കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് ഭര്‍തൃവീട്ടില്‍ മാസങ്ങളായി നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ജംഷീദിനും എതിരെയാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി കടന്നു പിടിച്ചതായാണ് യുവതി നല്‍കിയ പരാതി.

ഭര്‍ത്താവിന്റെ സുഹൃത്ത് ആയ പിണങ്ങോട് സ്വദേശിയായ ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ്, ഡി വൈ എഫ് ഐ നേതാവിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്. കല്‍പ്പറ്റ പൊലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. മുന്‍പും ഇത്തരത്തില്‍ ചില അനുഭവം ഉണ്ടായപ്പോള്‍ സുഹൃത്തിന് അനുകൂല നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു.

സ്ത്രീധനമായി 101 പവനും കാറും വേണമെന്നു പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. ഭര്‍ത്താവ് എല്ലാവരോടും പൈസ വാങ്ങും എന്നിട്ട് എന്റെ ഫോട്ടോയും ഫോണ്‍ നമ്പറും കൊടുത്ത ശേഷം ആവശ്യങ്ങള്‍ അവളെ വിളിച്ച് പറഞ്ഞാല്‍ മതിയെന്നു പറയാന്‍ തുടങ്ങി. പലരും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ നമ്പരുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങി. ഭര്‍ത്താവിനോടും വീട്ടുകാരോടും ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ നിനക്കെന്താ കിടന്നു കൊടുത്തുകൂടെ അവന്റെ കടങ്ങള്‍ വീടാന്‍ വേണ്ടിയിട്ടല്ലേ എന്നൊക്കെയാണ് ഭര്‍ത്താവിന്റെ ഉമ്മ പറയാന്‍ തുടങ്ങിയതെന്ന് യുവതി വിവരിച്ചു.

കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം വീട്ടില്‍ എത്തിയ ജംഷീദ് ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കേസ് നല്‍കിയ ശേഷം മാധ്യമങ്ങളോട് യുവതി വെളിപ്പെടുത്തി. 'നാലു മക്കളുണ്ട്. ഇതില്‍ മൂന്നു പേര്‍ മാത്രമേ എന്റെ കൂടെയുള്ളൂ. ഒരാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ്. ഡിവൈഎഫ്ഐ നേതാവായ ജംഷീദ് മക്കളില്ലാത്ത സമയങ്ങളില്‍ വരും. കള്ളു കുടിച്ചിട്ടാകും വരിക. ഭക്ഷണം വേണമെന്ന് പറയും. വിളമ്പിക്കൊടുക്കുമ്പോള്‍ അവിടെയും ഇവിടെയും ഒക്കെ തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയ്യും. ഇക്കാര്യം ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ സാരമില്ല നിന്റെ തോന്നലായിരിക്കും ഇനി അതല്ല അങ്ങനെ ഉറപ്പാണെങ്കില്‍ അവനങ്ങ് നിന്നു കൊടുക്കൂ അവന്‍ അവന്റെ ഇഷ്ടം തീര്‍ന്നിട്ട് പോട്ടെ എന്ന് പറയാന്‍ തുടങ്ങി. ഇക്കഴിഞ്ഞ 17 ന് ഭക്ഷണം കൊടുത്ത ശേഷം വെള്ളം എടുക്കാന്‍ വേണ്ടി അടുക്കളയില്‍ പോയപ്പോള്‍ ഈ ജംഷീദ് പിന്നാലെ വരികയും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു. ഇതോടെ ഓടി റൂമിനകത്ത് കയറി വാതിലടച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭര്‍ത്താവ് ഇത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. അവര്‍ പോയ ശേഷമാണ് പിന്നെ വാതില്‍ തുറന്ന് മക്കളെ കൂട്ടാന്‍ വേണ്ടി പോയത്'' യുവതി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും യുവനേതാവിനെതിരെ രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തുന്ന പരാതിയാണിതെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് വിവരിച്ചു. കുടുംബ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം ഭാര്യയുടെ ബന്ധുക്കള്‍ ചേര്‍ന്നു മര്‍ദ്ദിച്ചതായും ഭര്‍ത്താവ് വെളിപ്പെടുത്തി. വാര്‍ത്താസമ്മേളനം നടത്തിയാണ് ഭര്‍ത്താവിന്റെ പ്രതികരണം. ജംഷീദ് വളര്‍ന്ന് വരുന്ന നേതാവാണെന്നും പിന്നില്‍ രാഷ്ട്രീയമാണെന്നും ഭര്‍ത്താവ് പറഞ്ഞു. ജംഷീദിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഭാര്യയും മക്കളും ഭക്ഷണം കഴിച്ചത്. പീഡന ശ്രമം ഉണ്ടായെന്ന് പറയുന്ന ദിവസം ജംഷീദ് വീട്ടില്‍ വന്നിട്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.

യുവതിയുടെ വെളിപ്പെടുത്തല്‍

മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ കൂടെയാണ് അന്ന് ജംഷീദ് ബാവയും വീട്ടിലെത്തിയത്. കുതറി മാറാന്‍ ശ്രമിച്ച തന്നെ തെറി പറയുകയും പാര്‍ട്ടിയില്‍ ഉള്ള ആളാണ് പുറത്ത് പറഞ്ഞാല്‍ മക്കളേയും തന്നെയും കൊന്നുകളയുമെന്ന് പറഞ്ഞതായും യുവതി പറയുന്നു. 13 വര്‍ഷം മുമ്പ് മറ്റൊരു യുവതിയെ ഭര്‍ത്താവ് കല്യാണം കഴിച്ചത് മറച്ചുവെച്ചാണ് തന്നെ കല്യാണം കഴിച്ചത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. തനിക്ക് കുട്ടിയുണ്ടായ ശേഷമാണ് നേരത്തേ മറ്റൊരു ഭാര്യ ഉണ്ടായിരുന്നുവെന്ന വിവരം അറിയുന്നത്. പിന്നീട് ആദ്യ ഭാര്യയെ ഒഴിവാക്കുന്നതിന് തന്റെ സ്വര്‍ണം വിറ്റ് രണ്ടര ലക്ഷം രൂപ നല്‍കി. അതിന് പകരമായി മൂന്നര സെന്റ് സ്ഥലം തന്റെ പേരിലേക്ക് മാറ്റി. ഇത് തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജംഷീദ് ബാവയും ഭര്‍ത്താവും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു.

ജംഷീദ് ബാവ പീഡിപ്പിച്ചത് സംബന്ധിച്ചും ഗാര്‍ഹിക പീഡനം സംബന്ധിച്ചും കഴിഞ്ഞ ദിവസം കല്‍പറ്റ പൊലീസിലാണ് പരാതി നല്‍കിയത്. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 25 പവന്‍ നല്‍കിയാണ് തന്നെ കല്യാണം കഴിച്ചത്. മദ്യാപാനിയായ ഭര്‍ത്താവ് സ്വര്‍ണമെല്ലാം വിറ്റുതീര്‍ത്തു. പിന്നീട് 101 പവനും കാറും വേണമെന്ന് ആവശ്യപ്പെട്ട് തന്നെ മര്‍ദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ മാതാവും പിതാവും ഇതിന് കൂട്ടു നില്‍കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും കൂട്ടം ചേര്‍ന്ന് തന്നെ മര്‍ദിച്ചതോടെ വീട്ടുകാരെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് പോയി. അന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിരന്തര പീഡനവുമായി ബന്ധപ്പെട്ട് മഹല്ലു കമ്മിറ്റികള്‍ പല തവണ ഒത്തു തീര്‍പ്പ് ശ്രമം നടത്തിയിരുന്നെങ്കിലും വീണ്ടും പീഡനം തുടരുകയായിരുന്നുവെന്നും യുവതി പറഞ്ഞു.