സെബു: ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. മേൽപ്പാലം അപകടകരമായി കുലുങ്ങുന്നതിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് സെബുവിന് സമീപം ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിൽ ഇതുവരെ 70ഓളം പേർ മരണപ്പെട്ടതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒരു വാഹനത്തിൻ്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഭൂചലന സമയത്ത് മേൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും അതുവഴി കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാരും പരിഭ്രാന്തരായി വാഹനങ്ങളിൽ നിന്നിറങ്ങുന്നതും കാണാം. റോഡിലേക്ക് വാഹനങ്ങൾ വീഴുന്ന ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, സെബു ദ്വീപിൻ്റെ വടക്കേ അറ്റത്തുള്ള ബോഗോയ്ക്ക് സമീപമാണ് പ്രാദേശിക സമയം രാത്രി 9.59-ന് ഭൂകമ്പം അനുഭവപ്പെട്ടത്. ഏകദേശം 90,000 ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ഭൂകമ്പത്തിനു ശേഷം അഞ്ചോ അതിലധികമോ തീവ്രതയുള്ള നാല് തുടർചലനങ്ങളും അനുഭവപ്പെട്ടു.

ശക്തമായ ഭൂചലനം വൈദ്യുതി ബന്ധം താറുമാറാക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ, ഭൂകമ്പത്തെത്തുടർന്ന് ഫിലിപ്പീൻസിലെ ചരിത്രപരമായ ഒരു പള്ളിക്ക് വലിയ നാശനഷ്ടം സംഭവിച്ചതിൻ്റെ മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു.

രക്ഷാപ്രവർത്തനങ്ങൾക്കായി മെഡിക്കൽ വളണ്ടിയർമാരെ ആവശ്യമുണ്ടെന്ന് സെബു പ്രൊവിൻഷ്യൽ ഗവൺമെൻ്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെബു ഗവർണർ പമേല ബാരിക്കുവട്രോ പുറത്തുവിട്ട വീഡിയോയിൽ, നാശനഷ്ടങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

സെബു, ലെയ്‌റ്റ്, ബിലിരാൻ എന്നീ പ്രവിശ്യകളിലെ ജനങ്ങളോട് തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ അസാധാരണമായ രീതിയിൽ തിരമാല ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.