കൊച്ചി: ഭൂട്ടാനില്‍നിന്നുള്ള വാഹനങ്ങളുടെ അനധികൃത കടത്തില്‍ ആസൂത്രിത വ്യക്തം. അതിര്‍ത്തിയിലൂടെ ഏജന്റുമാര്‍ വിദേശ ആഡംബര സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ നിര്‍ബാധം രാജ്യത്തെത്തിച്ചു. ഭൂട്ടാനില്‍നിന്ന് കൊണ്ടുവരുന്ന വാഹനം അതിര്‍ത്തിയിലെ റോഡ് സുരക്ഷസേനാ പരിശോധനകള്‍ വളരെ വേഗം മറികടന്നാണ് ഇന്ത്യയിലെത്തുന്നത്. ഇവിടെ എത്തിച്ചശേഷം ഇന്ത്യന്‍ എംബസിയുടെ വ്യാജസീലും രേഖകളും ഉണ്ടാക്കിയാണ് വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഭൂട്ടാനില്‍നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാജരേഖ ചമച്ചും നികുതിവെട്ടിച്ചും ആയിരത്തോളം ആഡംബര വാഹനം കടത്തിയെന്ന നിഗമനത്തില്‍ കസ്റ്റംസ്. കോയന്പത്തൂരിലെ ഏജന്റുമാര്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ഇരുനൂറോളം വാഹനങ്ങള്‍ സിനിമാ മേഖലയിലുള്ളവര്‍ക്കും വ്യവസായികള്‍ക്കുമാണ് വിറ്റതെന്നും കസ്റ്റംസ് കമീഷണര്‍ ഡോ. ടി ടിജു വ്യക്തമാക്കി.ചൊവ്വാഴ്ച 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ നടത്തിയ കസ്റ്റംസ് റെയ്ഡില്‍ സംസ്ഥാനത്തെ 35 ഇടങ്ങളില്‍നിന്ന് 38 വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പരിശോധന തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിയമമില്ലെന്നും വിദേശത്ത് ഒരാള്‍ ഉപയോഗിച്ചിരുന്ന കാര്‍ അതേ വ്യക്തിക്ക് ഇന്ത്യയില്‍ ഉപയോഗത്തിനായി കൊണ്ടുവരാന്‍ മാത്രമേ അനുവാദമുള്ളൂ എന്നുമാണ് കസ്റ്റംസിന്റെ വിശദീകരണം. അതിനാല്‍ തന്നെ ഭൂട്ടാനില്‍ നിന്ന് ഉപയോഗിച്ച കാറുകള്‍ എന്ന വ്യാജേനെ കൊണ്ടുവന്നത് ഇവിടെ വില്‍പ്പന നടത്താന്‍ കഴിയില്ല. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുക മാത്രമാണ് വഴിയെന്നും ഉടമകള്‍ക്ക് പിഴയടച്ച് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും കസ്റ്റംസ് അധികൃതര്‍ വിശദീകരിക്കുന്നു. മാത്രമല്ല നികുതി വെട്ടിച്ച് കടത്തിയ വാഹനമാണെന്ന് അറിഞ്ഞു കൊണ്ടാണ് വാങ്ങിയത് എങ്കില്‍ പ്രൊസിക്യുഷന്‍ നടപടികളും നേരിടേണ്ടി വരും. സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ നല്‍കുന്ന വിശദീകരണം പരിശോധിച്ചതിനുശേഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് നീക്കം

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിവഹന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്താണ് പലയിടത്തും രജിസ്ട്രേഷന്‍ നേടിയെടുക്കുന്നത്. ഏജന്റുമാര്‍ നിയമം ലംഘിച്ച് കടത്തിക്കൊണ്ടുവന്നതാണെന്ന് അറിയാതെയാണ് പലരും വാഹനങ്ങള്‍ സ്വന്തമാക്കിയത്. വിദേശ ആഡംബര വാഹനങ്ങള്‍ ഭൂട്ടാനില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ചില ഇളവുകളുണ്ട്. അതുകൊണ്ട് വാഹനങ്ങള്‍ ഭൂട്ടാനില്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്നാണ് അതിര്‍ത്തി കടത്തുന്നത്. കരസേന, ഇന്ത്യന്‍ എംബസി എന്നിവയുടെ വ്യാജരേഖ ഉണ്ടാക്കി ഹിമാചല്‍, അരുണാചല്‍, യുപി സംസ്ഥാനങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അവിടെനിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കെത്തിക്കും. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്. മൂന്നുവര്‍ഷത്തിലേറെ വിദേശത്ത് ഉപയോഗിച്ച വാഹനം കൊണ്ടുവരാന്‍ 160 ശതമാനം നികുതി അടക്കണം. അത് ചെയ്യാതെ രണ്ടുവര്‍ഷമായി വാഹനങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്ട്. ആയിരത്തോളം വാഹനങ്ങള്‍ എത്തിയെന്നാണ് നിഗമനം. ആറുമാസമായി കസ്റ്റംസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരില്‍നിന്ന് ഉപഭോക്താക്കള്‍ ആരൊക്കെയെന്ന് കണ്ടെത്തിയത്.

നേരത്തെ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ ആയിരുന്നു നികുതി വെട്ടിക്കാനുള്ള എളുപ്പവഴി. പിന്നീട് വാഹനം കടത്തല്‍ അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ന്നതാണ് ഭൂട്ടാന്‍ വാഹന തട്ടിപ്പിലേക്ക് നയിച്ചത്. ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കി നികുതി വെട്ടിപ്പ് നടത്തുന്ന രീതിയാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് സൂചന കിട്ടിയതോടെയാണ് അധികൃതര്‍ ഇത് കണ്ടെത്തുന്നതിനായി ഓപറേഷന്‍ നുംഖോര്‍ ആവിഷ്‌കരിച്ചത്. ''നുംഖോര്‍'' എന്ന ഭൂട്ടാന്‍ വാക്കിന്റെ അര്‍ഥം വാഹനം എന്നാണ്. ഭൂട്ടാന്‍ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചത് എന്ന വ്യാജേന ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. വിദേശ എംബസികള്‍ ഉപയോഗിച്ച ശേഷം വില്‍പ്പന നടത്തിയത്, ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച ശേഷം ലേലം ചെയ്തത് തുടങ്ങിയ പേരുകള്‍ പറഞ്ഞായിരുന്നു ഇവ കേരളത്തില്‍ എത്തിച്ചു താരതമ്യേന കുറഞ്ഞ വിലക്ക് വിറ്റത്.

ആഡംബര കാറുകളായ ലാന്‍ഡ് ക്രൂസര്‍, ലക്‌സസ്, ഡിഫന്‍ഡര്‍, പ്രാഡോ തുടങ്ങിയവ വളരെ കുറഞ്ഞ വില കാണിച്ച് ഇന്ത്യയില്‍ എത്തിച്ചതിനുശേഷം പത്ത് ഇരട്ടി വില ഈടാക്കി വില്‍ക്കും. ഇടനിലക്കാര്‍ ഇത്തരത്തില്‍ ലാഭം എടുത്താല്‍ പോലും യഥാര്‍ഥ വിലയേക്കാള്‍ വളരെ കുറവായിരിക്കും എന്നതിനാലാണ് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കെണിയില്‍ വീണത്. പ്രാഡോ കാര്‍ ഒരു ലക്ഷം രൂപയ്ക്ക് ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തട്ടിപ്പിലേക്ക് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് ആഡംബര കാറുകള്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായി കണ്ടെത്തി.