കാന്‍ചനാബുരി: തായ്ലന്‍ഡില്‍ നിയമവിരുദ്ധമായി വളര്‍ത്തിയ പെണ്‍്‌സിംഹത്തിന്റെ ആക്രമണത്തില്‍ 11 വയസ്സുകാരന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി കന്‍ചനാബുരി പ്രവിശ്യയിലാണ് സംഭവം. 'മഹേസീ' എന്ന് പേരുള്ള ഒരു വയസ്സുള്ള പെണ്‍സിംഹമാണ് ചങ്ങലയില്‍ നിന്ന് മോചിതയായി തെരുവിലിറങ്ങി ആക്രമണം നടത്തിയത്. സിംഹം ഓടുന്നതിനിടെയാണ് കുട്ടിയെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാത്രി 9.15 ഓടെയാണ് സംഭവം നടന്നതെന്ന് സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍സിംഹം ഓടുന്നതുകണ്ട് പരിഭ്രാന്തരായ നാട്ടുകാര്‍ ചിതറിയോടി. കുട്ടികളും സംഘവും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍സിംഹം 11 വയസ്സുള്ള അര്‍ത്ഥിത് ന്യൂവാങ്നുയിയുടെ നേര്‍ക്ക് ചാടി വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ആക്രമണം നടത്തിയെങ്കിലും സമീപവാസിയായ സരവുത് ടോകായോ (43) ധീരമായി ഇടപെട്ട് സിംഹത്തിന്റെ തലയില്‍ പലതവണ അടിച്ചു. ഇതോടെ പെണ്‍സിംഹം കുട്ടിയെ വിട്ട് ഓടിപ്പോയി.

ഈ സംഭവത്തില്‍ സരവുത് ടോകായോയ്ക്കും കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സിംഹത്തിന്റെ ഉടമയായ 32 വയസ്സുള്ള പാരി പാര്‍ക്ക്പൂം സ്ഥലത്തെത്തി. പിറ്റേദിവസം വന്യജീവി ഉദ്യോഗസ്ഥര്‍ പാരിന്യയുടെ വീട്ടിലെത്തി മഹേസീയെ മയക്കുവെടി വെച്ച് പിടികൂടി. നിയമവിരുദ്ധമായി വന്യജീവികളെ വളര്‍ത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ സംഭവം.

വന്യജീവി സംരക്ഷണ, വന്യജീവി സംരക്ഷണം എന്നീ നിയമങ്ങളുടെ 15-ാം വകുപ്പ് ലംഘിച്ചതിന് ഉടമ പാരിന്യക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ വകുപ്പ് പ്രകാരം 50,000 ബട്ട് (ഏകദേശം 1,150 പൗണ്ട്) വരെ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കാം. ഇത്തരം അപകടകരമായ ജീവികളെ വളര്‍ത്തുന്നവര്‍ക്ക് ഇത് പാഠമാകുമെന്ന് വന്യജീവി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അട്ടപോള്‍ ചരോന്‍ചാന്‍സ പറഞ്ഞു.