- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കക്ക് പുറത്ത നിര്‍മ്മിക്കുന്ന ഏതൊരു സിനിമയ്ക്കും 100% തീരുവ ചുമത്തും; അസംസ്‌കൃത വസ്തുവിന് പകരം ഒരു സേവനത്തിന് ലെവി ചുമത്തുന്നത് ആദ്യം; ബ്രിട്ടീഷ് സിനിമകള്‍ അടക്കം പ്രതിസന്ധിയിലാകും; ടിവി പരമ്പരകളിലും ആശങ്ക; താരിഫ് എങ്ങനെ നടപ്പാക്കുമെന്നതും ഉയരുന്ന ചോദ്യം; സില്‍വര്‍ സ്ക്രീനിനേയും ട്രംപിസം ബാധിക്കുമ്പോള്‍
ന്യുയോര്‍ക്ക്: ആഗോള സിനിമാ വ്യവസായത്തിന് തിരിച്ചടിയായി പുതിയൊരു തീരുമാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് പുറത്ത നിര്‍മ്മിക്കുന്ന ഏതൊരു സിനിമയ്ക്കും 100% തീരുവ ചുമത്തുമെന്നാണ് ട്രംപ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. താരിഫ് എപ്പോള്‍ അല്ലെങ്കില്‍ എങ്ങനെ നടപ്പിലാക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇക്കാര്യം അദ്ദേഹം നടപ്പിലാക്കുകയാണെങ്കില്‍ ട്രംപ് ഒരു അസംസ്‌കൃത വസ്തുവിന് പകരം ഒരു സേവനത്തിന് ലെവി ചുമത്തുന്നത് ആദ്യമായാണ്.
യു.കെയിലെ മൊത്തം ചലച്ചിത്ര, ഹൈ-എന്‍ഡ് ടിവി നിര്‍മ്മാണ ചെലവ് 2024 ല്‍ റെക്കോര്‍ഡ് 5.6 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നിരുന്നു. കൂടാതെ പൈന്‍വുഡ്, എല്‍സ്ട്രീ എന്നിവയുള്‍പ്പെടെയുള്ള വമ്പന്‍ സ്റ്റുഡിയോകളില്‍ 117,000-ത്തിലധികം പേര്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. പുതിയ നിര്‍ദ്ദിഷ്ട താരിഫ് യുകെ ചലച്ചിത്ര വ്യവസായത്തിന് വിനാശകരമായ പ്രഹരമായി മാറുമെന്ന കാര്യം ഉറപ്പാണ്. ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തിന് മുന്നില്‍ അമേരിക്കന്‍ സിനിമാ നിര്‍മ്മാണം നഷ്ടത്തിലാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒരു കുഞ്ഞില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ നിര്‍മ്മാണ ബിസിനസ്സ് അമേരിക്കയില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു എന്ന് അദ്ദേഹം കുറിച്ചിരുന്നു. കാലിഫോര്‍ണിയ ഗവര്‍ണറായ ഗാവിന്‍ ന്യൂസമിനെ ദുര്‍ബലനും കഴിവുകെട്ടവനും എന്നും അദ്ദേഹം വിമര്‍ശിച്ചു.
സിനിമയിലെ തിരിച്ചടി സംസ്ഥാനത്തെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനായിട്ടാണ് അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% താരിഫ് ചുമത്തും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്നും ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. എന്നാല്‍ വിദേശ നിര്‍മ്മിത സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്താന്‍ ട്രംപ് ഏത് നിയമപരമായ അധികാരം ഉപയോഗിക്കുമെന്ന കാര്യം വ്യക്തമല്ല. ഈ വര്‍ഷം മെയ് മാസത്തില്‍ വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ആദ്യം പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകുമോ എന്ന കാര്യവും വ്യക്തമല്ല. പല അമേരിക്കന്‍ സിനിമകളും മറ്റ് രാജ്യങ്ങളില്‍ പോയി ചിത്രീകരിക്കുന്നത് പതിവാണ്. എ്ന്നാല്‍ പുതിയ നിയമപ്രകാരം അവയ്ക്കും ട്രംപിന്റെ നിര്‍ദ്ദേശം ബാധകമാണോ എന്ന കാര്യം വ്യക്തമല്ല. ഉദാഹരണത്തിന്, വരാനിരിക്കുന്ന മിഷന്‍ ഇംപോസിബിള്‍ - ദി ഫൈനല്‍ റെക്കണിംഗ് പോലുള്ള വലിയ ബജറ്റ് സിനിമകള്‍ പലപ്പോഴും ലോകമെമ്പാടും ചിത്രീകരിക്കപ്പെടുന്നു. ടോം ക്രൂസ് അഭിനയിച്ച ചിത്രം ബ്രിട്ടന്‍, നോര്‍വേ, ദക്ഷിണാഫ്രിക്ക, മാള്‍ട്ട എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ഹോളിവുഡിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ യുണൈറ്റഡ് ടാലന്റ് ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ അന്ന് സിഎന്‍എന്നിനോട് പറഞ്ഞു, ട്രംപിന്റെ നീക്കം ലോകമെമ്പാടുമുള്ള സിനിമാ നിര്‍മ്മാണം ഫലത്തില്‍ ഇല്ലാതാക്കും എന്നാണ്. അമേരിക്കന്‍ സിനിമാ നിര്‍മ്മാണം വിദേശത്തേക്ക് മാറ്റുന്നതിനെ കുറിച്ച് ട്രംപ് വളരെക്കാലമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ പ്രമുഖ സിനിമാ നിര്‍മ്മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്ത ബാര്‍ബി പോലുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും യുകെയിലാണ് ചിത്രീകരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് 2.3 ദശലക്ഷത്തിലധികം തൊഴിലവസരങ്ങളും 279 ബില്യണ്‍ ഡോളര്‍ വില്‍പ്പനയും നടത്തിയ ഹോളിവുഡ് യു.എസ് സമ്പദ്വ്യവസ്ഥയിലെ ഒരു പ്രധാന മേഖലയാണ്.
എന്നാല്‍ ഹോളിവുഡിലെ സമരങ്ങളുടെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ അമേരിക്കക്കാര്‍ സിനിമകള്‍ ഉപയോഗിക്കുന്ന രീതിയെ മാറ്റിമറിച്ചു, തിയേറ്ററുകളില്‍ കാണുന്നതിനുപകരം വീട്ടില്‍ തന്നെ കാണാന്‍ ആളുകള്‍ തീരുമാനിക്കുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളെ തീരുമാനം ബാധിക്കുമോ എന്ന് ട്രംപിന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ബ്രാന്‍ഡഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കിച്ചണ്‍ കാബിനറ്റുകള്‍, ഹെവി ട്രക്കുകള്‍ എന്നിവയ്ക്ക് 25 ശതമാനം മുതല്‍ 100 ശതമാനം വരെ പ്രത്യേക താരിഫ് ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.