- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് പറഞ്ഞു; പിന്നീട് അത് മാറ്റി; തിരുവാഭരണ കമ്മീഷണറുടെ ഈ നിലപാട് മാറ്റം ദേവസ്വം 'ഉന്നതന്റെ' ഭീഷണിയില്‍! ഈ എട്ടു ദിവസ നിറമാറ്റം അന്വേഷണ പരിധിയില്‍; ദേവസ്വം കരുക്കിലേക്ക്
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രതിസ്ഥാനത്ത് തന്നെ. ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന രേഖകളും കോടതി നിരീക്ഷണങ്ങളും തെളിവുകളും പുറത്തുവരുന്നത് ഇടതു സര്‍ക്കാരിനും വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ കരുതലോടെ ഈ വിഷയത്തെ നേരിടാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.
കാണാതായ സ്വര്‍ണപ്പാളിയില്‍ വീണ്ടും സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ രൂക്ഷവിമര്‍ശനം കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിലുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥന്‍ നിലപാട് മാറ്റിയതിലും, ചട്ടങ്ങള്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍ സന്നിധാനത്തിനു പുറത്തേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചതിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കേസില്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും ഇടതുമുന്നണിയുടെ പ്രതിനിധികളായ അംഗങ്ങളും അടങ്ങുന്ന സമിതിക്കെതിരേ കുരുക്കു മുറുകുകയാണ്. ഈ സാഹചര്യത്തില്‍ കാലാവധി തീരാന്‍ പോകുന്ന പ്രസിഡന്റ് പ്രശാന്തിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും പ്രതിസന്ധിയിലാകും.
വിവാദം അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഇറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ചു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുള്ളത്. ദേവസ്വം ബോര്‍ഡ് യോഗത്തിലും ഇതു സംബന്ധിച്ച ചര്‍ച്ചയുണ്ടായി. ഹൈക്കോടതി നിയോഗിച്ച കമ്മീഷണറെ അറിയിക്കാതെ ദ്വാരപാലക ശില്പങ്ങള്‍ കൊണ്ടുപോയത് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലുണ്ടായിരുന്നു. തിരുവാഭരണം കമ്മീഷണറുടെ നിലപാട് മാറ്റവും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായകമാകും. ജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിനു നിലവിലെ സ്വര്‍ണപ്പാളി ഇളക്കിമാറ്റാന്‍ സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പരമ്പരാഗത രീതിയില്‍ സ്വര്‍ണം പൂശാന്‍ 303 ഗ്രാം സ്വര്‍ണം ആവശ്യമുണ്ടെന്നും വ്യക്തമാക്കി തിരുവാഭരണം കമ്മീഷണര്‍ കത്തു നല്‍കിയിരുന്നു.
എട്ടു ദിവസത്തിനകം, സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവാഭരണ കമ്മീഷണര്‍ തന്റെ മുന്‍ നിലപാട് മാറ്റി. സ്വര്‍ണം പൂശുന്നതിനായി പാളികള്‍ ചെന്നൈയിലെ അതേ സ്ഥാപനത്തിലേക്കു കൊണ്ടു പോകാമെന്നു ശുപാര്‍ശ ചെയ്തു. ഇതിന് പിന്നില്‍ ദേവസ്വം ഉന്നതന്റെ ഇടപെടലാണ്. തിരുവാഭരണ കമ്മീഷണര്‍ സത്യം ക്രൈംബ്രാഞ്ചിനോട് പറഞ്ഞാല്‍ ബോര്‍ഡ് ആകെ കുടുങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പല ആവശ്യങ്ങളും നേരത്തേയും ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. 18000 നെയ് തേങ്ങാ അഭിഷേകത്തിന് അനുമതി നല്‍കിയത് ഇതേ ബോര്‍ഡാണ്. ഈ സാഹചര്യത്തില്‍ തിരുവാഭരണ കമ്മീഷണര്‍ സത്യം പറഞ്ഞാല്‍ ബോര്‍ഡ് പ്രതിസന്ധിയിലാകും. തിരുവാഭരണ കമ്മീഷണറുടെ മലക്കംമറിച്ചിലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. സ്വര്‍ണം പൂശുന്ന നടപടി വേഗത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശിച്ചതായി വ്യക്തമാക്കുന്ന തിരുവാഭരണം കമ്മീഷണറുടെ മറ്റൊരു കത്തിന്റെ രേഖകളും പുറത്തു വന്നു. ഓഗസ്റ്റ് 21ന് അയച്ച ഈ കത്തില്‍, സ്‌പോണ്‍സര്‍ ഏല്‍പ്പിച്ച പ്രവൃത്തി വേഗത്തിലാക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതായി പറയുന്നു.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെക്കൂടാതെ, വിജിലന്‍സ് റിപ്പോര്‍ട്ട് വരുന്നതോടെ നാല് ഉന്നത ഉദ്യോഗസ്ഥരെ ക്കൂടി സസ്‌പെന്‍ഡ് ചെയ്യുമെന്നു സൂചനയുണ്ട്. എന്നാല്‍, ബോര്‍ഡ് തീരുമാനങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നതെന്ന ബൈലോ നിര്‍ദേശം, ക്രമക്കേട് നടന്ന കാലയളവിലെ ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പങ്കും ബോര്‍ഡ് യോഗങ്ങളുടെ മിനിറ്റ്‌സും അടക്കം പരിശോധിക്കുന്ന നടപടികളിലേക്കു കടക്കാന്‍ ഇടയാക്കുമെന്നാണു വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വലിയ പ്രതിസന്ധിയിലേക്ക് പോകും.
സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത് എത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാര്‍ ഐപിഎസ്സുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആണ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം നന്ദന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയത്. കൈപ്പമംഗലം സിഐ ബിജു രാധാകൃഷ്ണന്‍, വാകത്താനം സിഐ അനീഷ് എന്നിവരാണ് അന്വേഷണത്തിനായി എത്തിയത്. ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്ഐടിക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണ പുരോഗതികള്‍ വിലയിരുത്തുകയും അവരുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ആരായുകയും ചെയ്തു. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ എസ്ഐടി ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കോടതിയുടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ കൂടി വന്നശേഷം ശനിയാഴ്ചയോടെ ആയിരിക്കും വിശദമായ അന്വേഷണം ആരംഭിക്കുക.