- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകള്‍ക്ക് ബിഷപ് ആകാന്‍ അനുമതി കിട്ടിയത് 11 വര്‍ഷം മുന്‍പ്; ഇപ്പോഴിതാ ആംഗ്ലിക്കന്‍ സഭയുടെ പോപ്പാകാന്‍ വനിതാ ബിഷപ്പ്; ആഴ്ച്ച ബിഷപ് ഓഫ് കാന്റര്ബാറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട സാറാ മുളാലി മുന്‍ നഴ്സും ചീഫ് നഴ്സിംഗ് ഓഫീസറും
ലണ്ടന്‍: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു വനിതയെ ആര്‍ച്ച്ബിഷപ്പ് ഓഫ് കാന്റര്‍ബറിയായി നിയമിച്ചു. മുന്‍ നഴ്സായ, ലണ്ടന്‍ ബിഷപ്പ് ഡെയിം സാറാ മുളേലിയെയാണ് പുതിയ ആര്‍ച്ച്ബിഷപ്പ് ഒഫ് കാന്റര്‍ബറിയായി നിയമിച്ചിരിക്കുന്നത്. ഒരു ലൈംഗിക പീഡന കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരില്‍ ജസ്റ്റിന്‍ വെല്‍ബി സ്ഥാനം ഒഴിഞ്ഞ ഏതാണ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 2014 ല്‍ സ്ത്രീകള്‍ക്ക് ബിഷപ്പ് ആകാന്‍ അനുമതി നല്‍കിയതിന് ശേഷം ഇതാദ്യമായാണ് ഒരു വനിത ആര്‍ച്ച്ബിഷപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
വരുന്ന ജനുവരിയില്‍ നടക്കുന്ന ഒരു ചടങ്ങിലായിരിക്കും ഇവരുടെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിക്കുക. പ്രഖ്യാപനം പുറത്തു വന്നതിനു ശേഷം നിയുക്ത ആര്‍ച്ച്ബിഷപ്പ് ഒരു പ്രാദേശിക പള്ളി സന്ദര്‍ശിച്ചു. അവിടെ ഭക്ഷണം പാക്ക് ചെയ്യുന്നതില്‍ സഹായിക്കുകയും ചെയ്തു. അതിനു ശേഷം കാന്റര്‍ബറി കത്തീഡ്രലില്‍ സംസാരിച്ച ഡെയിം സാറ, മുറിവേറ്റ ലോകത്ത് വിശ്വാസം മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞു. മാത്രമല്ല, മാഞ്ചസ്റ്ററിലെ സിനഗോഗില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.
യഹൂദ സമൂഹത്തോടൊപ്പം നിലകൊള്ളേണ്ടത് സഭാംഗങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ ഡെയിം സാറ, വെറുപ്പിനും വിവേചനത്തിനും മനുഷ്യ രാശിയെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞു. സഭയില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. അധികാര ദുര്‍വിനിയോഗം ചെറുക്കുമെന്നും ഡെയിം സാറ പറഞ്ഞു. പരസഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കുന്ന നിയമം, കുടിയേറ്റം, ദേശീയ അസ്തിത്വം എന്നീ വിഷയങ്ങളും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
എമന്‍ മുളാലിയാണ് 63 കാരിയായ നിയുക്ത ആര്‍ച്ച്ബിഷപ്പിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് കുട്ടികളൂമുണ്ട്. നഴ്സ് എന്ന നിലയില്‍ സറേയില്‍ തന്റെ തൊഴില്‍ ജീവിതം ആരംഭിച്ച ഇവര്‍ 1993 മുതല്‍ 2004 വരെ യു കെയുടെ ചീഫ് നഴ്സിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2005 ല്‍ ഇവര്‍ക്ക് ഡെയിം കമാന്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ബഹുമതി നല്‍കിയിരുന്നു.
2017 ല്‍ ലണ്ടനിലെ നൂറ്റിമുപ്പത്തി മൂന്നാമത്തെ ബിഷപ്പ് ആയി നിയോഗിക്കപ്പെടുന്നതിന് മുന്‍പ് 2015 മുതല്‍ മൂന്ന് വര്‍ഷക്കാലം ഇവര്‍ ക്രെഡിറ്റണ്‍ ബിഷപ്പായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടന്‍ ബിഷപ്പായി അവരോധിക്കപ്പെടുമ്പോള്‍ ഡെയിം സാറ സഭയില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിനും യോര്‍ക്ക് ആര്‍ച്ച്ബിഷപ്പിനും താഴെയായി സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
നേരത്തെ ചീഫ് നഴ്സിംഗ് ഓഫീസര്‍ എന്ന നിലയില്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ എന്‍ എച്ച് എസ്സ് നയരൂപീകരണ ഉപദേഷ്ടാവ് കൂടിയായിരുന്ന സാറയാണ് യൂറോപ്പിലെ തന്നെ ആദ്യത്തെ പേഷ്യന്റ് സര്‍വ്വേ സംഘടിപ്പിച്ചത്. ആരോഗ്യരംഗത്തെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കുന്നതിനുള്ളതായിരുന്നു ആ സര്‍വ്വേ. സ്വവര്‍ഗ്ഗരതിക്കാര്‍ക്കിടയിലെ വിവാഹങ്ങളെയും സിവില്‍ പാര്‍ട്ണര്‍ഷിപ്പിനെയും അനുഗ്രഹിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് സാറയായിരുന്നു.
2023 ല്‍ ഇത് അംഗീകരിക്കപ്പെട്ടു. ഇതോടെ സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് നിയമപരമായ വിവാഹം കഴിഞ്ഞാല്‍ ആംഗ്ലിക്കന്‍ സഭയ്ക്ക് കീഴിലെ പള്ളികളില്‍ പ്രാര്‍ത്ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാനുള്ള അനുമതി ലഭിച്ചു. മാത്രമല്ല, ദമ്പതിമാര്‍ എന്നതുപോലെ അവരെ അനുഗ്രഹിക്കുവാനും സഭ തയ്യാറായി. എന്നാലും, ആ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പള്ളികളില്‍ വിവാഹം കഴിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടില്ല.