാശപ്പെട്ട് സ്‌കോട്ട്‌ലാന്‍ഡിലെ വനത്തില്‍ താമസം ഉറപ്പിച്ച മൂന്നംഗ കുടുംബം നോട്ടീസ് നല്‍കിയിട്ടും കാട് ഒഴിയാന്‍ വിസമ്മതിക്കുകയാണ്. കുബാല എന്ന രാജ്യമാണ് ഈ വനമേഖല എന്നാണ് അവര്‍ അവകാശപ്പെടുന്നത്. നേരത്തേ വനത്തില്‍ നിന്നും അല്‍പം മാറിയുള്ള ഒരു സ്വകാര്യ ഭൂമിയിലായിരുന്നു ഇവര്‍ തമ്പടിച്ചിരുന്നത്. എന്നാല്‍, ഷെറീഫിന്റെ ഓഫീസ് ഇവരെ നീക്കം ചെയ്യാന്‍ എത്തിയതോടെ അവര്‍ കൗണ്‍സിലിന്റെ ഭൂമിയില്‍ പുതിയ ക്യാമ്പ് സ്ഥാപിക്കുകയായിരുന്നു.

അറ്റെഹെന്‍ രാജാവ് എന്ന് സ്വയം അവകാശപ്പെടുന്ന 36 കാരനായ കോഫി ഓഫെ, അയാളുടെ ഭാര്യ നന്ദി രാജ്ഞി എന്ന് അവകാശപ്പെടുന്ന 43 കാരിയായ ജീന്‍ ഗാഷോ അവരുടെ പരിചാരികയായ, ആസ്‌നാറ്റ് എന്ന് വിളിക്കുന്ന കൗര ടെയ്ലര്‍ എന്നിവരാണ് ഈ സ്വയം പ്രഖ്യാപിത ഗോത്രരാജാവിന്റെ കുടുംബത്തിലുള്ളത്. തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിച്ചപ്പോള്‍ ഇവര്‍ ക്യാമ്പിന് സമീപം തീ കൂട്ടി അതിനു ചുറ്റുമിരുന്ന് പാട്ടുപാടുകയായിരുന്നു. രാജാവിനുള്ള സമ്മാനങ്ങളുമായി വന്നില്ലെങ്കില്‍ രാജാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ല എന്നാണ് പരിചാരിക അവരെ അറിയിച്ചത്.

ഇവരെ കൗണ്‍സില്‍ ഭൂമിയില്‍ നിന്നും നീക്കാനുള്ള ഉത്തരവ് ഷെരീഫിന്റെ ഓഫീസില്‍ നിന്നും അഥോറിറ്റി കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അതില്‍ നല്‍കിയിരുന്ന അവസാന തീയതി കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.