മോസ്‌കോ: ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നിന്റെ നേതാവാണ് നിങ്ങള്‍ എന്ന് സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നിങ്ങളുടെ പക്കലുണ്ട്: അധികാരം, സ്വാധീനം, പണം. പക്ഷേ അവിടെ ഉയരുന്ന ഒരു ചോദ്യം നിങ്ങള്‍ക്ക്എത്ര കാലം ഈ സ്ഥാനത്ത് തുടരാന്‍ കഴിയും എന്നതാണ്. ഒരു ദിവസം എത്ര പദവിയും സ്വാധീനവും എല്ലാം ഉണ്ടെങ്കിലും നിങ്ങള്‍ മരിക്കും.ഇത് ഒരു പ്രപഞ്ച സത്യമാണ്. മരണത്തെ തടയാന്‍ നമുക്കാര്‍ക്കും കഴിയുകയില്ല. ഈ മാസം ആദ്യം ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും എങ്ങനെ യുവത്വം നിലനിര്‍ത്താം എന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ പുറത്ത് വന്നിരുന്നു.

ബയോടെക്നോളജിയുടെ വികാസത്തോടെ, മനുഷ്യാവയവങ്ങള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കാന്‍ കഴിയും എന്നും ആളുകള്‍ക്ക് ചെറുപ്പമായി തുടരാനും അമരത്വം കൈവരിക്കാനും കഴിയും എന്നാണ് ഷീജിന്‍പിംഗിനോട് പുട്ടിന്‍ പറയുന്നത്. ഇത്തരത്തില്‍ 150 വര്‍ഷം വരെ ജീവിക്കാന്‍ അവസരം ലഭിക്കും എന്നാണ് റഷ്യന്‍ പ്രസിഡന്റ് വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യം സാധ്യമാണോ എന്നും , അധികാരമുള്ള ആളുകള്‍ക്ക് എന്നേക്കും ജീവിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിന് അതിന്റെ അര്‍ത്ഥമെന്താണ് എന്നാണ് പലരും ചോദിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് ആളുകളുടെ ആയുസ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി മാറിയത്. എന്നിട്ടും പലര്‍ക്കും ഇവിടെ ജീവിച്ച് കൊതി തീരുന്നില്ല. എന്നേക്കും ജീവിക്കാന്‍ ആഗ്രഹിക്കുന്ന കോടീശ്വരന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് സിലിക്കണ്‍ വാലിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് എന്നാണ് പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിലിക്കന്‍വാലിയിലെ പല ലാബുകളിലും ആയുസ് വര്‍ദ്ധിപ്പിക്കുന്ന പരീക്ഷണങ്ങള്‍ സജീവമായി തുടരുകയാണ്. ഇവരില്‍ പലരും ഒരു ദിവസം കൃത്രിമബുദ്ധിയുമായി ലയിച്ച് പോസ്റ്റ്-ഹ്യൂമന്‍ ആയിത്തീരുമെന്നും, ആനന്ദത്തിന്റെ അവസ്ഥയില്‍ എന്നേക്കും ജീവിക്കുമെന്നും അവര്‍ സങ്കല്‍പ്പിക്കുന്നു.

എന്നാല്‍ പുട്ടിനും ഷീജിന്‍പിങ്ങും എല്ലാം നിത്യയ്യൗവനം ലഭിക്കാനായി ചികിത്സാ രീതികളാണ് ആശ്രയിക്കുന്നത്. നിങ്ങള്‍ 80 വയസ്സില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ 20 വയസ്സില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതല്ല. പ്രായ ഗവേഷണത്തില്‍ ഇതിനായി ഉപയോഗിക്കുന്ന പദം 'ഹെല്‍ത്ത്‌സ്പാന്‍' എന്നാണ്. ഈ മേഖലയിലെ മിക്ക സമകാലിക ശാസ്ത്രങ്ങളുടെയും ലക്ഷ്യം അത് വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഹെല്‍ത്ത്‌സ്പാന്‍ എന്നാല്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെയിരിക്കുക, വാര്‍ദ്ധക്യത്തിന്റെ രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നാണ്. 1889 ല്‍ പ്രമുഖ ശരീരശാസ്ത്രജ്ഞനും റോയല്‍ സൊസൈറ്റി അംഗവുമായ ചാള്‍സ്-എഡ്വാര്‍ഡ് ബ്രൗണ്‍-സെക്വാര്‍ഡ് സമപ്രായക്കാരുടെ ഒരു സദസ്സിനു മുന്നില്‍ 72-ാം വയസ്സില്‍ താന്‍ വാര്‍ദ്ധക്യം ബാധിച്ചതായി മനസിലാക്കിയതിനെ തുടര്‍ന്ന് തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതിനെ കുറിച്ച് വിശദീകരിച്ചിരുന്നു.

ഇതിന് ഫലപ്രദമായ ചികിത്സ താന്‍ കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. ഒരു നായയുടെയോ ഗിനി പന്നിയുടെയോ ലൈംഗിക ഗ്രന്ഥികളില്‍ നിന്ന് എടുത്ത രക്തം, ശുക്ലം, വൃഷണത്തില്‍ നിന്ന് എടുത്ത നീര് എന്നിവയുടെ മിശ്രിതം തന്റെ രണ്ട് കൈകളിലേക്കും കുത്തിവെയ്ക്കുകയായിരുന്നു സെക്വാര്‍ഡ് ചെയ്തത്. ഈ പ്രായത്തിലും തന്റെ ലൈംഗിക ശേഷി വീണ്ടെടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചു. ബ്രൗണ്‍-സെക്വാര്‍ഡിന്റെ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു സെര്‍ജ് സാമുവല്‍ വാറോനോഫ്, ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു അവയവം സ്ഥാപിക്കല്‍ പരീക്ഷണം നടത്തിയിരുന്നു. അദ്ദേഹം കുഞ്ഞുങ്ങളില്‍ നിന്ന് വൃദ്ധരിലേക്ക് ലൈംഗിക ഗ്രന്ഥികള്‍ മാറ്റിവച്ചു. പ്രത്യേകിച്ചും, കുരങ്ങന്‍ വൃഷണങ്ങളുടെ ശകലങ്ങള്‍ പ്രായമായ പുരുഷന്മാരുടെ വൃഷണസഞ്ചിയിലേക്ക് മാറ്റിവച്ചു.

1923-ല്‍, ലണ്ടനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് സര്‍ജന്‍സിലെ ശാസ്ത്രജ്ഞരുടെ മുമ്പാകെ അദ്ദേഹം ഹാജരായി, നടപടിക്രമം വളരെ വിജയകരമായിരുന്നുവെന്നും അറിയിച്ചു. രണ്ട് പതിറ്റാണ്ടിനുള്ളില്‍, ലോകമെമ്പാടുമുള്ള 45-ലധികം ശസ്ത്രക്രിയാ വിദഗ്ധര്‍ 2,000-ത്തിലധികം തവണ അദ്ദേഹത്തിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു; ഫ്രാന്‍സില്‍ മാത്രം 500 പുരുഷന്മാരില്‍ ശസ്ത്രക്രിയ നടത്തി. വൊറോനോഫ് പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു, ആയുസ്സ് 140 വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു.

2016-ല്‍, സ്റ്റാന്‍ഫോര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ബിരുദധാരിയായ ജെസ്സി കര്‍മ്മസിന്‍, കാലിഫോര്‍ണിയയിലെ മോണ്ടെറിയിലെ ഒരു ബിസിനസ് പാര്‍ക്കില്‍ ഇക്കാര്യത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹവും മനുഷ്യരില്‍ യുവ രക്തം വാര്‍ദ്ധക്യത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും കൂടുതലൊന്നും വിശദീകരിച്ചിട്ടില്ല. അദ്ദേഹം പരീക്ഷണം നടത്തിയത് മുഴുവന്‍ എലികളിലായിരുന്നു. 2019 ആയപ്പോഴേക്കും അമേരിക്കയില്‍ ഇത്തരം അവകാശവാദങ്ങളുമായി അഞ്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ പലരും ചോദിക്കുന്ന ഒരു കാര്യം നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരുന്നാലും അത് പൂര്‍ണ ആരോഗ്യത്തോടെ അല്ലെങ്കില്‍ എന്ത് പ്രയോജനം എന്നാണ്. മറവി രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടികൂടിയില്‍ പിന്നെ ദീര്‍ഘകാലം ജിവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നാണ് അവര്‍ ചോദിക്കുന്നത്.