ന്യൂഡല്‍ഹി: പാക്കിസ്ഥാന് വീണ്ടും താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സര്‍ ക്രീക്കില്‍ പാക് സൈന്യം അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നു. പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ശക്തമായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി. സര്‍ ക്രീക്ക് വഴി കറാച്ചിയിലേക്ക് പോകാമെന്ന് പാക്കിസ്ഥാന്‍ ഓര്‍ക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യയിലെ ഗുജറാത്ത് - പാകിസ്താന്‍ അതിര്‍ത്തിയിലുള്ള ചതുപ്പ് മേഖലയാണ് സര്‍ ക്രീക്ക്. 96 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ മേഖലയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു എന്നാണ് പ്രതിരോധ മാന്തി രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താന്‍ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ തക്കതായ മറുപടി നല്‍കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഈ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്. ഇന്ത്യ സമാധാന ചര്‍ച്ചക്ക് തയ്യാറായപ്പോഴെല്ലാം പാക്കിസ്ഥാന്‍ അത് അവഗണിക്കുകയും പ്രകോപനം തുടരുന്ന സ്ഥിതിയുമാണുണ്ടായത്. സര്‍ ക്രീക്ക് വഴി കറാച്ചിയിലേക്ക് പോകാം എന്നും മന്ത്രിയുടെ താക്കീതില്‍ പറയുന്നു. 1965ല്‍ ഇന്ത്യന്‍ സൈന്യം കറാച്ചിയിലേക്ക് എത്തിയിരുന്നു, 2025ലും അവിടെ എത്താന്‍ പ്രയാസമില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ മേഖലയിലെ സര്‍ ക്രീക്കിലും കിഴക്കന്‍ മേഖലയിലെ ബ്രഹ്‌മപുത്ര നദീതടത്തിലും സുന്ദര്‍ബന്‍സിലും സൈനിക നിരീക്ഷണവും പ്രവര്‍ത്തന ശേഷിയും ഗണ്യമായി ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സേന നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സര്‍ ക്രീക്ക്, ബ്രഹ്‌മപുത്ര നദി, പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ ഡെല്‍റ്റ എന്നിവിടങ്ങളിലെ അതിശൈത്യമുള്ളതും ദുര്‍ഘടവുമായ പ്രദേശങ്ങളില്‍ വാഹനങ്ങളും, വസ്തുക്കളും എത്തിക്കുന്നതിനും, പട്രോളിംഗിനും, പരിമിതമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന റാന്‍ ഓഫ് കച്ചിലെ ചതുപ്പുനിലങ്ങളിലൂടെ അറബിക്കടലിലേക്ക് തുറക്കുന്ന 96 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയ ജലപാതയാണ് സര്‍ ക്രീക്ക്. തന്ത്രപ്രധാനമായ ഈ മേഖലയില്‍ പ്രതികൂല കാലാവസ്ഥയും വിഷപ്പാമ്പുകളടക്കമുള്ള ജീവികളുമുണ്ട്. പലപ്പോഴും പാകിസ്ഥാന്‍ മറൈന്‍സ് ഈ മേഖലയില്‍ ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) സമാനമായ ശക്തിയില്‍ മുന്‍കരുതല്‍ എടുത്തിരുന്നു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ അതിര്‍ത്തികളിലെ തന്ത്രപ്രധാനവും വെല്ലുവിളി നിറഞ്ഞതുമായ ഈ ജലപാതകളിലെ സുരക്ഷാ വെല്ലുവിളികള്‍ ഇന്ത്യ എന്നും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.