കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒന്നിനും വ്യവസ്ഥയില്ല, ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ചാക്കില്‍കെട്ടിയാണ്. ഇനിയും രണ്ടു ദ്വാരപാലക ശില്‍പ്പങ്ങള്‍ കണ്ടെടുക്കാന്‍ ആയിട്ടില്ല. ഈ ശില്‍പ്പങ്ങളും ആരുടെയെങ്കിലും വീട്ടിലുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം.

കണക്കുകളോ വ്യക്തമായ മേല്‍നോട്ടമോ ഒന്നിലും ഇല്ല. ഈ സാഹചര്യത്തിലാണ് സ്‌ട്രോംഗ് റൂമുകളിലടക്കം പരിശോധന നടത്തി പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കണക്കെടുപ്പിന്റെ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ കോടതി നിയോഗിച്ചതും നിര്‍ണ്ണായകമാണ്. നേരത്തെ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കണക്കെടുപ്പ് നടത്തി. ശതകോടിയുടെ മൂല്യമാണ് നിലവറകളില്‍ കണ്ടെത്തിയത്. സമാന രീതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇടപെടുകയാണ് ഹൈക്കോടതി.

ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെയാകണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കണക്കെടുപ്പ്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം. കണക്കെടുപ്പിനുള്ള സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ ഗുരുതരമാണെന്നും സിസ്റ്റത്തിന്റെ പരാജയമാണെന്നും വിമര്‍ശിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസാണ് പരിഗണിക്കുന്നത്. പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ദേവസ്വം വിജിലന്‍സ് കോടതിയെ അറിയിച്ചു. ഭക്തര്‍ നല്‍കുന്ന ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററിലുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി.ഇവ ലോക്കറിലും ചാക്കില്‍ക്കെട്ടിയും സ്‌ട്രോംഗ് റൂമില്‍ വച്ചിട്ടുണ്ട്.

എന്നാല്‍, കൊടിമര, ദ്വാരപാലക ശില്പഭാഗങ്ങളുടെയും പീഠങ്ങളുടെയും വിവരം രജിസ്റ്ററിലില്ല. 1999ല്‍ ശ്രീകോവില്‍ മേല്‍ക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വര്‍ണം ഉപയോഗിച്ചു എന്നതും രേഖകളിലില്ല. 30 കിലോയിലധികം സ്വര്‍ണം വേണ്ടി വന്നുവെന്നാണ് മേസ്തിരിമാരില്‍ നിന്ന് അറിഞ്ഞത്. ശില്പവും പീഠവും സ്‌ട്രോംഗ് റൂമിലില്ല. സ്വര്‍ണപ്പാളി കേസില്‍ സ്‌പോണ്‍സറുടെ ഇ-മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്‌ട്രോംഗ്റൂമില്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് പറയുന്നു. രജിസ്റ്ററില്‍ ഇതിന്റെ വിവരങ്ങളുമില്ല.ദേവസ്വം ഉദ്യോഗസ്ഥര്‍ വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

പീഠങ്ങള്‍ സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ കണ്ടുവെന്നത് ഇതിന് തെളിവാണ്. രത്‌നങ്ങളും വൈരക്കല്ലുകളും പതിച്ച കിരീടവും, ആഭരണങ്ങളും സ്വര്‍ണം, വെള്ളി ദണ്ഡുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത്. ഏഴു ദിവസത്തിനകം മൂല്യം കണക്കാക്കി ഇന്‍ഷ്വര്‍ചെയ്ത് സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്നാണ് ചട്ടം. മരാമത്ത് അസി.എന്‍ജിനിയറുടെയും വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാകണം മൂല്യം നിര്‍ണയം. 16 ഇടങ്ങളിലാണ് ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോംഗ് റൂമുകള്‍. ഈ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ അടക്കം സംശയത്തിലാക്കുന്നതാണ് പുതിയ വിവാദങ്ങള്‍.

2024 ഒക്ടോബര്‍ 2ന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വത്തിന് അയച്ച ഇ-മെയിലില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശില്പങ്ങളുടെ നിറം മങ്ങിയെന്നും ഇലക്ട്രോപ്ലേറ്റിംഗിലൂടെ പരിഹരിക്കാമെന്നും ഇതില്‍ പറഞ്ഞിരുന്നു. പഴയ കാലത്തെ രണ്ട് ദ്വാരപാലക ശില്പങ്ങള്‍ കൂടി കൊടുത്തയയ്ക്കണമെന്നും ഇതിലെ സ്വര്‍ണം ഇളക്കിയെടുത്താല്‍ ചെലവ് കുറയ്ക്കാമെന്നും വ്യക്കമാക്കി. ഇതെന്തിനാണെന്ന സംശയമാണ് പീഠം അടക്കം കണ്ടെത്താന്‍ സഹായകമാകുന്ന അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. പ്രതിയായി ഉണ്ണികൃഷ്ണന്‍ പോറ്റി മാറുകയും ചെയ്തു. മറ്റൊരു ജോഡി ദ്വാരപാലകവിഗ്രഹങ്ങള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് കൈമാറിയാല്‍ ഇതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ പറയുന്നുണ്ട്.

എന്നാല്‍, ഇക്കാര്യം ദേവസ്വത്തിന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നില്ല. സ്‌ട്രോങ് റൂമിലെ ദ്വാരപാലക വിഗ്രഹങ്ങളെക്കുറിച്ചുള്ള ഫയലുകള്‍ ഹാജരാക്കണമെന്നും ഇതോടെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് കെടുകാര്യസ്ഥത പുറത്തു വന്നത്.