ഫ്‌ലോറിഡ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റയാന്‍ റൂത്ത് കുറ്റക്കാരനാണെന്ന് ഫ്‌ലോറിഡയിലെ കോടതി കണ്ടെത്തി. വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ, 59-കാരനായ റൂത്ത് കോടതിമുറിയില്‍ വെച്ച് ഒരു പേന ഉപയോഗിച്ച് സ്വന്തം കഴുത്തില്‍ കുത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

2024 സെപ്റ്റംബറില്‍ അന്നത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് സെപ്റ്റംബര്‍ 23-ന് റൂത്തിനെതിരായ വിധി വന്നത്. ഫ്‌ലോറിഡയിലെ കോടതിമുറിയില്‍ വെച്ച് ജൂറി ഏകകണ്ഠമായി വിധി പ്രഖ്യാപിച്ചതിന് ശേഷമാണ് റൂത്ത് പേന കൊണ്ട് സ്വയം ആക്രമിക്കാന്‍ തുടങ്ങിയത്. ഈ സമയം റൂത്തിന്റെ മകള്‍ സാറാ എല്ലെന്‍ റൂത്ത് കോടതിയില്‍ വെച്ച് അലറിവിളിക്കുകയും പിന്നീട് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടുകയും ചെയ്തു. മകന്‍ ആദം റൂത്തും കോടതിമുറിയില്‍ നിന്ന് ഇറങ്ങിപ്പോയി.

കഴിഞ്ഞ വര്‍ഷം പാം ബീച്ചില്‍ ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സിന് പുറത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുമ്പോള്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരാണ് റൂത്തിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് തോക്കും ഒരു ക്യാമറയും കണ്ടെടുത്തിരുന്നു. ഒരു പ്രധാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ചതിനും, ആയുധങ്ങളും വെടിമരുന്നുകളും അനധികൃതമായി കൈവശം വെച്ചതിനും, സീരിയല്‍ നമ്പര്‍ മായ്ച്ച തോക്ക് കൈവശം വെച്ചതിനും, ഒരു കുറ്റകൃത്യത്തിന് ആയുധം ഉപയോഗിച്ചതിനും, ഒരു ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും റൂത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഈ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും. ഈ ആക്രമണ ശ്രമം ട്രംപിന്റെ ജനപ്രീതി കൂട്ടിയിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.