വെൻഷോ: മ്യാൻമറിലെ കോക്‌ കാങ് മേഖലയിൽ നിന്നുള്ള കുപ്രസിദ്ധമായ ഒരു ക്രിമിനൽ കുടുംബത്തിലെ 11 പേർക്ക് കോടികളുടെ ഓൺലൈൻ തട്ടിപ്പ് സംഘം നടത്തിയ കേസിൽ ചൈനയിൽ വധശിക്ഷ വിധിച്ചു. അന്താരാഷ്ട്ര തലത്തിൽ 1000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്ല്യൺ പൗണ്ട്) സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഈ ശിക്ഷ. വെൻഷോ ഇൻ്റർമീഡിയറ്റ് പീപ്പിൾസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

മ്യാൻമറിലെ കോക്‌ കാങ് മേഖലയിലെ ശക്തരായ കുടുംബാംഗങ്ങളായ മിങ് ഗുവാവോപിംഗ്, മിങ് ഷെൻ ഷെൻ, ഷൗ വീച്ചാങ് എന്നിവരും മറ്റ് എട്ടുപേരുമാണ് വധശിക്ഷയ്ക്ക് അർഹരായത്. തിങ്കളാഴ്ച പുറത്തുവന്ന കോടതിയുടെ ഉത്തരവ് പ്രകാരം, അഞ്ചുപേർക്ക് രണ്ടുവർഷത്തെ താൽക്കാലിക വധശിക്ഷയും വിധിച്ചിട്ടുണ്ട്. ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് രണ്ടു വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഈ ശിക്ഷകൾ പലപ്പോഴും ജീവപര്യന്തം തടവായി പരിവർത്തനം ചെയ്യപ്പെടാറുണ്ട്. കൂടാതെ, മറ്റ് 12 പ്രതികൾക്ക് അഞ്ചു മുതൽ 24 വർഷം വരെ തടവ് ലഭിച്ചു. പിഴ, സ്വത്ത് കണ്ടുകെട്ടൽ, നാടുകടത്തൽ തുടങ്ങിയ ശിക്ഷാ നടപടികളും ഇവരിൽ പലർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

ചൈന സെൻട്രൽ ടെലിവിഷൻ (CCTV) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മിങ് കുടുംബം അവരുടെ സ്വാധീനം ഉപയോഗിച്ച് കോക്‌ കാങ് മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് കളമൊരുക്കുകയായിരുന്നു. 2015 മുതൽ ഈ കുടുംബം മേഖല ഭരിക്കുന്ന നാല് പ്രധാന ക്ലാനുകളിൽ ഒന്നായി പ്രവർത്തിച്ചു വരികയായിരുന്നു. ചൈനയുടെ അതിർത്തിക്ക് സമീപമുള്ള ലൗകായ് ജില്ല ചൂതാട്ടം, മയക്കുമരുന്ന്, തട്ടിപ്പ് കേന്ദ്രങ്ങൾ എന്നിവയുടെ വിളനിലമായി മാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരുടെ പേരുകേൾക്കുമ്പോൾ തന്നെ ആൾക്കാരുടെ മുട്ട് വിറയ്ക്കുമായിരുന്നു. ലഹരിയുടെ പാതി ബോധത്തിൽ എന്തും ചെയ്യാൻ മടിക്കാത്തവരും. ചൂതാട്ടം, ഓൺലൈൻ തട്ടിപ്പ് അടക്കം നിരവധി കേസുകൾ തന്നെ ഇവർക്കെതിരെ ഉണ്ടായിരുന്നു. അങ്ങനെ ഒരു ജില്ലയുടെ മുഴുവൻ പേരുടെയും പേടിസ്വപ്നമായി ഈ കുടുംബം മാറുകയായിരുന്നു. പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജിയും വ്യക്തമാക്കി.

അതേസമയം, സമാനമായ മറ്റ് കേസുകളിലും ചൈനയിൽ കടുത്ത നടപടികളുണ്ടായിട്ടുണ്ട്. അടുത്തിടെ, മുൻ കൃഷി, ഗ്രാമകാര്യ മന്ത്രി ടാങ് റെൻജിയാൻ കോഴക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. 2007 നും 2024 നും ഇടയിൽ 28 ദശലക്ഷം പൗണ്ടിലധികം (ഏകദേശം 240 കോടി രൂപ) കോഴ വാങ്ങിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. കിഴക്കൻ ജിലിൻ പ്രവിശ്യയിലെ ചാങ്‌ചുൻ ഇൻ്റർമീഡിയറ്റ് പീപ്പിൾസ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്.

കുടുംബത്തിൻ്റെ നേതൃത്വത്തിൽ നടന്ന ഈ വൻകിട ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ, തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവങ്ങളിലും പ്രതികളായവർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2023 നവംബറിൽ, അനധികൃത തട്ടിപ്പ് പ്രവർത്തനങ്ങൾക്കെതിരായുള്ള ശക്തമായ നടപടികളുടെ ഭാഗമായി മിങ് കുടുംബാംഗങ്ങൾക്കെതിരെ ചൈന അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, കൊലപാതകം, നിയമവിരുദ്ധമായി തടവിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഈ വിധി, അന്താരാഷ്ട്ര തലത്തിൽ വ്യാപിച്ചുകിടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ചൈനയുടെ ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നു. ഇത് ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്.