- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് വിറ്റ ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരത്തെ ഏജന്റ്; അവിടെ നിന്ന് വാങ്ങി കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വിറ്റു; 25 കോടിയുടെ ആ ഭാഗ്യവാന് മരട് സ്വദേശി? ഒരു വര്‍ഷത്തില്‍ ലോട്ടറി ഏജന്റ് ലതീഷിന് അടിച്ചത് 26 കോടി രൂപ; തനിക്ക് ലഭിച്ച മഹഭാഗ്യമെന്ന് ലതീഷ്
തിരുവനന്തപുരം: തിരുവോണം ബമ്പറിന്റ ഫലം പുറത്തുവന്നതോടെ ഒന്നാം സമ്മാനമായ 25 കോടി നേടിയ ആ ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഇത്തവണ പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരത്തെ ഏജന്റ് അവിടെ നിന്ന് വാങ്ങി കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സീസ് ഉടമ തങ്കരാജനിലേക്കാണ് ആദ്യം ടിക്കറ്റ് എത്തിയത്. അവിടെ നിന്ന് കൊച്ചി നെട്ടൂരിലെ ലതീഷ് എന്ന ഏജന്റ് വാങ്ങി വിറ്റ ടിക്കറ്റിലെ സമ്മാന ജേതാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏവരും. മരട് സ്വദേശിയാണ് ഇദ്ദേഹം എന്നാണ് വിവരം. സ്ഥിരം ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്നയാളാണ് രതീഷ് എന്ന് ഭഗവതി ലോട്ടറി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 50 ലക്ഷം അടിച്ച ഭഗവതി ലോട്ടറീസില്‍ നിന്ന് ലോട്ടറി വാങ്ങിച്ച് വില്‍പ്പന നടത്തുന്ന ഏജന്റ് കാളിരാജിന് ഇത്തവണയും 50 ലക്ഷം അടിച്ചു.
ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആ ഭാഗ്യ ടിക്കറ്റ് വിറ്റഴിച്ചത് ലതീഷ് എന്ന ഏജന്റാണ്. കഴിഞ്ഞ 30 വര്‍ഷമായി ലോട്ടറി കച്ചവടവുമായി മുന്നോട്ട് പോകുന്ന തനിക്ക് ലഭിച്ച മഹഭാഗ്യമാണിതെന്ന് ലതീഷ് പറയുന്നു. 25 കോടി രൂപയില്‍ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. അതായത് 2.5 കോടി രൂപ. കമ്മീഷനെ കുറിച്ചുള്ള ചോദ്യത്തിന്, 'എന്റെ അറിവ് ശരിയാണെങ്കില്‍ പത്ത് ശതമാനം കിട്ടും. രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാന്‍ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാന്‍ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറങ്ങുന്നു. 25 കോടി എനിക്കടിച്ചാല്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും', എന്നാണ് ലതീഷ് രസകരമായി മറുപടി പറഞ്ഞത്. മലയാളികളാണ് തന്റെ കസ്റ്റമറുകളെന്നും ഇടയ്ക്ക് ഹിന്ദിക്കാര്‍ ടിക്കറ്റ് എടുക്കാറുണ്ടെന്നും ലതീഷ് പറയുന്നുണ്ട്.
30 കൊല്ലമായി ലോട്ടറി വില്‍പന തുടങ്ങിയിട്ടെന്നും ലതീഷ് പറയുന്നു. ഈ വര്‍ഷം തന്നെ ദിവസേന ലോട്ടറികളുടെ ഒന്നാം സമ്മാനമടക്കം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. 'മൂന്ന് മാസം മുന്‍പ് ഞാന്‍ വിറ്റ ടിക്കറ്റിന് 1 കോടി രൂപ അടിച്ചിരുന്നു. ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയപ്പോള്‍, എനിക്ക് നാണക്കേട് തോന്നിയിരുന്നു. ഇത് ശരിയാവില്ല നിര്‍ത്തണമെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ 26 കോടി രൂപ(വിറ്റ ടിക്കറ്റിന്) എനിക്കടിച്ചു. ഇനിയാരും ഈ ജോലി നിര്‍ത്താന്‍ പറയില്ല', എന്നും ലതീഷ് മനസുനിറഞ്ഞ് പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷവും ഒന്നാം സമ്മാനം പോയത് കേരളത്തിന് പുറത്തേക്കാണ്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലേക്കും 2023ല്‍ തമിഴ്‌നാട്ടിലേക്കുമാണ് തിരുവോണം ബംപറടിച്ചത്. 75 ലക്ഷം ടിക്കറ്റുകള്‍ ആണ് ലോട്ടറി വകുപ്പ് വിറ്റത്. 14.07 ലക്ഷത്തിലേറെ ടിക്കറ്റുകളുമായി പാലക്കാട് ആണ് ഇത്തവണയും വില്‍പനയില്‍ മുന്‍പന്തിയില്‍. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പരമ്പരകള്‍ക്ക് എന്നിങ്ങനെയാണ് പ്രധാന സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ GST നിരക്കുകള്‍ നിലവില്‍ വന്നതും, മഴയും കാരണം കടകളില്‍ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയ സാഹചര്യത്തിലാണ് ഇന്നേക്ക് നറുക്കെടുപ്പ് മാറ്റിയത്.
25 കോടിയുടെ ഓണം ബംപര്‍ അടിക്കുമ്പോള്‍ എത്ര രൂപയാണ് ഭാഗ്യവാന് ലഭിക്കുന്നത് നികുതിയും കമ്മിഷനും കഴിഞ്ഞ് എത്ര കോടി മിച്ചമുണ്ടാകും കണക്കുകള്‍ ഇങ്ങനെയാണ്: സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സിക്ക് കമ്മിഷന്‍ ഇനത്തില്‍ രണ്ടരക്കോടി രൂപ ലഭിക്കും. കേന്ദ്രസര്‍ക്കാരിന് ആദായ നികുതിയിനത്തില്‍ 6.75 കോടി രൂപയും നല്‍കണം. സമ്മാനത്തുകയില്‍ നിന്ന് ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുകയില്ല എന്നതാണ് വസ്തുത. ബംപറടിച്ച ഭാഗ്യവാന് കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ കയ്യില്‍ കിട്ടുന്നത് 15.75 കോടി രൂപയാണ്. കേന്ദ്രത്തിന് ടിക്കറ്റൊന്നിന് ജിഎസ്ടി ഇനത്തില്‍ മാത്രം 56 രൂപ ലഭിക്കും. 40.32 കോടി രൂപ ആകെ ജിഎസ്ടി ഇനത്തില്‍ മാത്രം കേന്ദ്രസര്‍ക്കാരിലേക്ക് എത്തുമെന്നാണ് കണക്ക്. സമ്മാനങ്ങള്‍ക്കുള്ള ആദായ നികുതിയായി ചുരുങ്ങിയത് 15 കോടി രൂപയും കിട്ടും. ഏകദേശം 55 കോടി രൂപ കേന്ദ്രസര്‍ക്കാരിന് മാത്രം ലഭിക്കും.